KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

“ഒരു ചായ കുടിക്കാം, വളർച്ച വെല്ലുവിളികൾ നേരിടുന്ന കുഞ്ഞുങ്ങൾക്ക് തണലൊരുക്കാം ” ചായ മക്കാനി – സൗഹൃദ സംഗമ ക്യാംപെയ്നിലക്ക് സ്വാഗതം.

കാഞ്ഞിരപ്പള്ളി :”ഒരു ചായ കുടിക്കാം, വളർച്ച വെല്ലുവിളികൾ നേരിടുന്ന കുഞ്ഞുങ്ങൾക്ക് തണലൊരുക്കാം “; ചായ മക്കാനി സൗഹൃദ സംഗമത്തിലേക്ക് ഏവർക്കും ഹൃദ്യമായ സ്വാഗതം . പട്ടിമറ്റത്ത് ആരംഭിച്ച തണൽ ചൈൽഡ് ഡവലപ്മെന്റ് സെന്ററിന്റെ സേവനങ്ങളുടെയും ലക്ഷ്യങ്ങളുടെയും പ്രചാരണത്തിനായി കാഞ്ഞിരപ്പള്ളി ചായ മക്കാനി സൗഹൃദ സംഗമ ക്യാംപെയ്ൻ ഇന്നും നാളെയും പട്ടിമറ്റം തണൽ ചൈൽഡ് ഡവലപ്‌മെന്റ് സെന്ററിൽ നടത്തും. ശനിയാഴ്ച വൈകിട്ട് 4. മണിക്ക് കാഞ്ഞിരപ്പള്ളി എം എൽ എ പ്രൊഫ. റോണി കെ.ബേബി സംഗമം ഉദ്ഘാടനം ചെയ്യും.

6 വയസ്സു വരെയുള്ള കുഞ്ഞുങ്ങളിൽ പ്രകടമാകുന്ന വളർച്ചാഘട്ടത്തിലെ വൈകല്യങ്ങളെ ആദ്യഘട്ടത്തിൽ തിരിച്ചറിഞ്ഞ്, ശാസ്ത്രീയവും സമഗ്രവുമായ ചികിത്സയും പരിശീലനവും ലഭ്യമാക്കുകയാണു തണൽ ചൈൽഡ് ഡവലപ്മെന്റ് സെന്ററിന്റെ ഏർലി ഇന്റർവെൻഷൻ വിഭാഗം ലക്ഷ്യമിടുന്നത്. ഇതിന്റെ പ്രചാരണവും സാമ്പത്തിക സഹായവുമാണു ചായ മക്കാനി- സൗഹൃദ സംഗമത്തിലൂടെ സംഘാടകർ ലക്ഷ്യമിടുന്നത്. ചായ മക്കാനിയിലെ ചായയ്ക്കും വിവിധ പലഹാര ങ്ങൾക്കും വില നിശ്ചയിച്ചിട്ടില്ല. കഴിക്കുന്നവർക്ക് ഇഷ്ടമുള്ള പണം നൽകാം. ഇവ തണൽ ചൈൽഡ് സെന്ററിന്റെ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കും.

വിവിധ തെറപ്പികളും സേവനങ്ങളും ഉൾക്കൊള്ളുന്ന ഫോട്ടോ പ്രദർശനം, ഭിന്നശേഷിക്കാരായ കുട്ടികളും അവരുടെ ശുശ്രൂഷകരും തങ്ങളുടെ ജീവിതാനുഭവങ്ങൾ പങ്കു വയ്ക്കൽ, ഭിന്നശേഷിക്കാർ നേരിടുന്ന വെല്ലുവിളികൾ മനസ്സിലാക്കാനുള്ള പരിപാടി എന്നിവ സംഗമത്തിന്റെ ഭാഗമായി നടത്തും.

രണ്ട് ദിവസങ്ങളിലായാണ് ചായ മക്കാനി – സൗഹൃദ സംഗമം നടക്കുന്നത്. ഇന്നു 2 മുതൽ രാത്രി 9 വരെയും നാളെ 9 മുതൽ രാത്രി 9 വരെയും നടത്തുന്ന സംഗമത്തിൽ ആർക്കും പങ്കെടുക്കാമെന്നു തണൽ ചെയർമാൻ അബ്ദുൽ ഫത്താഹ്, ജനറൽ കൺവീനർ അബു ഫൈസൽ, ജനറൽ കോ ഓർഡിനേറ്റർ നജീബ്, കൺവീനർ റിയാസ് കാൽടെക്സ്, ജോയിന്റ് കൺവീനർ സിറാജ്, ഷെഫീഖ് എന്നിവർ കാഞ്ഞിരപ്പള്ളി മീഡിയ സെന്ററിൽ നടന്ന വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

error: Content is protected !!