KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കൂലിപ്രശ്‌നത്തെ തുടർന്ന് സംഘർഷം ; കരാറുകാരൻ തൊഴിലാളികളെ കുത്തിപ്പരിക്കേൽപ്പിച്ചു

കാഞ്ഞിരപ്പള്ളി: കരാറുകാരനും തൊഴിലാളികളും കൂലിപ്രശ്‌നത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ കരാറുകാരനെ പോലീസ് അറസ്റ്റുചെയ്തു. തിടനാട് കൊച്ചുപറമ്പിൽ ജോർജ് ജേക്കബിനെ (ജോർജുകുട്ടി-49) ആണ് പോലീസ് അറസ്റ്റുചെയ്തത്. ഇയാളുടെ പേരിൽ വധശ്രമത്തിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

ബുധനാഴ്ച പോലീസ് ജോർജുകുട്ടിയുമായി സംഭവ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. കോട്ടയം ഫൊറൻസിക് വിഭാഗത്തിൽനിന്നുള്ള ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി.

ആനക്കല്ലിൽ വാടകയ്ക്ക് താമസിച്ചിരുന്ന ഇയാളെ വീട്ടിലെത്തി മർദിച്ചതിന് ആലപ്പുഴ അമ്പലപ്പുഴ സ്വദേശികളായ അനീഷ് (28), വിഷ്ണു (36), അനൂപ് (24), കൂട്ടിക്കൽ സ്വദേശി ഇഷാം എന്നിവർക്കെതിരേയും പോലീസ് കേസെടുത്തിട്ടുണ്ട്.

ചൊവ്വാഴ്ച രാത്രി 7.40-ന് കാഞ്ഞിരപ്പള്ളി-ഈരാറ്റുപേട്ട റോഡിൽ ആനക്കല്ല് കവലയിലാണ് സംഭവം നടക്കുന്നത്. ചൊവ്വാഴ്ച രാവിലെ കൂലിത്തർക്കവുമായി ബന്ധപ്പെട്ട് തിടനാട് പോലീസ് സ്റ്റേഷനിൽ ഇവരെ വിളിപ്പിച്ചിരുന്നു. റൂഫ് വർക്ക് കരാറുകാരനായ ജോർജുകുട്ടി ഇവർക്ക് പണം നൽകാനുണ്ടെന്നായിരുന്നു പരാതി. പോലീസിന്റെ സാന്നിധ്യത്തിൽ പ്രശ്‌നം പരിഹരിച്ചശേഷമാണ് ആക്രമണം നടക്കുന്നത്. വൈകീട്ടോടെ ജോർജുകുട്ടി ആനക്കല്ലിൽ വാടകയ്ക്ക് താമസിക്കുന്ന സ്ഥലത്ത് യുവാക്കളെത്തി പണം ആവശ്യപ്പെട്ട് വാക്കുതർക്കമുണ്ടായി.

തുടർന്നുണ്ടായ സംഘർഷത്തിൽ ജോർജുകുട്ടി മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് ഇവരെ ആക്രമിക്കുകയായിരുന്നു. അക്രമത്തിൽ അമ്പലപ്പുഴ സ്വദേശികളായ അനീഷ്, വിഷ്ണു, അനൂപ് എന്നിവർക്കാണ് കുത്തേറ്റത്. ഇവർ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ജോർജ്കുട്ടിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

error: Content is protected !!