KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

എരുമേലി പഞ്ചായത്ത് വിഭജിച്ച് മുക്കൂട്ടുതറ പഞ്ചായത്ത്‌ വേണമെന്ന ആവശ്യം ശക്തം .

എരുമേലി : ഇപ്പോഴത്തെ പൂഞ്ഞാർ എംഎൽഎ എം ജെ സെബാസ്റ്റ്യനും നിവേദനങ്ങൾ കിട്ടി. അതിന് മുമ്പ് സെബാസ്റ്റ്യൻ കുളത്തുങ്കൽ, പി സി ജോർജ് എന്നിവർക്കും കിട്ടി. എരുമേലി പഞ്ചായത്ത്‌ വിഭജിച്ച് പമ്പാവാലി ഉൾപ്പെട്ട കിഴക്കൻ മേഖലയിൽ പുതിയ പഞ്ചായത്ത്‌ വേണം എന്നതാണ് ഈ നിവേദനങ്ങളുടെ കാതൽ. ഈ പുതിയ സർക്കാർ എരുമേലിയുടെ വിഭജനത്തെ പറ്റി ഈ ബജറ്റിൽ ഒന്നും പറഞ്ഞിട്ടില്ല. അതേസമയം മുൻ ബജറ്റുകളിൽ പലപ്പോഴും വിഭജനം അനുവദിച്ചിട്ടും നടന്നിട്ടുമില്ല. ഈ സാഹചര്യത്തിൽ ഇനി സർക്കാരിനെ ആശ്രയിക്കാതെ കോടതിയെ സമീപിക്കുന്നതാണ് നല്ലത് എന്ന ആലോചന ഇപ്പോൾ മുറുകുകയാണ് നാട്ടിൽ.

ആദ്യം 2012 ലും പിന്നെ 2015 ലും തുടർന്ന് 2023 ലും.

എരുമേലിയെ വിഭജിക്കാൻ ആദ്യ പ്രഖ്യാപനമുണ്ടായത് 2012 മാർച്ച്‌ 12 ലാണ്. എരുമേലിക്ക് ടൗൺഷിപ്പ് പദവി നൽകി എരുമേലി പഞ്ചായത്ത്‌ വിഭജിക്കാനും പുതിയ പഞ്ചായത്ത്‌ കിഴക്കൻ മേഖലയിൽ രൂപീകരിക്കാനും ആയിരുന്നു 2012 മാർച്ചിൽ സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ചത്. 2015 ജനുവരി 25 ന് ഗസറ്റ് വിജ്ഞാപനത്തിലൂടെ എരുമേലി പഞ്ചായത്ത്‌ വിഭജനവും മുക്കൂട്ടുതറ പഞ്ചായത്ത്‌ രൂപീകരണവും സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചതാണെങ്കിലും നടപ്പിലായില്ല. എരുമേലിയെ രണ്ട് പഞ്ചായത്താക്കാൻ അന്ന് അതിർത്തി നിർണയവും വാർഡ് നിർണയവും പൂർത്തിയാക്കിയെങ്കിലും തുടർനടപടികളുണ്ടായില്ല. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തതിനാൽ വിഭജനം നടത്തുക പ്രായോഗികമല്ലെന്ന് അറിയിച്ച് തെരഞ്ഞെടുപ്പു കമ്മിഷൻ വിലക്കുകയായിരുന്നു. തുടർന്ന് അടുത്ത പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിന് മുമ്പ് 2019 സെപ്റ്റംബർ 20 ന് വീണ്ടും പഞ്ചായത്ത്‌ ഡെപ്യൂട്ടി ഡയറക്ടർ എരുമേലിയെ വിഭജിക്കുന്നതിന് ശുപാർശ ചെയ്ത് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. എന്നാൽ 2018 ലെ മഹാ പ്രളയം ഏൽപ്പിച്ച സാമ്പത്തിക പ്രതിസന്ധികളെ തുടർന്ന് പുതിയ പഞ്ചായത്ത്‌ രൂപീകരണങ്ങൾ സർക്കാർ വേണ്ടെന്ന് വെച്ചതോടെ ഇതും ഉപേക്ഷിക്കപ്പെട്ടു.തുടർന്ന് ഇതേ പ്രഖ്യാപനം 2023 ലെ ബജറ്റിലുമുണ്ടായി. 2012 ൽ എരുമേലിക്ക് ടൗൺഷിപ്പ് നൽകാൻ ഒരു കോടി രൂപ അനുവദിച്ചു. 2023 ലെ ബജറ്റിൽ പത്ത് കോടി ആണ് പ്രഖ്യാപിച്ചത്. 2012 ലെ ബജറ്റ് പ്രഖ്യാപനത്തിന്റെ ഭാഗമായി എരുമേലി ടൗൺഷിപ്പ് ആൻഡ് ഡെവലപ്പ്മെന്റ് സൊസൈറ്റി എന്ന പേരിൽ 2012 ഡിസംബർ 19 ന് ജില്ലാ കളക്ടർ ചെയർമാനായി സൊസൈറ്റി രൂപീകരിച്ച് രജിസ്റ്റർ ചെയ്തതുമാണ്. തുടർന്ന് 2013 ആഗസ്ത് 16 ന് രണ്ട് കോടി രൂപ ടൗൺഷിപ്പിനുള്ള പ്രാഥമിക പ്രവർത്തനങ്ങൾക്കായി കളക്ടറുടെ അക്കൗണ്ടിലേക്ക് ഈ തുക സർക്കാർ നൽകിയിരുന്നു. തുടർന്ന് എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്ന ശേഷം തുടർനടപടികളുണ്ടായില്ല. ഇതോടെ ഈ തുക സർക്കാർ തിരിച്ചു പിടിച്ചു. 2023 ലെ ബജറ്റിൽ പത്ത് കോടി അനുവദിച്ചെങ്കിലും തുടർ നടപടികളുണ്ടായില്ല. 2018 ലെ പ്രളയത്തെ തുടർന്ന് സംസ്ഥാനം നേരിട്ട സാമ്പത്തിക പ്രശ്നം മൂലം പുതിയ പഞ്ചായത്ത്‌ ഒന്നും വേണ്ട എന്ന് തീരുമാനമായി.

