പരാതി കിട്ടി പത്തുമിനിട്ടിനുള്ളിൽ, നഷ്ട്ടപെട്ട സാധനം കണ്ടെത്തി എരുമേലി പോലീസ് വീണ്ടും മികവ് തെളിയിച്ചു.
എരുമേലി : കേരളത്തിലെ ഏറ്റവും മികച്ച പോലീസ് സ്റ്റേഷനുകളിൽ ഒന്നായ എരുമേലി പോലീസ് വീണ്ടും കൈയടി നേടുന്നു. ബിവറേജിൽ പോകവേ കൈയിൽ നിന്നും നഷ്ടപ്പെട്ടുപോയ റേഷൻ കാർഡ്, പോലീസിൽ പരാതി കിട്ടി പത്തുമിനിട്ടിനുളളിൽ കണ്ടെത്തുവാൻ സാധിച്ചു. ക്യാമറയിലൂടെ കാർഡ് നഷ്ട്ടപെട്ടത് നിരീക്ഷിച്ച് , അത് എടുത്തുകൊണ്ടു സ്കൂട്ടറിൽ പോയ ആളുടെ വിവരങ്ങൾ അന്വേഷിച്ച് അയാളെ പിന്തുടർന്ന്, അസാമാന്യ മികവോടെയാണ് പോലീസ് കാർഡ് കണ്ടെത്തിയത്. എരുമേലി ഹൈടെക് സെല്ലിന്റെ സഹായത്തോടെ, സർക്കിൾ ഇൻസ്‌പെക്ടർ മനോജ് എമ്മിന്റെ നേതൃത്വത്തിലാണ് കുറഞ്ഞസമയത്തിനുള്ളിൽ പരാതിയ്ക്ക് പരിഹാരം കണ്ടെത്തി എരുമേലി പോലീസ് ചരിത്രം കുറിച്ചത് . അസാധ്യമെന്ന് കരുതിയ കാര്യം സാധ്യമായതിന്റെ അമ്പരപ്പിലും, ആഹ്ലദത്തിലുമാണ് പരാതിക്കാരൻ
സംഭവം ഇങ്ങനെ : തിങ്കളാഴ്ച രാവിലെ മണിപ്പുഴ സ്വദേശി, കൊരട്ടി ബീവറേജിൽ എത്തി മദ്യം വാങ്ങിയ ശേഷം തിരികെ പോയ സമയത്തു കൈയിൽ നിന്നും റേഷൻ കാർഡ് നഷ്ടപെട്ടു. മദ്യം വാങ്ങിയ ശേഷം റേഷൻ വാങ്ങുവാൻ കടയിൽ എത്തിയപ്പോഴാണ് കാർഡ് നഷ്ട്ടപെട്ട വിവരം അറിയുന്നത്. പരിഭ്രാന്തനായ അയാൾ തിരികെയെത്തി വഴിനീളെ അന്വേഷിച്ചുവെങ്കിലും കണ്ടെത്തുവാനായില്ല.
തുടർന്ന് എരുമേലി പോലീസ് സ്റ്റേഷനിൽ എത്തി സർക്കിൾ ഇൻസ്‌പെക്ടർ മനോജ് എമ്മിന് പരാതി നൽകുകയായിരുന്നു. ഉടനെത്തന്നെ ഇൻസ്‌പെക്ടർ സ്റ്റേഷനിലെ ഹൈടെക് കൺട്രോൾ റൂമിലെതി സിപിഒ അനീഷ് കെ എന്നിന് ഒപ്പം ടൗണിലെ സിസിടിവി ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ചു.
പരിശോധയിൽ കൊരട്ടിയിലെ ബീവറേജിന്റെ മുൻപിൽ നിന്നും പരാതിക്കാരന്റെ കൈയിൽ നിന്നും റേഷൻ കാർഡ് താഴെ വീഴുന്ന ദൃശ്യങ്ങൾ കണ്ടെത്തി. എന്നാൽ അത് ആശ്വസിക്കുവാനുള്ള വക നൽകിയില്ല. കുറച്ചു സമയം കഴിഞ്ഞപ്പോൾ, മദ്യം വാങ്ങുവാൻ സ്കൂട്ടറിൽ എത്തിയ ഒരാൾ , താഴെ കിടന്നിരുന്ന റേഷൻ കാർഡ് കൈയിൽ എടുക്കുകയും, തുടർന്ന് സ്കൂട്ടറിൽ കയറി പോകുന്നതിന്റെയും ദൃശ്യങ്ങളും തെളിഞ്ഞു.
