എരുമേലി ഗ്രാമപ്പഞ്ചായത്തിൽ അവിശ്വാസം ബുധനാഴ്ച : പ്രതീക്ഷയോടെ ഇടതും വലതും.
എരുമേലി : ഭൂരിപക്ഷമുണ്ടായിട്ടും എരുമേലി ഗ്രാമപ്പഞ്ചായത്തിൽ നിർഭാഗ്യം മൂലം നഷ്ടപ്പെട്ട പ്രസിഡന്റ് സ്ഥാനം തിരികെപ്പിടിക്കാൻ യു.ഡി.എഫ്. നൽകിയ അവിശ്വാസ പ്രമേയം നാളെ അവതരിപ്പിക്കും.
സ്ഥാനം നിലനിർത്താനുള്ള നീക്കങ്ങൾ എൽഡിഎഫിലും ഭൂരിപക്ഷം കഴിഞ്ഞ തവണ കൈവിട്ടത് പോലെ നഷ്‌ടപ്പെടാതിരിക്കാൻ യുഡിഎഫിലും നീക്കങ്ങൾ സജീവമാന് . ബുധനാഴ്ച രാവിലെ 11 ന് പഞ്ചായത്ത് ഹാളിൽ കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എസ് ഫൈസലിന്റെ സാന്നിധ്യത്തിലാണ് അവിശ്വാസ പ്രമേയ അവതരണ യോഗം നടക്കുക. അവതരണത്തിനും ചർച്ചകൾക്കും ശേഷം പ്രമേയത്തിൽ വോട്ടെടുപ്പ് നടക്കും. ജൂലൈ അഞ്ചിന് അവിശ്വാസപ്രമയേം അവതരിപ്പിക്കുവാൻ നേരത്തെ തീരുമാനിച്ചിരുന്നുവെങ്കിലും, കഴിഞ്ഞ തവണ യുഡിഎഫിനെ അനുകൂലിച്ച വിമതനും കോൺഗ്രസ് നേതൃത്വവും തമ്മിൽ ഭിന്നതയിലായിരുന്നതിനാൽ അവിശ്വാസപ്രമയേം നീട്ടിവയ്ക്കുകയായിരുന്നു. അടുത്തയിടെ കെപിസിസി നേതൃത്വം ഇടപെട്ടാണ് ഭിന്നതകൾ പരിഹരിച്ച് ഇപ്പോൾ അവിശ്വാസ പ്രമേയത്തിലേക്ക് എത്തിയിരിക്കുന്നത്..
എരുമേലി ഗ്രാമപ്പഞ്ചായത്തിൽ 11 സീറ്റ് വീതം തുല്യനിലയിലായിരുന്നു യു.ഡി.എഫും എൽ.ഡി.എഫും. യു.ഡി.എഫ്. വിമതനായി മത്സരിച്ച സ്വതന്ത്രൻ വിജയിക്കുകയും യു.ഡി.എഫിനൊപ്പം ചേരുകയും ചെയ്തതോടെ യു.ഡി.എഫ്. ഭരണമുറപ്പിച്ചനിലയിലായിരുന്നു.
പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ യു.ഡി.എഫിലെ ഒരംഗത്തിന്റെ വോട്ട് അസാധുവാകുകയും സീറ്റുനില തുല്യമായതിനാൽ നറുക്കെടുപ്പിൽ എൽ.ഡി.എഫിലെ തങ്കമ്മ ജോർജുകുട്ടി പ്രസിഡന്റാവുകയുമായിരുന്നു. അവിശ്വാസപ്രമേയത്തിലൂടെ പ്രസിഡന്റ് സ്ഥാനം വീണ്ടെടുക്കുമെന്ന് യു.ഡി.എഫ്. പറയുമ്പോൾ സ്ഥാനം നിലനിർത്താനുള്ള ശ്രമത്തിലാണ് എൽ.ഡി.എഫ്.
കോൺഗ്രസ് സ്ഥാനാർഥികൾ വിജയിച്ച 11 സീറ്റിൽ 6 പേർ വനിതകളാണ്. എരുമേലി പഞ്ചായത്തിൽ പ്രസിഡന്റ് സ്ഥാനവും വനിതാ സംവരണം. പമ്പാവാലി, ഉമ്മിക്കുപ്പ, പൊര്യൻമല വാർഡുകളിൽ വിജയിച്ചവരാണ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള പരിഗണനയിലുണ്ടായിരുന്നത്. ദിവസങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിലാണ് ആദ്യ ഒരു വർഷം പമ്പാവാലി വാർഡിലെ ജനപ്രതിനിധിക്കും, പിന്നെയുള്ള നാല് വർഷത്തിൽ രണ്ട് വർഷം വീതം ഉമിക്കുപ്പ, പൊര്യൻമല വാർഡുകളിലെ ജനപ്രതിനിധികൾക്കുമായി വീതിച്ചുനൽകാൻ ധാരണയായത്. എന്നാൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഒരംഗത്തിന്റെ വോട്ട് അസാധുവായതോടെ കണക്കുകൂട്ടലുകൾ തകിടം മറിയുകയും പ്രസിഡന്റ് സ്ഥാനം എൽ.ഡി.എഫിന് ലഭിക്കുകയുമായിരുന്നു.