വിഭജനം അനിവാര്യമാണോ?.

വിഭജനം അനിവാര്യമാണെന്നാണ് എരുമേലി പഞ്ചായത്തിന്റെ സ്ഥിതി വിവര കണക്കുകൾ വ്യക്തമാക്കുന്നത്. കോട്ടയം ജില്ലയിൽ ജനസംഖ്യ കൊണ്ടും വിസ്തൃതി കൊണ്ടും ഏറ്റവും വലിയ പഞ്ചായത്താണ് എരുമേലി. 1953 ലാണ് എരുമേലി പഞ്ചായത്ത് നിലവിൽ വന്നത്. എരുമേലി തെക്ക് വില്ലേജ് ഉൾപ്പെടുന്ന പഞ്ചായത്തിൽ 23 വാർഡുകളും 34 പോളിംഗ് ബൂത്തുകളുമുണ്ട്. 52328 ആണ് ജനസംഖ്യ. 25118 പുരുഷൻമാരും, 27210 സ്ത്രീകളും. റബ്ബറാണ് മുഖ്യകൃഷിയെങ്കിലും ഇപ്പോൾ ഇതര കൃഷികളും വ്യാപകമായുണ്ട്. 9295.6070 ഹെക്ടർ ആണ് മൊത്തം വിസ്തൃതി. ജില്ലയിൽ ഏറ്റവും കൂടുതൽ വനഭൂമിയും എരുമേലിയിലാണ്. കിഴക്കേ അതിരായ പഴയിടത്ത് നിന്നും പടിഞ്ഞാറ് അതിരായ മൂലക്കയം വരെ എത്തണമെങ്കിൽ ദൂരം 43 കിലോമീറ്റർ ആണ് ഉള്ളത്. ജോലി ഭാരം കൊണ്ട് ജീവനക്കാരും കാലതാമസം മൂലം
മൂലം ജനവും ബുദ്ധിമുട്ടുകയാണ്. നിർദിഷ്‌ട ശബരിമല ഗ്രീൻ ഫീൽഡ് വിമാനത്താവള പദ്ധതിക്ക് മാസ്റ്റർ പ്ലാൻ തയ്യാറാക്കുമ്പോൾ എരുമേലിയെ ടൗൺഷിപ്പാക്കേണ്ടി വരുമെന്ന് മുൻനിർത്തിയായിരുന്നു 2012 ലെ ബജറ്റിലെ ആദ്യ പ്രഖ്യാപനം. ഇത് തന്നെ മുൻനിർത്തിയാണ് 2023 ലും വിഭജനത്തിന് ബജറ്റിൽ പ്രഖ്യാപിച്ചത്.

വേണ്ടത് നഗരസഭയും പഞ്ചായത്തും.

