KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

വിദ്യാർത്ഥി സാഗരമായി കാഞ്ഞിരപ്പള്ളിയിൽ തൂഫാൻ റാലി.

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും കാഞ്ഞിരപ്പള്ളി സാംസ്കാരിക കേന്ദ്രത്തിന്റെയും സംയുക്‌താഭിമുഖ്യത്തിൽ ലഹരിക്കെതിരായ കൂട്ടായ്മ ഒരുക്കിയ തൂഫാൻ റാലി കാഞ്ഞിരപ്പള്ളിയെ വിദ്യാർത്ഥി സാഗരമാക്കി. കാഞ്ഞിരപ്പള്ളി പഴയ പള്ളി ഗ്രൗണ്ടിൽ നിന്നും ആരംഭിച്ച റാലി സംസ്ഥാന ആഭ്യന്തരമന്ത്രി ശ്രീ രമേശ് ചെന്നിത്തല ഫ്ലാഗ് ഓഫ് ചെയ്ത് ഉദ്ഘാടന സന്ദേശം നൽകി. സാമൂഹ്യ വിദ്യാഭ്യാസ രംഗങ്ങളിൽ വിലപ്പെട്ട സംഭാവനകൾ നൽകുന്ന കാഞ്ഞിരപ്പള്ളി രൂപതയുടെ സാമൂഹിക പ്രതിബദ്ധതയുടെയും ജാഗ്രതയുടെയും പ്രകാശനമാണ് മൂവായിരത്തിലധികം വിദ്യാർഥികളെ അണിനിരത്തിയുള്ള തൂഫാൻ റാലിയെന്ന് രമേശ് ചെന്നിത്തല അനുസ്മരിച്ചു. ജനതയെ അപകടപ്പെടുത്തുന്ന ലഹരിക്കെതിരെ ശക്തമായ നിലപാട് നിലപാട് സ്വീകരിക്കുന്നതിന് സംസ്ഥാന സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. റാലിയിലുടനീളം തുറന്ന വാഹനത്തിൽ പങ്കെടുത്ത ശ്രീ. രമേശ് ചെന്നിത്തല കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് സ്ക്കൂൾ ഗ്രൗണ്ടിൽ സമാപന സന്ദേശവും നല്കി. വേർതിരിവുകളില്ലാതെ സാമൂഹിക ഉന്നമനത്തിനായി ക്രൈസ്തവ ബോധ്യത്തിലൂന്നിയുള്ള പ്രവർത്തനങ്ങളാണ് കാഞ്ഞിരപ്പള്ളി രൂപതയുടെ വിദ്യാഭ്യാസ മേഖല ലക്ഷ്യമിടുന്നതെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ അധ്യക്ഷപ്രസംഗത്തിൽ പറഞ്ഞു. ലഹരിക്കും സാമൂഹിക തിന്മകൾക്കുമെതിരെ നിതാന്ത ജാഗ്രത പാലിക്കാൻ നമുക്കെല്ലാവർക്കും കടമയുണ്ടെന്നും മാർ ജോസ് പുളിക്കൽ ഓർമിപ്പിച്ചു.

കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് ഹയർ സെക്കൻഡറി സ്ക്കൂൾ ഗ്രൗണ്ടിലെത്തിച്ചേർന്ന തൂഫാൻ റാലിയിൽ പങ്കു ചേർന്ന മൂവായിരത്തിലധികം വിദ്യാർത്ഥികളും അധ്യാപകരും ലഹരി വിരുദ്ധ പ്രതിജ്ഞയെടുക്കുകയും തൂഫാൻ വാരിയേഴ്സായി നിയോഗിക്കപ്പെടുകയും ചെയ്തു. ലഹരി ഉയർത്തുന്ന വെല്ലുവിളികളെ കുറിച്ച് വിദ്യാർത്ഥികളിലും പൊതുസമൂഹത്തിനും അവബോധം നൽകി ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ കൂട്ടായ സഹകരണത്തിന് ആഹ്വാനം നൽകിയ റാലിയിൽ കാഞ്ഞിരപ്പള്ളി എംഎൽഎ പ്രൊഫ. റോണി കെ ബേബി, പൂഞ്ഞാർ എംഎൽഎ അഡ്വ എം ജെ സെബാസ്റ്റ്യൻ, പീരുമേട് എംഎൽഎ അഡ്വ സിറിയക് തോമസ്, ജില്ലാ പഞ്ചായത്തംഗങ്ങളായ അഡ്വ. തോമസ് കുന്നപ്പള്ളി, അഡ്വ ജീരാജ്, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി എ ഷമീർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനി പത്യാല, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, സാമൂഹിക സാംസ്കാരിക നേതാക്കൾ എന്നിവർ പങ്കുചേർന്ന് സന്ദേശം നൽകി. കാഞ്ഞിരപ്പള്ളി രൂപതയിലെ വിവിധ സ്ക്കൂളുകളിലെയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും വിദ്യാർത്ഥികൾ, അധ്യാപകർ എന്നിവർ റാലിയിൽ പങ്കുചേർന്നു.

