പ്രവർത്തനം നിലച്ച പാറമടയിൽ സ്ഫോടനം; പരിഭ്രാന്തരായി ജനം
മണിമല: പാറടയിൽനിന്ന് അപ്രതീക്ഷിതമായി ഒരു കിലോ മീറ്ററിലധികം ദൂരത്തിൽ കേൾക്കാവുന്ന തുടർച്ചയായ സ്‌ഫോടനം ജനങ്ങളെ ഭീതിയിലാഴ്‌ത്തി. വെള്ളാവൂർ പഞ്ചായത്ത് അഞ്ചാം വാർഡ് മടുക്കയിലെ റീജൻസി പാറമടയിലായിരുന്നു നാടിനെ നടുക്കിയ സ്‌ഫോടനം.
ഒരു വർഷക്കാലമായി പ്രവർത്തനംനിലച്ച പാറമടയാണിത്. സമീപ പ്രദേശങ്ങളിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന ക്വാറികളിൽനിന്ന് പിടിച്ച വെടിമരുന്ന് മടുക്കയിലെ നിരോധിച്ച പാറമടയിലെ മെഗസിനിലാണ് സൂക്ഷിച്ചിരുന്നത്. കോടതി ഉത്തരവ് പ്രകാരം പോലീസിന്റെയും ഫയർ ഫോഴ്‌സിന്റെയും നേതൃത്വത്തിൽ ഇത് കത്തിച്ചതാണ് വൻ ശബ്ദത്തിൽ നാടിനെ വിറപ്പിച്ചത്. മൈനിങ് ആൻഡ് ജിയോളജി വകുപ്പും ചേർന്ന് നടത്തിയ സ്പോടന വിവരം സമീപ വാസികളെ അറിയിച്ചിരുന്നതായി മണിമല എസ്.എച്ച്.ഒ. പറഞ്ഞു. എന്നാൽ, ഈ വിവരം തങ്ങളെ അറിയിച്ചിരുന്നില്ലെന്ന് പഞ്ചായത്തംഗം സിന്ധുവും പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്.ശ്രീജിത്തും പറഞ്ഞു.
