പിതൃസ്‌മരണയിൽ…കർക്കടക വാവ്
മൺമറഞ്ഞ പിതൃക്കളുടെ ഓർമ പുതുക്കുന്ന കർക്കടകത്തിലെ അമാവാസി പുണ്യദിനം ഞായറാഴ്ചയാണ്. മുൻകാലങ്ങളിൽ സ്നാനഘട്ടങ്ങളിലെ പിതൃതർപ്പണമായിരുന്നു കർക്കടക അമാവാസി നാളിലെ അതിവിശിഷ്ടമായ ചടങ്ങ്.
തലമുറകളെ സ്നേഹവാത്സല്യങ്ങളോടെ വളർത്തിയ മാതാ, പിതാ വംശപരമ്പരയിൽപ്പെട്ട പൂർവികരുടെ ഓർമ മനസ്സിൽ നിറച്ച്, അവരെല്ലാം വിഷ്ണുപാദത്തിൽ ലയിച്ച് മോക്ഷപ്രാപ്തി നേടി എന്ന വിശ്വാസസങ്കൽപ്പമാണ് പിതൃബലി ചടങ്ങുകളെ ധന്യമാക്കുന്നത്.
കോവിഡ്നിയന്ത്രണങ്ങൾമൂലം പുണ്യതീർത്ഥങ്ങളിൽ പതിവുള്ള സമൂഹ പിതൃതർപ്പണച്ചടങ്ങുകൾ കഴിഞ്ഞ വർഷത്തേപ്പോലെ ഇത്തവണയും ഉണ്ടാവില്ല. ഇത്തവണ അമാവാസിനാളിൽ പുലർച്ചെ പുണ്യതീർത്ഥങ്ങളോട് ചേർന്നുള്ള ക്ഷേത്രങ്ങളിൽ വിശേഷാൽ വഴിപാടുകൾക്കായിരിക്കും പ്രാധാന്യം. മിക്ക ക്ഷേത്രങ്ങളിലും ബലിതർപ്പണമില്ലെങ്കിലും പിതൃക്കളുടെ സായൂജ്യത്തിനുവേണ്ടി വിശേഷാൽപൂജകൾക്ക് അവസരമുണ്ട്.
ആചാര്യന്മാരുടെ സാന്നിധ്യത്തിലും മുതിർന്നവരുടെ പാരമ്പര്യത്തിലും ഭവനങ്ങളിൽ ഇളമുറക്കാർ ബലിതർപ്പണം നടത്തും. വളരെ പ്രസിദ്ധമായ ചില സ്‌നാനഘട്ടങ്ങളിൽ കോവിഡ്നിയന്ത്രണങ്ങൾ പൂർണമായി പാലിച്ച് ഏറെപ്പേർ പങ്കെടുക്കാതെ പിതൃതർപ്പണത്തിന് സൗകര്യം നൽകുമെന്നും അറിയിപ്പ് ഉണ്ട്.
ക്ഷേത്രങ്ങൾ ഒരുങ്ങി
ഞായറാഴ്ച പുലർച്ചെ മുതൽ ആരംഭിക്കുന്ന ചടങ്ങുകൾക്ക് എല്ലാ ക്ഷേത്രങ്ങളിലും ഒരുക്കങ്ങളായി.പിതൃക്കളുടെ മോക്ഷപ്രാപ്തിക്കായി വിഷ്ണുപൂജയാണ് പ്രധാന ചടങ്ങ്.ആചാര്യന്മാരുടെ കാർമികത്വത്തിൽ തിലഹവനം, നമസ്കാരം (ഒറ്റനമസ്കാരം, കൂട്ടനമസ്കാരം) എന്നീ വഴിപാടുകൾ പൂർവികരുടെ നാളിലും പേരിലും നടത്താൻ ക്രമീകരണം ഉണ്ട്. ശ്രീലകത്ത് പൂജിച്ച ധാന്യങ്ങൾ പിതൃസ്മരണാർത്ഥം കർക്കടകവാവിന് മത്സ്യങ്ങൾക്ക് എറിഞ്ഞുകൊടുക്കുന്ന (മീനൂട്ട്) പോലെയുള്ള വ്യത്യസ്‌തചടങ്ങുകൾ ചിലയിടത്ത് ഉണ്ടാവും.
വേദഗിരി ശാസ്താക്ഷേത്രത്തിലെ വ്യാസതീർത്ഥം, നാഗമ്പടം മഹാദേവ ക്ഷേത്രസങ്കേതത്തിെലെ മീനച്ചിലാറ്റിലെ സ്‌നാനഘട്ടം, വെന്നിമല ശ്രീരാമലക്ഷ്‌മണക്ഷേത്രം, തിരുനക്കര പുതിയ തൃക്കോവിൽ മഹാവിഷ്ണുക്ഷേത്രം, കടപ്പാട്ടൂർ മഹാദേവക്ഷേത്രം, കൈനടി കരുമാത്ര, ഇടപ്പാടി ആനന്ദ ഷൺമുഖ ക്ഷേത്രം, വൈക്കം ഉദയനാപുരം പിതൃകുന്നം ക്ഷേത്രം, തലയോലപ്പറമ്പ് മാത്താനം ദേവീക്ഷേത്രം, കുമരകം ശ്രീകുമാരമംഗലം, വൈക്കം ടി.വി.പുരം ശ്രീരാമക്ഷേത്രം, മാടപ്പള്ളി ദേവീക്ഷേത്രം, കൊടുങ്ങൂർ ദേവീക്ഷേത്രം, വാഴൂർ വെട്ടിക്കാട് ശാസ്താക്ഷേത്രം, മീനച്ചിലാറിന്റെ തീരത്തെ പൂവരണി മഹാദേവക്ഷേത്രം, പെരുന്ന കീഴ്കുളങ്ങര ക്ഷേത്രം തുടങ്ങിയ പുണ്യസങ്കേതങ്ങൾ പരമ്പരാഗത പിതൃതർപ്പണ സ്ഥാനങ്ങളാണ്. കർക്കടകവാവിന് പിതൃസ്മരണയ്ക്കുവേണ്ടി കുമാരനല്ലൂർ ദേവീക്ഷേത്രത്തിൽ രാവിലെ പന്തീരടിപൂജയ്ക്കുശേഷം നടക്കുന്ന വിഷ്ണുപൂജയും തിലഹവനവും വിശിഷ്ടമാണ്.
