കിഡ്‌നി രോഗികൾക്ക് ആശ്വാസമേകുവാൻ മലനാടിന്റെ സാന്ത്വനം പദ്ധതിക്ക് തുടക്കമായി
പാറത്തോട് : വിവിധ ജീവകാര്യണ്യ പ്രവർത്തനങ്ങൾ വഴി, കേരളത്തിനാകെ മാതൃകയായ കാഞ്ഞിരപ്പള്ളി രൂപതയുടെ കീഴിലുള്ള മലനാട് ഫാര്‍മേഴ്‌സ് സൊസൈറ്റി, കിഡ്‌നി രോഗം മൂലം ദുരിതം അനുഭവിക്കുന്നവർക്ക് ആശ്വാസമേകുവാൻ ആവിഷ്കരിച്ച സാന്ത്വനം പദ്ധതിക്ക് തുടക്കമായി.
ഡയാലിസിസ് വഴി സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന ആളുകളുടെ കുടുംബങ്ങളിലേക്ക് എല്ലാ മാസവും ഡയാലിസിസിനായി സഹായമെത്തിക്കുന്ന പദ്ധതിയാണ് ‘സാന്ത്വനം’. മലനാടിന്റെ ഐസ്‌ക്രീം വിപണനത്തില്‍ നിന്നു ലഭിക്കുന്ന വരുമാനത്തില്‍ നിന്നുള്ള തുകയാണ് പദ്ധതിക്കായി മാറ്റിവയ്ക്കുന്നത്. തുടക്കത്തില്‍ 150 രോഗികളുടെ കുടുംബങ്ങള്‍ക്ക് പ്രതിമാസം 3000 രൂപവീതമാണ് അക്കൗണ്ടില്‍ നല്‍കുവനാണ് തീരുമാനിച്ചിരിക്കുന്നത്.
മലനാട് ഫാര്‍മേഴ്‌സ് സൊസൈറ്റിയുടെ കരുതല്‍ വളരെയേറെപ്പേര്‍ക്ക് ആശ്വാസമാകുകയാണെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍. ഡയാലിസിസ് രോഗികള്‍ക്കുള്ള സഹായ പദ്ധതിയായ ‘സാന്ത്വനം’ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മാര്‍ ജോസ് പുളിക്കല്‍.
കാലത്തിന്റെ ആവശ്യമറിഞ്ഞുള്ള പദ്ധതിയാണ് മലനാട് ഫാര്‍മേഴ്‌സ് സൊസൈറ്റി ആവിഷ്‌കരിച്ചിരിക്കുന്നത്. കാഞ്ഞിരപ്പള്ളി രൂപതയുടെ ജനക്ഷേമ പദ്ധതികളുടെ മുഖമാണ് മലനാട് ഫാര്‍മേഴ്‌സ് സൊസൈറ്റി. സാമ്പത്തികമായി വളരെയേറെ പ്രതിസന്ധികള്‍ നേരിടുന്ന ഒത്തിരിയേറെ കിഡ്‌നി രോഗികളുണ്ട്. കൂടുതല്‍ പേരും ആശ്രയം കണ്ടെത്തുന്നത് ഡയാലിസിസിലാണ്. വലിയ പ്രതിസന്ധി നേരിടുന്ന കുടുംബങ്ങള്‍ക്ക് അവരുടെ ഭവനങ്ങളില്‍ തന്നെ പണമെത്തിച്ചുകൊണ്ട് രോഗികളെ ശുശ്രൂഷിക്കുവാന്‍ സാമ്പത്തിക സഹായം നല്‍കുന്ന പദ്ധതിയാണ് സാന്ത്വനമെന്നും മാര്‍ ജോസ് പുളിക്കല്‍ കൂട്ടിച്ചേര്‍ത്തു.
നിരവധി ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന മലനാടിന്റെ കാരുണ്യ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയാണ് സാന്ത്വനമെന്ന് മലനാട് ഫാര്‍മേഴ്‌സ് സൊസൈറ്റി ഡയറക്ടര്‍ ഫാ. തോമസ് മറ്റമുണ്ടയില്‍ പദ്ധതിയുടെ വിശദീകരണത്തില്‍ പറഞ്ഞു. കരുതല്‍ പദ്ധതിയിലൂടെ സൊസൈറ്റി നിലവില്‍ 375 കിടപ്പു രോഗികളെ സഹായിക്കുന്നുണ്ട്. ഡയാലിസിസ് വഴി സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന ആളുകളുടെ കുടുംബങ്ങൡലേക്ക് എല്ലാ മാസവും ഡയാലിസിസിനായി സഹായമെത്തിക്കുന്ന പദ്ധതിയാണ് ‘സാന്ത്വനം’. മലനാടിന്റെ ഐസ്‌ക്രീം വിപണനത്തില്‍ നിന്നു ലഭിക്കുന്ന വരുമാനത്തില്‍ നിന്നുള്ള തുകയാണ് പദ്ധതിക്കായി മാറ്റിവയ്ക്കുന്നത്. തുടക്കത്തില്‍ 150 രോഗികളുടെ കുടുംബങ്ങള്‍ക്ക് പ്രതിമാസം 3000 രൂപവീതമാണ് അക്കൗണ്ടില്‍ നല്‍കുന്നതെന്നും ദൈവത്തിന്റെ സ്‌നേഹം ഗ്രാമങ്ങളിലുള്ള ഏറ്റവും ചെറിയവരില്‍ വരെ ജാതിമതവര്‍ഗലിംഗ ഭേദമെന്യേ എത്തിക്കുകയെന്നതാണ് ലക്ഷ്യമെന്നും ഫാ. തോമസ് മറ്റമുണ്ടയില്‍ പറഞ്ഞു.
മറ്റുള്ളവരുടെ വേദനയില്‍ പങ്കുചേര്‍ന്ന് അതില്‍ അല്‍പ്പമെങ്കിലും കുറവു വരുത്താന്‍ സാധിക്കുക എന്ന സുവിശേഷ ദര്‍ശനമാണ് സാന്ത്വനം പദ്ധതിയിലൂടെ നടപ്പിലാക്കുന്നതെന്ന് അധ്യക്ഷപ്രസംഗം നടത്തിയ കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാള്‍ ഫാ. ബോബി അലക്‌സ് മണ്ണംപ്ലാക്കല്‍ പറഞ്ഞു. എംഡിഎസ് ജോയിന്റ് ഡയറക്ടര്‍ ഫാ. ആല്‍ബിന്‍ പുല്‍ത്തകടിയേല്‍ യോഗത്തില്‍ നന്ദി പറഞ്ഞു.
