മുണ്ടക്കയം പനക്കച്ചിറയിൽ കാട്ടാനയിറങ്ങി, നാട്ടുകാർ ഭീതിയിൽ
മുണ്ടക്കയം: പനക്കച്ചിറയിലെ ജനവാസ മേഖലയിൽ കാട്ടാനയിറങ്ങി. ആനകളുടെ ശല്യത്തിൽനിന്ന് സംരക്ഷണം നൽകാൻ വനം വകുപ്പ് നടപടിയെടുക്കണമെന്ന് നാട്ടുകാർ.
ചൊവ്വാഴ്ച രാത്രി പത്തരയ്ക്ക് പനക്കച്ചിറയിൽ എത്തിയ കാട്ടാനകൾ മടങ്ങിയത് പുലർച്ചെ മൂന്നരയോടെയാണ്. ജനങ്ങളും വനപാലകരും ആനകളെ തുരത്താൻ ശ്രമിച്ചു. പടക്കം പൊട്ടിച്ചും വനാതിർത്തിയിൽ തീയിട്ടും ആനകളെ ഭയപ്പെടുത്തിയെങ്കിലും പ്രയോജനമുണ്ടായില്ല. ചിന്നംവിളിയും മരങ്ങൾ ഒടിക്കുന്ന ശബ്ദവും കേട്ടതോടെ നാട്ടുകാർ കൂടുതൽ ഭീതിയിലായി. രാത്രി പന്ത്രണ്ടോടെ വണ്ടൻപതാൽ റേഞ്ച് ഓഫിസർ എൻ.ബിജുവിന്റെ നേതൃത്വത്തിലുള്ള വനപാലകർ സ്ഥലത്തെത്തി.
