വനം മന്ത്രി എ. കെ. ശശീന്ദ്രൻ കാഞ്ഞിരപ്പള്ളി ബിഷപ്പ് മാർ ജോസ് പുളിക്കലിനെ സന്ദർശിച്ചു; ഏയ്ഞ്ചൽവാലി, പമ്പാവാലി മേഖലയിലുള്ളവർ ആശങ്കപ്പെടേണ്ടെന്ന് മന്ത്രി

കാഞ്ഞിരപ്പള്ളി : ഏയ്ഞ്ചൽവാലി, പമ്പാവാലി മേഖലയിലുള്ളവർ ഒട്ടും ആശങ്കപ്പെടേണ്ടെന്ന് വനം മന്ത്രി എ. കെ. ശശീന്ദ്രൻ പറഞ്ഞു.
ബഫർ സോൺ വിഷയത്തിൽ നടക്കുന്ന സമരത്തെ പിന്തുണക്കുന്ന തരത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം. കാഞ്ഞിരപ്പള്ളി ബിഷപ്പ് മാർ ജോസ് പുളിക്കലുമായി നടത്തിയ കൂടിക്കാഴ്ച്ചക്ക് ശേഷമാണ് മന്ത്രി പ്രതികരിച്ചത്.

ഇതുമായി ബന്ധപ്പെട്ട് നടത്തുന്ന സമരങ്ങൾ ബഫർ സോണുമായി ബന്ധപ്പെട്ട കേസിൽ കേരള സർക്കാരിന്റെ വാദം ശരിയാണെന്ന് കേന്ദ്രസർക്കാരിനെ ധരിപ്പിക്കുന്ന തരത്തിലാണെന്നാണ് താൻ മനസ്സിലാക്കുന്നത്. ഏയ്ഞ്ചൽവാലി, പമ്പാവാലി മേഖലയിലേത് വ്യത്യസ്തമായ കാര്യമാണ്. അത് ബഫർ സോണുമായി ബന്ധപ്പെട്ടുള്ളതല്ല. ഇപ്പോൾ പ്രസിദ്ധീകരിച്ച ഭൂപടത്തിൽ ജനവാസ മേഖല വനഭൂമിയായത് തിരുത്തും. അത് പരിഹരിക്കുന്നതിനു നാഷണൽ വൈൽഡ് ലൈഫ് ബോർഡ്‌ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ഏയ്ഞ്ചൽവാലിയിൽ സമരം നടത്തിയവർക്കെതിരെ കേസെടുത്തിരിക്കുന്നതു പിൻവലിക്കുമോയെന്നു മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് സമരം നടത്തുന്നവർക്കെതിരെ കേസെടുക്കുന്നത് സ്വഭാവികമാണെന്ന് മന്ത്രി പറഞ്ഞു. ഈ വിഷയത്തിൽ മുതലെടുക്കാൻ ആരെയും അനുവദിക്കില്ലായെന്ന് മന്ത്രി വ്യക്തമാക്കി.

പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ ഇന്ന് ഏയ്ഞ്ചൽവാലി മേഖലയിൽ സന്ദർശനം നടത്താനിരിക്കെയാണ് മന്ത്രിയുടെ ബിഷപ്പുമായുള്ള കൂടിക്കാഴ്ച്ച. കഴിഞ്ഞ ദിവസം ഇൻഫാമിന്റെ നേതൃത്വത്തിൽ മുണ്ടക്കയത്ത് നടന്ന പ്രതിഷേധ സമരത്തിൽ സർക്കാരിനെ കാഞ്ഞിരപ്പള്ളി ബിഷപ്പ് രൂക്ഷമായി വിമർശിച്ചിരുന്നു. ബിഷപ്പ് ഹൗസിലെത്തിയ മന്ത്രി ഒരു മണിക്കൂർ നേരം സംസാരിച്ചു.

ഇൻഫാമിന്റെ നേതൃത്വത്തിൽ നടത്തിയ സമരത്തിൽ ജാതിമതഭേദമോ ,രാഷ്ട്രീയമൊ ഇല്ലെന്നും സമരം സർക്കാരിനെതിരല്ലെന്നും,ജനങ്ങളുടെ ഇടപെടലിലൂടെ സർക്കാരിന്റെ മുമ്പിൽ കർഷകരുടെ പ്രശ്നങ്ങൾ എത്തിക്കാൻ ആണ് ശ്രമിക്കുന്നതെന്ന് കാഞ്ഞിരപ്പള്ളി ബിഷപ്പ് മാർ ജോസ് പുളിക്കൽ പറഞ്ഞു . ഒരു വ്യക്തിക്കും കൃഷിയിടത്തിനും ഒരു പ്രശ്നവും ഉണ്ടാകാതെ വേണ്ട റിപ്പോർട്ട് യഥാസമയം നൽകുമെന്നും, ഈ പ്രശ്നത്തെക്കുറിച്ച് പഠിക്കുവാൻ വിദഗ്ധ കമ്മിറ്റിയെ നിയമിച്ചുവെന്നുമുള്ള മുഖ്യമന്ത്രിയുടെയും വനം വകുപ്പ് മന്ത്രിയുടെയും ഉറപ്പിൽ പ്രതീക്ഷയർപ്പിക്കുന്നതായി ബിഷപ്പ് കൂട്ടിച്ചേർത്തു. അക്രമസക്തമാക്കാതെ സമാധാനപരമായി ഇൻഫാമിന്റെ സമരം തുടരുമെന്നും ബിഷപ്പ് മാർ ജോസ് പുളിക്കൽ പറഞ്ഞു.

കർഷകരുടെ ആശങ്കകൾ മന്ത്രിയെ മനസിലാക്കിയതായും അദ്ദേഹം പറഞ്ഞു. ഇൻഫം കാർഷിക ജില്ല ഡയറക്ടർ ഫാദർ തോമസ് മാത്യു മാറ്റമുണ്ടയിൽ, പ്രസിഡന്റ്‌ എബ്രഹാം മാത്യു, നെൽവിൻ ജോയ് , പി.എ.താഹ, ജോബി കേളിയംപറമ്പിൽ, ബീനാ ജോബി എന്നിവർ പങ്കെടുത്തു .

error: Content is protected !!