കനത്ത മഴ തുടരുന്നു. ആറുകളിൽ ജലനിരപ്പുയർന്നു.. തീരപ്രദേശത്തുള്ളവർ ജാഗ്രതയിൽ..
എരുമേലി: രണ്ടുദിവസമായി മഴതോരാതെ തുടരുമ്പോൾ മണിമല, പമ്പ, അഴുതയാറുകളിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നു. നിലവിൽ പ്രതിസന്ധിയില്ലെങ്കിലും മഴ ശക്തമായി തുടർന്നാൽ മൂക്കംപെട്ടി, അരയാഞ്ഞിലിമൺ, കുരുമ്പൻമൂഴി കോസ്‌വേകൾ വെള്ളത്തിലായേക്കാം. അങ്ങനെ സംഭവിച്ചാൽ യാത്രാമാർഗം തടസ്സപ്പെട്ട് ആ പ്രദേശങ്ങൾ ഒറ്റപ്പെടും.
കൊച്ചുപമ്പ, കക്കി, ആനത്തോട് ഡാമുകൾ തുറക്കേണ്ടിവന്നാൽ പമ്പയാറ്റിൽ വെള്ളം ഉയരുമെന്നതിനാൽ ജാഗ്രതയിലാണ് പമ്പയുടെ തീരപ്രദേശത്തുള്ളവർ. ശനിയാഴ്ച രാത്രിയിൽ വീശിയടിച്ച കാറ്റ് നിരവധി കൃഷിയിടങ്ങളിലും നാശംവരുത്തി.