കരിമ്പുകയം പാലം അപകടഭീതിയിൽ..കൈവരികൾ തകർന്നു..അപ്രോച്ച് റോഡ് തകർന്നു ..
കാഞ്ഞിരപ്പള്ളി : പെരുവെള്ള താണ്ഡവം കഴിഞ്ഞ ശേഷം കരിമ്പുകയം പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും അവസ്ഥ പരമ ദയനീയം., കൈവരികൾ തകർന്നു..അപ്രോച്ച് റോഡ് തകർന്നു… വേണ്ടത്ര ആലോചനയില്ലാതെ, കരിമ്പുകയം തടയണയുടെ മുകളിൽകൂടി മുട്ടുശാന്തിക്ക് ഉണ്ടാക്കിയ പാലം ആണെന്നും, കരിമ്പുകയം പാലത്തിന്റെ അശാസ്ത്രീയമായ നിർമ്മാണമാണ് ഈ ദുരിതത്തിന് കാരണം എന്നും, സ്ഥലം സന്ദർശിച്ച കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ. തോമസ് കുന്നപ്പള്ളി പറഞ്ഞു. പെരുവെള്ളത്തിൽ ഒഴുകിയെത്തുന്ന വൻ മരങ്ങളും മാലിന്യങ്ങളും പാലത്തിൽ തടഞ്ഞു നിൽക്കാതെ സുഗമമായി ഒഴുകിപോകുന്നതിന് വേണ്ടി, തൂണുകൾ ഉയർത്തി പുതിയ പാലം പണിയുക എന്നത് മാത്രമാണ് നിലവിൽ ശാശ്വത പരിഹാരം എന്നും അദ്ദേഹം പറഞ്ഞു . വീഡിയോ കാണുക
കഴിഞ്ഞ ദിവസത്തെ വെള്ളപ്പൊക്കത്തിൽ മണിമലയാറ്റിലെ കരിമ്പുകയം കോസ്വേക്കു കനത്ത നാശം. കൈവരികൾ പൂർണമായും, ഒരു വശത്തെ സമീപനപാതയും തകർന്നു . കോസ്വേയിലെ കോൺക്രീറ്റിങ്ങിൽ വിള്ളലും ഉണ്ടായി. ഇതോടെ കോസ്വേയിലൂടെ വലിയ വാഹന ഗതാഗതം നിരോധിച്ചു. കോസ് വേയോടു ചേർന്ന് ജലസേചന വകുപ്പ് കരിമ്പുകയം ടൂറിസം പദ്ധതിയുടെ ഭാഗമായി നടത്തിയ നിർമാണങ്ങളും നശിച്ചു. 30 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി അധികൃതർ അറിയിച്ചു.
കാഞ്ഞിരപ്പള്ളി – എരുമേലി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കോസ്വേ വഴി കാഞ്ഞിരപ്പള്ളി ചിറക്കടവ് ഭാഗത്തു നിന്നും എരുമേലി, റാന്നി തുടങ്ങിയ സ്ഥലങ്ങളിലേക്കും പോകാൻ കഴിയുന്ന റോഡിൽ ഗതാഗതം സാധ്യമാകാത്ത നിലയാണ്. വെള്ളപ്പൊക്കത്തിൽ ആറ്റിലൂടെ ഒഴുകിയെത്തിയ വലിയ മരങ്ങളും, ഇല്ലിക്കൂട്ടങ്ങളും ഉൾപ്പെടെ കോസ്വേയിൽ ഇടിച്ചാണു കൈവരികൾ തകർന്നത്. കോസ്വേ യിൽ തങ്ങി നിന്ന മരങ്ങളും ഇല്ലിക്കൂട്ടങ്ങളും വെള്ളം ഇറങ്ങിയപ്പോൾ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചാണ് നീക്കിയത്. ഒരു വശത്തെ സമീപനപാതയുടെ പകുതിയോളം തകർന്ന നിലയിലാണ്. സംരക്ഷണഭിത്തി പൂർണമായും തകർന്നു. സമീപനപാതയുടെ അവശേഷിക്കുന്ന ഭാഗത്ത് അടിവശത്ത് വലിയ ഗർത്തവും രൂപപ്പെട്ട നിലയിലാണ്.
റോഡ് അപകടാവസ്ഥയിലായതോടെ ഇതുവഴിയുള്ള ബസ് സർവീസും നിർത്തിവച്ചു. ജലസേചന വകുപ്പ് കരിമ്പുകയം ടുറിസം പദ്ധതിക്കായി ആറ്റുതീരത്ത് നിർമിച്ച സംരക്ഷണ വേലികൾ തകർന്നു. നടപ്പാതയിൽ പാകിയ ടൈലുകളും ഇളകി നശിച്ചു. ഇവ പാകിയിരുന്ന സ്ഥലത്ത് കുഴികൾ രൂപപ്പെട്ട നിലയിലാണ്. നടപ്പാതയിൽ മണ്ണും ചെളിയും അടിഞ്ഞു കൂടിയ നിലയിലാണ്.
