കൂവപ്പള്ളി സെന്റ് ജോസഫ് ഹൈസ്കൂളിൽ ‘മിതേര 2026’ ക്ലബ്ബ് ഉദ്‌ഘാടനം.
കൂവപ്പള്ളി: സർഗ്ഗാത്മകതയുടെയും കലാവിഷ്‌കാരങ്ങളുടെയും പുതിയൊരു അധ്യായം കുറിച്ച്, കൂവപ്പള്ളി സെന്റ് ജോസഫ് ഹൈസ്കൂളിൽ 2026 വർഷത്തെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം ബുധനാഴ്ച, ജൂലൈ 29 ഉച്ചകഴിഞ്ഞ് 1 മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് വർണ്ണാഭമായ ചടങ്ങുകളോടെ നടന്നു. കുട്ടികളിൽ സർഗ്ഗവാസനകൾ വളർത്തുന്നതിനും ഭാഷാസ്നേഹം ഊട്ടിയുറപ്പിക്കുന്നതിനുമുള്ള ഈ ബൃഹദ്ധതിയുടെ ഉദ്ഘാടന ചടങ്ങ് വിദ്യാലയത്തിന് അഭിമാനകരമായ മുഹൂർത്തമായി മാറി.
ഉദ്ഘാടന സമ്മേളനം അനുഗ്രഹീത കലാകാരനും ഈ സ്കൂളിലെ തന്നെ മുൻകാല വിദ്യാർത്ഥിയുമായ മനോജ് എരുമേലി ചടങ്ങ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. തന്റെ കലാരംഗത്തെ അനുഭവങ്ങൾ വിദ്യാർത്ഥികളുമായി പങ്കുവെച്ച അദ്ദേഹത്തിന്റെ സാന്നിധ്യം ചടങ്ങിന് കൂടുതൽ തിളക്കമേകി. സ്കൂൾ മാനേജർ ഫാ. ജോസ് കാരിമറ്റം, ഹെഡ്മിസ്ട്രസ്സ് ജോഷീന മേരീ ജോർജ് എന്നിവർ ചടങ്ങിൽ സന്നിഹിതരായി സംസാരിച്ചു.
ഉദ്ഘാടന സമ്മേളനത്തിന് ശേഷം, കാഞ്ഞിരപ്പള്ളി താലൂക്കിൽ നിന്നും കലാരംഗത്ത് സംസ്ഥാനതലത്തിൽ മികവ് തെളിയിച്ച പ്രമുഖ കലാകാരന്മാരുടെ നേതൃത്വത്തിലുള്ള വിവിധ കലാപരിപാടികൾ അരങ്ങേറി. വിദ്യാലയാങ്കണത്തെ സംഗീതത്തിന്റെയും ഹാസ്യത്തിന്റെയും സാഗരമാക്കി മാറ്റാൻ പ്രഗത്ഭരായ ഒട്ടേറെ കലാകാരന്മാരാണ് എത്തിയത്.
പ്രസിദ്ധ ഗായകൻ മനോജ് ജോസഫ്, സിനിമ-ടിവി താരവും ജൂനിയർ കലാഭവൻ മണി എന്നറിയപ്പെടുന്ന ഗായകനും മിമിക്രി ആർട്ടിസ്റ്റുമായ രതീഷ് വയല, തമിഴ് & ഹിന്ദി ഗായകൻ വിനീഷ് കലാഭവൻ, അമൃത ടിവി, ഏഷ്യാനെറ്റ്, മഴവിൽ മനോരമ തുടങ്ങിയ പ്രമുഖ ചാനലുകളിലൂടെ ശ്രദ്ധേയനായ കോമഡി ആർട്ടിസ്റ്റ് റോബർട്ട് എരുമേലി, പ്രഗത്ഭരായ ഗായകരായ ഷീബ രാജൻ, മായ രാജേഷ്, പരിപാടി അവതരിപ്പിക്കുന്ന കുമാരി എയ്ഞ്ചൽ എസ്. മരിയ എന്നിവർ ചേർന്ന് അവതരിപ്പിച്ച കലാവിരുന്നുകൾ ചടങ്ങിന്റെ പ്രധാന ആകർഷണമായി മാറി.
ഈ പ്രമുഖ കലാകാരന്മാരുടെ മാസ്മരിക പ്രകടനങ്ങൾക്കൊപ്പം സ്കൂളിലെ മിടുക്കരായ വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും ‘മിതേര 2026’ ന് മാറ്റുകൂട്ടി. കുട്ടികളുടെ കലാപരമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനും അവർക്ക് പ്രചോദനം നൽകുന്നതിനും ഉതകുന്ന രീതിയിലാണ് പരിപാടികൾ സംഘടിപ്പിച്ചത്. സ്കൂൾ അധികൃതരുടെ കൃത്യമായ ഏകോപനത്തോടെ നടന്ന മഹാസംഗമം മികച്ച വിജയമാക്കി മാറ്റാൻ സാധിച്ചതായി അധികൃതർ അറിയിച്ചു.
