മുണ്ടക്കയം ടൗണിൽ വൻ തീപിടിത്തം; ഒരു കട പൂർണമായും കത്തിനശിച്ചു
മുണ്ടക്കയം: മുണ്ടക്കയം ടൗണിൽ ചൊവ്വാഴ്ച രാത്രിയുണ്ടായ തീപിടിത്തത്തിൽ ഒരു കട പൂർണമായും കത്തിനശിച്ചു. രണ്ട് കടകൾക്ക് ഭാഗികമായി നാശനഷ്ടമുണ്ടായി. മുണ്ടക്കയം ബസ് സ്റ്റാൻഡിനുള്ളിൽ പ്രവർത്തിച്ചു വന്നിരുന്ന ടൗൺ ബേക്കറിയാണ് പൂർണമായും കത്തിനശിച്ചത്.
സ്ഥാപനത്തിലെ ജനറേറ്ററും റഫ്രിജറേറ്റർ അടക്കമുള്ള ഇലക്ട്രോണിക്സ് ഉപകരണങ്ങളും കത്തി നശിച്ചു. ഇതിന്റെ സമീപത്തെ വസ്ത്രവ്യാപാര സ്ഥാപനത്തിനും തീപിടിത്തത്തിൽ വലിയ നാശനഷ്ടമുണ്ടായി. അറഫാ കോംപ്ലക്സിലെ നിരവധി വ്യാപാരസ്ഥാപനങ്ങളുടെ ബോർഡുകളും ഇലക്ട്രോണിക്സ് ഉപകരണങ്ങളും തീപിടിത്തത്തിൽ കത്തി നശിച്ചു.
രാത്രി 11.30 ഓടെയായിരുന്നു സംഭവം. ടൗൺ ബേക്കറിയിൽനിന്നു തീപടരുന്നത്കണ്ട നാട്ടുകാർ പോലീസിൽ വിവരം അറിയിക്കുകയും പോലീസിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ അഗ്നിബാധ നിയന്ത്രിക്കുവാൻ ശ്രമം നടത്തുകയും ചെയ്തു. തുടർന്ന് കാഞ്ഞിരപ്പള്ളിയിൽ നിന്നും പീരുമേട്ടിൽ നിന്നുമായി മൂന്ന് യൂണിറ്റ് ഫയർഫോഴ്സ് സംഘം എത്തി രാത്രി 1.30 ഓടെ തീ നിയന്ത്രണവിധേയമാക്കുകയായിരുന്നു.
ഏകദേശം 40 ലക്ഷം രൂപയ്ക്ക് മുകളിൽ നാശനഷ്ടം ഉണ്ടായിട്ടുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തൽ. കെട്ടിടത്തിലെ മറ്റു ഭാഗങ്ങളിലേക്ക് തീപടരാതിരുന്നത് വലിയ ദുരന്തമാണ് ഒഴിവാക്കിയത്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. സംഭവസ്ഥലത്ത് ഫോറൻസിക് ടീമംഗങ്ങളും വിരലടയാള വിദഗ്ധരുമെത്തി പരിശോധന നടത്തി. ഇവരുടെ പരിശോധനാഫലം കൂടി പുറത്തു വന്നാൽ മാത്രമേ അപകടത്തിന്റെ യഥാർഥ കാരണം എന്താണെന്ന് അറിയാൻ സാധിക്കുകയുള്ളൂ.
