തടസമായി നിന്ന സ്‌റ്റേഷനറിക്കട ഏറ്റെടുത്ത് നാട്ടുകാർ. പണം കൊടുത്ത് വാങ്ങി പൊളിച്ചു കളഞ്ഞ് മൂക്കംപെട്ടി ജംക്‌ഷനിൽ റോഡിനു വീതി കൂട്ടും.
ഒത്തുരുമയുടെയും, സഹകരണത്തിന്റെയും,
കൂട്ടായ്മയുടെയും, നിശ്ചയദാർഢ്യത്തിന്റെയും കഥയാണ്
മൂക്കംപെട്ടി നിവാസികൾക്ക് പറയുവാനുള്ളത്
എരുമേലി : മൂക്കംപെട്ടി ജംക്ഷനിൽ വലിയ വാഹനങ്ങളുടെ സുഗമമായ യാത്രയ്ക്ക് തടസ്സമായി നിന്ന കട നാട്ടുകാർ പണം പിരിച്ചു നൽകി ഏറ്റെടുത്ത് പൊളിച്ചുമാറ്റി റോഡിനു വീതികൂട്ടുന്നു.
ശബരിമല തീർഥാടക വാഹനങ്ങൾ ഏറെയെത്തുന്ന മൂക്കൻപെട്ടി – കോരുത്തോട് -മുണ്ടക്കയം റോഡ്, എയ്ഞ്ചൽവാലി റോഡ്, കണമല റോഡ് എന്നിവ സംഗമിക്കുന്ന മൂക്കൻപെട്ടി ജംക്ഷനിൽ എയ്ഞ്ചൽവാലി റോഡിലെ വളവിൽ റോഡിലേക്കിറങ്ങി നിൽക്കുന്ന സ്റ്റേഷനറിക്കട വലിയ തടസ്സമായിരുന്നു. വർഷങ്ങളായി പ്രവർത്തിക്കുന്ന കട കാരണം ബസുകൾ പോലുള്ള വലിയ വാഹനങ്ങൾ സുഗമമായി കടന്നുപോകാൻ ബുദ്ധിമുട്ട് നേരിട്ടിരുന്നു. പലപ്പോഴും ബസുകൾ രണ്ട് തവണ പിന്നിലേക്ക് എടുത്തശേഷമാണ് വളവ് തിരി ഞ്ഞ് പോയിരുന്നത്. കട മൂലം റോഡ് കാണാനാകാതെ നിരവധി അപകടങ്ങളും ഉണ്ടായി.
കട ഏറ്റെടുത്ത് പൊളിച്ചുനീക്കിയാൽ ജംക്ഷന് ആവശ്യമായ വിതീ ലഭിക്കുമെന്നതിനാൽ പൊതുപ്രവർത്തകനും കണമല സർവീസ് സഹകരണ ബാങ്ക് മുൻ പ്രസിഡ ന്റുമായ പി.എ. ചാക്കോ പുളിക്കയിലാണ് നാട്ടുകാർ ചേർന്നുപണം നൽകി കട ഏറ്റെടുക്കുന്ന ആശയം മുന്നോട്ടുവച്ചത്. മൂക്കൻപെട്ടി, പമ്പാവാലി, എയ്ഞ്ചൽവാലി പഞ്ചായത്തുകളുടെ സമീപമായതിനാൽ ഈ വാർഡുകളിലെ പഞ്ചായത്ത് അംഗങ്ങളായ പി.എസ്. സുരണ്യ, ടോം വർഗീസ്, ത്രേസ്യാമ്മ ചാക്കോ എന്നിവർ ചേർന്ന് കട ഏറ്റെടുക്കാനുള്ള നടപടി തുടങ്ങി. വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും നാട്ടുകാരും അടങ്ങുന്ന വിപുലമായ റോഡ് വികസന സമിതി യോഗം വിളിച്ചു. കടയുടമ മൂക്കൻപെട്ടി ഷിബു ഹോട്ടൽ ഉടമ വാലേൽ വി. വി.കരുണാകരനുമായി സംസാരിച്ച തോടെ 1.7 ലക്ഷം രൂപ ലഭിച്ചാൽ കട റോഡ് വീതികൂട്ടാൻ വിട്ടുനൽകാമെന്ന് അറിയിച്ചു. 30000 രൂപ കൂടി ഉണ്ടെങ്കിൽ കട പൊളിച്ചുനീക്കി റോഡ് കോൺക്രീറ്റ് ചെയ്യാമെന്നും റോഡ് വികസന സമിതി എസ്‌റ്റിമേറ്റ് തയാറാക്കി. തുടർന്ന് മൂന്ന് വാർഡുകളിലെ ജനപ്രതിനിധികളുടെയും പൊതുപ്രവർത്തകരുടെയും റോഡ് വികസന സമിതി അംഗങ്ങളുടെയും നേതൃത്വത്തിൽ വീട് വീടാന്തരം കയറി പണം പിരിച്ചു. 1.9 ലക്ഷം രൂപ പണപ്പിരിവിലൂടെ കണ്ടെത്തി. സ്ഥലം ഉടമയ്ക്ക് 10000 രൂപ അഡ്വാൻസ് നൽകി എഗ്രിമെൻ്റ് എഴുതി. അടുത്ത ദിവസം ബാക്കി പണം കൂടി നൽകി കട പൊളിച്ചു നീക്കാനാണ് തീരുമാനം. കട പൊളിച്ചു നീക്കുന്നതിനു പിന്നാലെ റോഡ് വീതികുട്ടി കോൺക്രീറ്റ് ചെയ്യുമെന്നും പഞ്ചായത്ത് അംഗം ടോം വർ ഗീസ് പറഞ്ഞു.
