മാലിന്യമുക്തം നവകേരളം – കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലതല സംഘാടകസമിതി രൂപീകരിച്ചു
പൊൻകുന്നം: മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലതല സംഘാടകസമിതി രൂപീകരിച്ചു. ചിറക്കടവ് ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ ചേർന്നസംഘാടക സമിതി രൂപീകരണയോഗം ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് ഉദ്ഘാടനം ചെയ്തു. ചിറക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ സി.ആർ ശ്രീകുമാർ അധ്യക്ഷത വഹിച്ചു.
മാലിന്യ സംസ്‌കരണ പ്രവർത്തനങ്ങൾ സമഗ്രവും ശാസ്ത്രീയവുമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ചിരിക്കുന്ന മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിൽ എന്റെ കാഞ്ഞിരപ്പള്ളി – എന്റെ അഭിമാനം എന്ന സന്ദേശത്തോടെ മാലിന്യമുക്ത പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിൻറ ഭാഗമായി ജനകീയ പങ്കാളിത്തം ഉറപ്പാക്കുന്നതിന് യോഗത്തിൽ തീരുമാനിച്ചു.
കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ 9 പഞ്ചായത്തുകളിലുമായി പഞ്ചായത്തുതല കൺവെൻഷനുകൾ ഒക്ടോബർ 12-നകം പൂർത്തിയാക്കാനും യോഗത്തിൽ തീരുമാനിച്ചു. കൺവെൻഷനുകളുടെ ഉദ്ഘാടനം പൊൻകുന്നം മിനി സിവിൽ സ്റ്റേഷനിൽ ഒക്ടോബർ 2 ന് രാവിലെ 10-ന് നടക്കും. മാലിന്യ സംസ്‌കരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും ഡിസംബർ 31-ന് കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തെ മാലിന്യമുക്ത മണ്ഡലമായി പ്രഖ്യാപിക്കുകയാണ് ലക്ഷ്യം.
ജില്ലാ പഞ്ചായത്ത് അംഗം ഹേമലതാ പ്രേംസാഗർ, തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ബിനു ജോൺ, ജില്ലാ നവകേരളം മിഷൻ കോ-ഓഡിനേറ്റർ ശ്രീശങ്കർ, എ.ഡി.സി ജി.അനീസ്, പഞ്ചായത്ത് പ്രസിഡന്റുമാർ, ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, സന്നദ്ധ പ്രവർത്തകർ, വ്യാപാരി വ്യവസായി സംഘടനാ പ്രതിനിധികൾ, ഉദ്യോഗസ്ഥർ, മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന റിസോഴ്സ് പേഴ്സണുകൾ, കുടുംബശ്രീ ഭാരവാഹികൾ, സർക്കാരിന്റെ വിവിധ മിഷനുകളുടെ ചുമതലക്കാർ, റസിഡൻസ് അസോസിയേഷൻ പ്രതിനിധികൾ, സമുദായ നേതാക്കൾ ഉൾപ്പെടെ വിവിധ വിഭാഗം ജനങ്ങൾ പങ്കെടുത്തു.