രൂപതയുടെ വിദ്യാഭ്യാസ-സാമൂഹ്യ സേവന സ്ഥാപനങ്ങളുടെ പ്രത്യേക ചുമതലയുള്ള വികാരി ജനറൽ റവ. ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കലിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കപ്പെട്ട സംഘാടക സമിതിയിൽ കാഞ്ഞിരപ്പള്ളി രൂപത സ്ക്കൂൾ കോർപ്പറേറ്റ് മാനേജർ ഫാ. ഡൊമിനിക് അയലൂപറമ്പിൽ, കാഞ്ഞിരപ്പള്ളി സംസ്കാരിക കേന്ദ്രം സെക്രട്ടറി റവ. ഫാ. മാത്യു പുത്തൻപറമ്പിൽ, ജോയിന്റ് സെക്രട്ടറി റവ. ഫാ. ജസ്റ്റിൻ മതിയത്ത് എന്നിവർ സംഘാടനത്തിന് നേതൃത്വം വഹിച്ചു. സംഘാടന ക്രമീകരണങ്ങൾക്ക് കോട്ടയം ജില്ലാ പോലീസ് മേധാവി സാബു മാത്യു, കാഞ്ഞിരപ്പളളി ഡെപ്യൂട്ടി പോലീസ് സ്യൂപ്രണ്ട് റിജോ പി ജോസ്, കാഞ്ഞിരപ്പള്ളി സർക്കിൾ ഇൻസ്പക്ടർ മഹേഷ് കെ. എൽ, കാഞ്ഞിരപ്പള്ളി എസ്. എച്ച്.ഒ ഗൗതം ഹരി, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ എന്നിവർ സഹകാരികളായി.

വികാരി ജനറൽമാരായ റവ. ഫാ. ജോസഫ് വെള്ളമറ്റം, റവ.ഫാ. സെബാസ്റ്റ്യൻ കൊല്ലംകുന്നേൽ, പ്രൊക്കുറേറ്റർ റവ. ഫാ. ഫിലിപ്പ് തടത്തിൽ, ചാൻസലർ റവ.ഫാ. മാത്യു ശൗര്യാംകുഴി, കാഞ്ഞിരപ്പള്ളി കത്തീഡ്രൽ വികാരി റവ. ഫാ. കുര്യൻ താമരശ്ശേരി,പി. ആർ . ഒ ഫാ. സ്റ്റാൻലി പുള്ളോലിക്കൽ, മീഡിയ കോഡിനേറ്റർ റവ. ഫാ. നോബി വെള്ളാപ്പള്ളി, രൂപത പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി പ്രഫ. ബിനോ പി ജോസ്, ജോയിന്റ് സെക്രട്ടറി അഡ്വ.ഷാൻസി ഫിലിപ്പ്, ക കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് ഹൈസ്ക്കൂൾ ഹെഡ്മാസ്റ്റർ തോമസ് പി. ജെ, ഹയർ സെക്കൻഡറി സ്ക്കൂൾ പ്രിൻസിപ്പൽ ബിനോയി പി ജോസഫ് ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, പോലീസ് അധികാരികൾ, എന്നിവരുൾപ്പെടുന്ന സംഘാടക സമിതിയിലെ വിവിധ കമ്മറ്റികൾ റാലിയുടെ ക്രമീകരണങ്ങൾക്ക് നേതൃത്വം നല്കി.

error: Content is protected !!