ഫാ. സ്റ്റാൻ സ്വാമിക്ക് ആദരാഞ്ജലികളർപ്പിച്ച് നടത്തിയ എസ്എംവൈഎം റാലിക്കെതിരായ ആരോപണങ്ങൾ അടിസ്ഥാനരഹിതം..
കാഞ്ഞിരപ്പള്ളി: നീതിനിഷേധത്തിനിരയായി മരണമടഞ്ഞ ഫാ. സ്റ്റാൻ സ്വാമിക്ക് ആദരാഞ്ജലികളർപ്പിച്ച് കാഞ്ഞിരപ്പള്ളി എസ്എംവൈഎം നടത്തിയ പ്രതിഷേധ റാലിക്കെതിരായി തെറ്റായ ആരോപണങ്ങൾ ചില നിഷിപ്ത താൽപ്പര്യക്കാർ ഉന്നയിക്കുന്നതിനെതിരെ എസ്എംവൈഎം ഭാരവാഹികൾ. രാജ്യത്തിന്‍റെ ഐക്യത്തിനും അഖണ്ഡതയ്ക്കുമായി എന്നും നിലകൊള്ളുന്ന യുവജനക്കൂട്ടായ്മയാണ് എസ്എംവൈഎം. അവർ നടത്തിയ റാലിയെയും പ്രസ്താവനകളെയും വളച്ചൊടിക്കുകയും സമൂഹത്തിൽ തെറ്റിദ്ധാരണ പരത്തുകയും ചെയ്യുന്നത് ഖേദകരമാണ്. സമൂഹത്തിലെ പിന്നോക്കക്കാർക്ക് നീതി ലഭ്യമാക്കുന്നതിനായി പോരാടുന്നവരെ നിശബ്ദമാക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ നാടിന്‍റെ സമഗ്ര വളർച്ചയെ ദോഷകരമായി ബാധിക്കും. ലോക്ഡൗണിനിടയിലും ഇത്രയേറെ വികാരം ആളുകൾക്കിടയിലുണ്ടായെങ്കിൽ ഈ നാട് കടന്നു പോകുവാൻ സാധ്യതയുണ്ടായിരുന്ന പ്രതിഷേധ ജ്വാലയെക്കുറിച്ച് സൂചിപ്പിച്ച എസ്എംവൈഎം ഡയറക്ടർ ഫാ. വർഗീസ് കൊച്ചുപുരയ്ക്കലിന്‍റെ പ്രസ്താവനയെ തെറ്റിദ്ധാരണ പരത്തും വിധം പ്രചരിപ്പിക്കുകയും അദ്ദേഹത്തെ വ്യക്തിഹത്യ നടത്തുകയും ചെയ്യുന്നതിൽ എസ്എംവൈഎം നേതൃത്വം പ്രതിഷേധം രേഖപ്പെടുത്തി.
ഭാരതത്തിന്‍റെ ദേശീയത ഉയർത്തിപ്പിടിക്കുകയെന്നത് എസ് എം വൈ എം എമ്മിന്‍റെ ലക്ഷ്യങ്ങളിൽ പ്രധാനമാണ്. അതോടൊപ്പം തന്നെ പാവപ്പെട്ടവരെയും മുഖ്യധാരയിൽനിന്ന് മാറ്റിനിർത്തപ്പെട്ടവരെയും ശുശ്രൂഷിക്കുന്നതിനുള്ള ഉത്തരവാദിത്വം ധൈര്യപൂർവ്വം നിറവേറ്റുകയും ചെയ്യും. കോവിഡ് ഉൾപ്പെടെയുള്ള ദുരിത സാഹചര്യങ്ങളിൽ കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിൽ മരുന്നായും ഭക്ഷണമായും ആശ്വാസമേകി നാടിന്‍റെ നന്മയ്ക്കായി പ്രവർത്തിക്കുന്ന പ്രസ്ഥാനമാണ് എസ്എംവൈഎം. ഈ യുവജനക്കൂട്ടായ്മയെ സൈബർ ആക്രമണത്തിലൂടെ തേജോവധം ചെയ്യുന്നതിൽ നിന്നും നിഷിപ്ത താൽപര്യക്കാർ പിന്തിരിയണമെന്ന് പ്രസിഡന്‍റ് ആദർശ് കുര്യൻ, ജനറൽ സെക്രട്ടറി തോമാച്ചൻ കത്തിലാങ്കൽ എന്നിവർ ആവശ്യപ്പെട്ടു