മഞ്ഞപ്പിത്തബാധ: ഉരുളികുന്നത്ത് പ്രതിരോധപ്രവർത്തനം ഊർജിതമാക്കി.
ഉരുളികുന്നം: എലിക്കുളം പഞ്ചായത്തിലെ ഉരുളികുന്നത്ത് ഒന്ന്, രണ്ട് വാർഡുകളിലായി ആറുപേർക്ക് മഞ്ഞപ്പിത്ത ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ആരോഗ്യവകുപ്പ് പ്രതിരോധപ്രവർത്തനം ഊർജിതമാക്കി. മഞ്ഞപ്പിത്തബാധ കണ്ടെത്തിയ മേഖലകളിൽ പ്രതിരോധപ്രവർത്തനങ്ങളും ബോധവത്ക്കരണപ്രവർത്തനവും ഊർജിതമാക്കിയെന്ന് പഞ്ചായത്ത് പ്രസിഡന്റ് യമുനാ പ്രസാദ്, പഞ്ചായത്തംഗം എം.എസ്.മനു എന്നിവർ അറിയിച്ചു. കിണറുകളുടെ ക്ലോറിനേഷൻ നടത്തി. പൈക സി.എച്ച്.സി.യിലെ ആരോഗ്യപ്രവർത്തകരും ആശാവർക്കർമാരും നേതൃത്വം നൽകി. മഞ്ഞപ്പിത്ത പ്രതിരോധ ബോധവത്ക്കരണഭാഗമായി താഷ്‌കന്റ് പബ്ലിക് ലൈബ്രറിയിൽ പ്രദേശവാസികൾക്കായി ക്ലാസ് നടത്തി. അസി.സർജൻ ഡോ.രാജേഷ് ക്ലാസ് നയിച്ചു. മഴക്കാലത്ത് സെപ്ടിക് ടാങ്കുകളിൽ നിന്നുള്ള മാലിന്യത്തിൽ നിന്ന് കോളിഫോം ബാക്ടീരിയ കിണർവെള്ളത്തിൽ കലരാൻ സാധ്യതയുള്ളതിനാൽ കിണർവെള്ളം ക്ലോറിനേഷൻ നടത്തണമെന്ന് നിർദേശിച്ചു.
ടോയ്‌ലറ്റ് ഉപയോഗത്തിന് ശേഷം കൈകൾ സോപ്പുപയോഗിച്ച് കഴുകണം. കുടിവെള്ളം 100 ഡിഗ്രി താപനിലയ്ക്കുമേൽ തിളപ്പിച്ചതിന് ശേഷം ഉപയോഗിക്കണമെന്നും നിർദേശിച്ചു