അതോടെ കാർഡ് ഇനി തിരിച്ചു കിട്ടുവാൻ സാധ്യതയില്ലെന്ന് മനസ്സിലാക്കിയ പരാതിക്കാരൻ നിരാശനായെങ്കിലും, കൂർമ്മബുദ്ധിയുള്ള പോലീസ് ഉദ്യോഗസ്ഥർ കീഴടങ്ങുവാൻ തയ്യാറായില്ല. ഓടിച്ചുപോയ സ്കൂട്ടറിന്റെ നമ്പർ ക്യാമറയിലൂടെ കണ്ടെത്തി, ഉടൻതന്നെ ട്രാഫിക് പോലീസിന്റെ സഹായത്തോടെ സ്കൂട്ടറിന്റെ ഉടമസ്ഥന്റെ ഫോൺ നമ്പർ കണ്ടെത്തി പോലീസ് അയാളെ വിളിച്ചു. കനക്കപ്പലത്ത് താമസിക്കുന്ന അയാൾ തന്റെ കൈയിൽ കളഞ്ഞുകിട്ടിയ റേഷൻ കാർഡ് ഇരുപ്പുണ്ടെന്ന് അറിയിച്ചു. അതെങ്ങനെ പോലീസിന് മനസ്സിലായി എന്ന അമ്പരപ്പിൽ ആയിരുന്നു അയാൾ. എന്തായാലും, പത്തുമിനിട്ടിനുള്ളിൽ അയാൾ സ്റ്റേഷനിൽ ഹാജരായി റേഷൻ കാർഡ് പോലീസിന് കൈമാറി. തുടർന്ന് സിഐ കാർഡ് പരാതിക്കാരനെ തിരികെ ഏൽപ്പിച്ചു .
വഴിയിൽ കിടുന്ന് കിട്ടിയ റേഷൻ കാർഡ്, പോലീസിൽ ഏൽപ്പിക്കാതെ, എന്തിനാണ് വീട്ടിൽ കൊണ്ടുപോയത് എന്ന സിഐയുടെ ചോദ്യത്തിന് ഒരു ചമ്മിയ ചിരിയായിരുന്നു അയാളുടെ മറുപടി.
എരുമേലി പോലീസ് സ്റ്റേഷനിലെ ഹൈടെക് സെല്ലിലെ ക്യാമറകൾക്കൊപ്പം, പോലീസിന്റെ കൂർമ്മബുദ്ധി കൂടി ഉണർന്ന് പ്രവർത്തിച്ചപ്പോൾ, അസാധ്യമെന്ന് പരാതിക്കാരൻ കരുതിയ സംഭവം സാധ്യമായി. പരാതി കിട്ടിയതിനു ശേഷം വെറും പത്തുമിനിട്ടിനുള്ളിൽ നഷ്ട്ടപെട്ട സാധനം കണ്ടെത്തി എരുമേലി പോലീസ് ചരിത്രം കുറിച്ചു. എരുമേലി ടൗണിലും പരിസരത്തും നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി ഹൈടെക് ക്യാമറകൾ ഉൾപ്പെടെ 52 ക്യാമറകള്‍ സ്ഥാപിച്ച് 24 മണിക്കൂറും നിതാന്ത ജാഗ്രതയോടുകൂടി കുറ്റകൃതൃങ്ങള്‍ തടയുന്നതിൽ എരുമേലി പോലീസ് ഏറെ മുന്നിലാണ്.
