KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

സെമികേഡർ രീതിയിലേക്ക് കേരള കോൺഗ്രസ് (എം); പാർട്ടിയിൽ അനുഭാവികൾക്ക് ഓൺലൈനായി അംഗത്വം നേടുവാൻ അവസരം

കേരള കോൺഗ്രസ് (എം) നെ രാഷ്ട്രീയമായും സംഘടനാപരമായും ശക്തിപ്പെടുത്തുന്നതിനും പാർട്ടിയുടെ ബഹുജന അടിത്തറ വർധിപ്പിക്കുന്നതിനുമായി പാർട്ടി ഭരണഘടന ഭേദഗതി ചെയ്യാൻ സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിച്ചതായി ചെയർമാൻ ജോസ് കെ.മാണി പറഞ്ഞു.

കൂടുതല്‍ ജനവിഭാഗങ്ങള്‍ക്കിടയിൽ പാര്‍ട്ടിയുടെ സ്വാധീനം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഓണ്‍ലൈനായി സ്വീകരിക്കാവുന്ന സാധാരണ അംഗത്വം, കൂടുതല്‍ കേഡര്‍മാരെ കണ്ടെത്തുന്നതിനായി സജീവ അംഗത്വം എന്നീ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ട് മെംബര്‍ഷിപ്പില്‍ വരുത്തിയ ഭേദഗതിയാണ് ഏറ്റവും പ്രധാനം. ലോകത്തിന്റെ ഏത് ഭാഗത്തുള്ള കേരള കോണ്‍ഗ്രസ് (എം) അനുഭാവികള്‍ക്കും ഓണ്‍ലൈനായി സാധാരണ അംഗത്വം നേടാം. സജീവ അംഗത്വമുള്ളവര്‍ക്ക് മാത്രമേ പാര്‍ട്ടിയുടെ സംഘടനാ തിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാനും മത്സരിക്കാനും ഭാരവാഹിയാകാനും കഴിയൂ.

കെ.എം.മാണി സ്മൃതി ദിനമായ ഏപ്രില്‍ 9 എല്ലാ വർഷവും കാരുണ്യ ദിനമായി ആചരിക്കാനും തീരുമാനിച്ചു.

താഴെ തട്ടുമുതലുള്ള പാര്‍ട്ടി കമ്മിറ്റികളെ ചലനാത്മകമാക്കുന്നതിനും, പാര്‍ട്ടി ഭാരവാഹികള്‍ക്ക് സംഘടനാപരമായി കൂടുതല്‍ ഉത്തരവാദിത്വം നല്‍കുന്നതിനും ഭരണഘടനാ ഭേഗഗതി ലക്ഷ്യമിടുന്നു. വാര്‍ഡ് കമ്മിറ്റി മുതല്‍ സംസ്ഥാന ഉന്നതാധികാര സമിതി വരെയുള്ള വിവിധ പാര്‍ട്ടി ഘടകങ്ങളിലെ അംഗങ്ങളുടെയും ഭാരവാഹികളുടെയും എണ്ണം മുൻപുണ്ടായിരുന്നതില്‍നിന്നും കുറയ്ക്കുന്നതിനും തീരുമാനിച്ചു. നിലവില്‍ 111 അംഗങ്ങളുണ്ടായിരുന്ന സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റിയില്‍ ഇനി 91 പേര്‍ മാത്രമേ ഉണ്ടാകൂ. സംസ്ഥാന ജനറല്‍ സെക്രട്ടറിമാരുടെ എണ്ണം 25 ല്‍നിന്നും 15 ആയി കുറയ്ക്കാനും സംസ്ഥാന എക്‌സിക്യൂട്ടീവിന്റെ പേര് സംസ്ഥാന സെക്രട്ടേറിയറ്റ് എന്നാക്കാനും തീരുമാനിച്ചു.

അടിസ്ഥാന ജനവിഭാഗങ്ങളുടെ പ്രാതിനിധ്യം പാര്‍ട്ടിയില്‍ ഉറപ്പുവരുത്തുന്നതിനായി വാര്‍ഡുതലം മുതല്‍ ഭാരവാഹികളില്‍ പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളുടെ പ്രാതിനിധ്യം ഉറപ്പുവരുത്തും. കൂടുതല്‍ സ്ത്രീകളെ സംഘടനാരംഗത്ത് കൊണ്ടുവരാൻ വിവിധ കമ്മിറ്റികളില്‍ വനിത പ്രതിനിധ്യം ഉറപ്പുവരുത്താനും തീരുമാനമായി. പാർട്ടിയിൽ സംഘടനാ തിരഞ്ഞെടുപ്പ് ആരംഭിക്കും. മെംബര്‍ഷിപ് പ്രവര്‍ത്തനം പൂര്‍ത്തിയാകുന്ന മുറയ്ക്ക് വാര്‍ഡുതലം മുതലുള്ള സംഘടനാ തിരഞ്ഞെടുപ്പിന്റെ സമയക്രമം നിശ്ചയിക്കും. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും ഇടയില്‍ പ്രവര്‍ത്തനം ശക്തിപ്പെടുത്താൻ കൂടുതല്‍ പോഷക സംഘടനകളും ഫോറങ്ങളും രൂപീകരിക്കും. സംസ്‌കാരവേദി, കേരള കോണ്‍ഗ്രസ് പ്രഫഷനല്‍സ് ഫോറം, കേരള പ്രവാസി കോണ്‍ഗ്രസ് (എം), എക്‌സ് സര്‍വീസ്‌മെന്‍ ഫോറം, കേരള സഹകാരി ഫോറം എന്നിവ പുതുതായി രൂപീകരിക്കും.

കെ.എം.മാണിയുടെ പേരില്‍ സാമൂഹിക ജലസേചന പദ്ധതി പ്രഖ്യാപിച്ച സര്‍ക്കാരിനെയും ജലസേചന മന്ത്രി റോഷി അഗസ്റ്റിനേയും യോഗം അഭിനന്ദിച്ചു. കേരളത്തില്‍ കോവിഡ് വാക്‌സീന്‍ പ്രതിസന്ധി സൃഷ്ടിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തില്‍ യോഗം പ്രതിഷേധം രേഖപ്പെടുത്തി. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഫലപ്രദമായി വാക്‌സീന്‍ വിതരണം ചെയ്യുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിക്കുമ്പോഴും കേരളത്തിന് ആവശ്യമായ വാക്‌സീന്‍ നല്‍കാന്‍ തയാറാകാത്ത കേന്ദ്ര സര്‍ക്കാര്‍ നടപടിയെ യോഗം അപലപിച്ചു.

ചെയര്‍മാന്‍ ജോസ് കെ.മാണിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മന്ത്രി റോഷി അഗസ്റ്റിന്‍, ചീഫ് വിപ് എന്‍.ജയരാജ്, തോമസ് ചാഴിക്കാടന്‍ എംപി, സ്റ്റീഫന്‍ ജോര്‍ജ്, എംഎല്‍എമാരായ ജോബ് മൈക്കിള്‍, പ്രമോദ് നാരായണ്‍, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, സംസ്ഥാന ഭാരവാഹികള്‍, ജില്ലാ പ്രസിഡന്റുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!