വർഷത്തിൽ 125 ദിവസം ശബരിമല തീർത്ഥാടകരെത്തുന്ന പ്രദേശവും വിമാനത്താവളത്തിനും റെയിൽവെ സ്റ്റേഷനും പദ്ധതികൾ നടപ്പിലാക്കാനിരിക്കുന്നതുമായ എരുമേലിയിൽ പഞ്ചായത്ത് ഫണ്ടിൽ വികസനങ്ങൾ നടത്താനാവില്ലെന്നുള്ളതാണ് യാഥാർഥ്യം. ഇക്കഴിഞ്ഞ സാമ്പത്തിക വർഷം എരുമേലി പഞ്ചായത്ത്‌ ഉപേക്ഷിച്ചത് അനുമതി ലഭിച്ച നൂറിലധികം പദ്ധതികളാണ്. മുൻ വർഷങ്ങളിലെ കണക്കുകളും ഇങ്ങനെ തന്നെ. മുക്കൂട്ടുതറ ഉൾപ്പെടുന്ന കിഴക്കൻ മേഖലയിൽ എടുത്തു പറയാനാവുന്ന ഒരൊറ്റ വികസന പദ്ധതി പോലുമില്ല. മുക്കൂട്ടുതറ ടൗണിൽ ഒരു മൂത്രപ്പുര പോലും നിർമിക്കാൻ കഴിഞ്ഞിട്ടില്ല. വികസനം മുരടിച്ചതിന് കാരണം പഞ്ചായത്തിന്റെ വിസ്തൃതി മൂലം പദ്ധതി നിർവഹണവും ഫണ്ടും വിനിയോഗിക്കപ്പെടുന്നില്ല എന്നുള്ളതാണെന്ന് ഉദ്യോഗസ്ഥർ പറയുന്നു. നഗര സ്വഭാവമുള്ള എരുമേലി ടൗണും തൊട്ടു ചേർന്നുള്ള വാർഡുകളും ചേർത്ത് നഗരസഭയാക്കുകയും ഗ്രാമീണ മേഖലയായ കിഴക്കൻ മേഖലയ്ക്ക് പുതിയ പഞ്ചായത്ത്‌ രൂപീകരിക്കുകയും ചെയ്‌താൽ വികസനം സാധ്യമാകും.

വില്ലേജും വൈദ്യുതിയും കീറാമുട്ടി.

പുതിയ സ്മാർട്ട്‌ വില്ലേജ് ഓഫിസ് വന്നിട്ടും കാര്യങ്ങൾ സ്മാർട്ട്‌ ആയില്ലെന്നാണ് വസ്തുതകൾ വ്യക്തമാക്കുന്നത്. വില്ലേജ് രണ്ടാക്കി വിഭജിച്ചാൽ കാര്യങ്ങൾ സ്മാർട്ട്‌ ആകുമെന്ന് റവന്യു ഉദ്യോഗസ്ഥർ തന്നെ വ്യക്തമാക്കുന്നു. 22,23,24,27,28,29,82 എന്നിങ്ങനെ എഴ് ബ്ലോക്ക്‌ നമ്പരുകളിലായി 39172 തണ്ടപ്പേരുകളുണ്ട് എരുമേലി തെക്ക് വില്ലേജിൽ. കഴിഞ്ഞ കണക്കുകൾ പ്രകാരം നേരിട്ട് 7591 ഉം ഓൺലൈനിൽ 12573 ഉം ഉൾപ്പെടെ മൊത്തം 20164 സർട്ടിഫിക്കറ്റുകളാണ് വില്ലേജിൽ നിന്നും നൽകിയത്. ജില്ലയിൽ ഏറ്റവും കൂടുതൽ റവന്യൂ റിക്കവറിയും വനഭൂമിയും എരുമേലി തെക്ക് വില്ലേജിലാണ്. പക്ഷെ പരിമിതമായ ജീവനക്കാരാണുള്ളത്. കിഴക്കൻ മേഖലയിൽ പുതിയ വില്ലേജ് അനുവദിച്ചാൽ സേവനം മെച്ചപ്പെടുമെന്ന് വകുപ്പ് തല റിപ്പോർട്ട് തുടർച്ചയായിട്ടും അനുകൂല നടപടികളില്ല. ഇതേപോലെ അര ലക്ഷത്തിലേറെ കൺസ്യൂമർ നമ്പരുള്ള കെഎസ്ഇബി എരുമേലി ഇലക്ട്രിക്കൽ സെക്ഷൻ ഓഫിസും വിഭജിച്ച് കിഴക്കൻ മേഖലയിൽ പുതിയ സെക്ഷൻ അനുവദിച്ചാൽ സേവനത്തിലെ കാലതാമസം ഒഴിയുമെന്ന് നാട്ടുകാർ പറയുന്നു.

error: Content is protected !!