എരുമേലിയിൽ മുൻപ് എസ്ഐയായി സേവനം ചെയ്തിട്ടുള്ള മനോജ് എം, സിഐയായി തിരികെ എത്തിയശേഷം, ചുരുങ്ങിയ കാലത്തിനുള്ളിൽ പ്രമാദമായ നിരവധി കേസുകൾക്ക് പരിഹാരമുണ്ടാക്കിയിട്ടുണ്ട്. ചേനപ്പാടിയിൽ മുഖംമൂടി ധരിച്ചെത്തിയ അജ്ഞാതർ 12 വയസ്സുകാരനെ തട്ടിക്കൊണ്ടുപോയെന്ന പരാതിയിൽ, നാടാകെ പരിഭ്രാന്തിയിലായപ്പോൾ, ആ കേസിലെ കള്ളത്തരം പൊളിച്ച് നാടിന് ആശ്വാസം നൽകിയത് സിഐ മനോജാണ് .
കഴിഞ്ഞ പ്രളയകാലത്ത് സ്റ്റേഷന്‍ പരിധിയില്‍ ദുരിതമനുഭവിച്ചവര്‍ക്ക് ചെയ്ത മികച്ച സേവനങ്ങള്‍ , പോലീസ് സ്‌റ്റേഷനില്‍ എത്തുന്ന സ്ത്രീകള്‍ക്കും വിശ്രമിക്കുന്നതിനും ,കുട്ടികള്‍ക്ക് വിനോദങ്ങളില്‍ ഏര്‍പ്പെടുന്നതിനും മറ്റുമായി ഏർപ്പെടുത്തിയ പ്രത്യേക സംവിധാനം , പരാതിയുമായി പോലീസ് സ്റ്റേഷനില്‍ എത്തുന്നവര്‍ക്ക് മികച്ച സേവനം ഉറപ്പാക്കൽ, പാസ് പോര്‍ട്ട് വെരിഫിക്കേഷന്‍ ,പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കേറ്റ് എന്നിവ സംബന്ധിച്ച സേവനം ഏറ്റവും ചുരുങ്ങിയ സമയത്തിനുള്ളില്‍ പൂര്‍ത്തികരിക്കുക ,
സ്റ്റേഷന്‍ പരിധിയില്‍ റിപ്പോര്‍ട്ടായ കുറ്റകൃത്യങ്ങള്‍ കുറഞ്ഞ സമയത്തിനുള്ളില്‍ തന്നെ തീര്‍പ്പാക്കുക, പരാതിയുമായി പോലീസ് സ്റ്റേഷനില്‍ എത്തുന്നവര്‍ക്ക് മികച്ച സേവനം ഉറപ്പാക്കുക, ,എരുമേലി ടൗണിലും പരിസരത്തും ക്യാമറയിലൂടെ 24 മണിക്കൂറും നിതാന്ത ജാഗ്രതയോടുകൂടി നിരീക്ഷണം നടത്തി കുറ്റകൃത്യങ്ങൾ പൂർണമായും ഇല്ലാതാക്കുവാൻ ശ്രമിക്കുന്നതും എരുമേലി പോലിസിന്റെ മികവിന്റെ ഉദാഹരണങ്ങളാണ് . എരുമേലി ജനമൈത്രി പോലീസ് പദ്ധതിയുടെ ഭാഗമായി സ്റ്റേഷന്‍ പരിധിയില്‍ സ്വന്തമായി ഭവനമില്ലാതിരുന്ന ഒരു കുടുംബത്തിന് പോലീസ് പൊതുജന സഹകരണത്തോടുകൂടി ഭവനം നിര്‍മ്മിച്ച് നല്‍കിയത് കേരളമാകെ ചർച്ച ചെയ്യപ്പെട്ടിരുന്നു.
കോട്ടയം ജില്ലയിൽ വിവിധ പ്രവർത്തന മേഖലകളിൽ ഏറ്റവും മികച്ച മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ച വയ്ക്കുന്ന
എരുമേലി പോലീസ് സ്റ്റേഷന് ഐഎസ് ഒ അംഗീകാരം ലഭിച്ചിരുന്നു. കുറ്റകൃത്യങ്ങൾ നിയന്ത്രിക്കുവാൻ മാത്രമല്ല, സാധാരണക്കാരുടെ ഏതാവശ്യത്തിനും പോലീസ് സഹായമായി ഒപ്പമുണ്ട് എന്ന സന്ദേശം അക്ഷരാർത്ഥത്തിൽ പ്രാവർത്തികമാക്കുന്ന എരുമേലി പോലീസ്, കേരള പോലീസ് സേനയ്ക്ക് അഭിമാനമാണ്.
