KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

അപ്പു ആശാന് ഒരു ഓണക്കോടി

 

അപ്പു ആശാന്റെ ശിഷ്യർ വേലകളിയിൽ (ഫയൽ ഫോട്ടോ)

അപ്പു ആശാന് ‘എന്റെ നാട് ചിറക്കടവ്’ കൂട്ടായ്മ പുരസ്‌കാരവും ഓണക്കോടിയും പൊന്നാടയും സമ്മാനിച്ചപ്പോൾ

ഇത് ചിറക്കടവിന്റെ കടമ

ചിറക്കടവ്: ജീവിതത്തിന്റെ നല്ലകാലം മുഴുവൻ നാടിന് അറിവും കലയും സമ്മാനിച്ച ആചാര്യൻ. ചിറക്കടവിന്റെ പ്രിയപ്പെട്ട ഗുരുവിന് ഒരു ഓണക്കോടിയും പൊന്നാടയും ശിൽപ്പവും സമ്മാനിച്ച് നാട്. വിദ്യ പകരുന്നത് പ്രതിഫലേച്ഛയില്ലാത്ത കർമമായി മാത്രം കരുതി 75-ാം വയസ്സിലും തന്റെ നിയോഗം തുടരുന്ന കുഴിപ്പള്ളാത്ത് കെ.എസ്.ഗോപാലകൃഷ്ണപിള്ള എന്ന അപ്പുആശാനെ ചിറക്കടവ് ഗ്രാമത്തിലെ രണ്ടായിരത്തിലേറെ പേർ അംഗങ്ങളായ ‘എന്റെ നാട് ചിറക്കടവ്’ എന്ന ഫെയ്‌സ് ബുക്ക് കൂട്ടായ്മയാണ് ആദരിച്ചത്. 

അപ്പു ആശാൻ നിലത്തെഴുത്തുകളരിയിലൂടെ വർഷങ്ങളോളം ചിറക്കടവിലെ തലമുറകൾക്ക് അക്ഷരം പകർന്നുനൽകി. ചിറക്കടവ് മഹാദേവ ക്ഷേത്രത്തിലെ മതപാഠശാലയിലൂടെ സനാതനധർമപ്രചാരകനും ഗുരുവുമായി. പിന്നെ, ചിറക്കടവിന്റെ പ്രൗഢി ദേശാന്തരങ്ങളിലേക്കെത്തിച്ച വേലകളി എന്ന അനുഷ്ടാനകലയുടെ ആചാര്യനായി. അയ്യപ്പൻ പന്തള രാജകുമാരനായ മണികണ്ഠനായിരിക്കെ ചിറക്കടവിൽ ആയോധനകല അഭ്യസിച്ചുവെന്ന ഐതിഹ്യത്തിന്റെ തുടർച്ചയായി കരുതുന്ന വേലകളി ചിറക്കടവ് മഹാദേവക്ഷേത്രത്തിലെ ഉത്സവത്തിന്റെ പ്രധാന ചടങ്ങാണ്. 

ഇപ്പോഴും എല്ലാ വർഷവും ചിറക്കടവിലെ പുതുതലമുറ ആശാന്റെ തെക്കുംഭാഗം മഹാദേവ വേലകളിസംഘത്തിന്റെ കളരിയിൽ വേലകളി അഭ്യസിക്കുന്നു. അവശതകൾ മൂലം കളരിയിൽ ചുവടുവെച്ച് കുട്ടികളെ പഠിപ്പിക്കാനാവുന്നില്ല. എങ്കിലും ആശാന്റെ സാന്നിധ്യത്തിൽ ശിഷ്യർ പുതിയ തലമുറയിലേക്ക് വിദ്യ പകരും. ഓരോ ചുവടിലും താളത്തിലും പിഴവ്‌ കണ്ടാൽ കർക്കശക്കാരനായ ഗുരുവായി മാറും ഇദ്ദേഹം.

പഴയ തലമുറയിൽ കൊച്ചുകുഞ്ഞാശാനും കൃഷ്ണനാശാനുമായിരുന്നു ചിറക്കടവിലെ വേലകളി ഗുരുക്കന്മാർ. 

കൊച്ചുകുഞ്ഞാശാനിൽനിന്നാണ് അപ്പു ആശാൻ അഭ്യസിച്ചത്. പിന്നീട് നൂറുകണക്കിന് ശിഷ്യർക്ക് കല പകർന്നുനൽകിയ ഇദ്ദേഹം ഫോക്‌ലോർ അക്കാദമിയുടെ പുരസ്‌കാരത്തിനും അർഹനായി.

error: Content is protected !!