ദേശീയപതാകയെ അവഹേളിച്ചെന്ന് പരാതി
പൊൻകുന്നം: ദേശീയപതാകയെ അവഹേളിച്ച ചിറക്കടവ് പഞ്ചായത്തംഗം സുമേഷ് ആൻഡ്രൂസിനെതിരേ നടപടിയെടുക്കണമെന്ന് യു.ഡി.എഫ്. മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ഇടത്തംപറമ്പ് 32-ാം നമ്പർ അങ്കണവാടിയിൽ ദേശീയ പതാക തലതിരിച്ചുയർത്തി നിയമലംഘനം നടത്തിയ അംഗത്തിനെതിരേ പൊൻകുന്നം പോലീസിൽ പരാതി നൽകി. മണ്ഡലം ചെയർമാൻ ലാജി മാടത്താനിക്കുന്നേൽ കൺവീനർ ജയകുമാർ കുറിഞ്ഞിയിൽ, ജോയിൻറ് കൺവീനർ അബ്ദുൾ റസാക്ക് എന്നിവർ ചേർന്നാണ് പരാതി നൽകിയത്.
അങ്കണവാടിയിൽ ദേശീയപതാക ഉയർത്താനെത്തിയപ്പോൾ അതിനുള്ളിൽ പൂക്കൾ നിറച്ച് കൊടിമരത്തിൽ ചുരുട്ടിവെച്ചിരിക്കുകയായിരുന്നുവെന്ന് പഞ്ചായത്തംഗം സുമേഷ് ആൻഡ്രൂസ് പറഞ്ഞു. തലതിരിച്ചാണ് കെട്ടിയതെന്ന് മനസ്സിലായിരുന്നില്ല. ഉയർത്തിയപ്പോൾ തെറ്റ് കണ്ട് താൻ തന്നെയാണ് മറ്റുള്ളവരോട് സൂചിപ്പിച്ച് ശരിയായ വിധം പിന്നീട് പതാക ഉയർത്തി കെട്ടിയതെന്നും വിശദീകരിച്ചു.
