KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

വിദ്യാർഥികൾക്കുള്ള സമ്മാനങ്ങളുമായി പൂർവവിദ്യാർഥികളെത്തി…

എരുമേലി: ഓർമകൾ ഓടിക്കളിക്കുന്ന അക്ഷരമുറ്റത്ത് അവർ ഒത്തുകൂടി. ഗതകാലസ്മരണകളുടെ കൂടിച്ചേരൽ മാത്രമായിരുന്നില്ല. സ്‌കൂളിലെ വിദ്യാർത്ഥികൾക്കായി സമ്മാനങ്ങളും കരുതിയിരുന്നു. എരുമേലി ദേവസ്വം ബോർഡ് ഹൈസ്‌കൂളിൽ 1981-ലെ പത്താം ക്ലാസ് വിദ്യാർത്ഥികളാണ് മൂന്ന് പതിറ്റാണ്ട് മുമ്പുള്ള സ്‌കൂൾ ജീവിതത്തിന്റെ ഓർമകളുമായി അക്ഷരമുറ്റത്ത് ഒത്തുചേർന്നത്.

സ്കൂളിലെ ആറ് വിദ്യാർത്ഥികൾക്ക് പഠനസൗകര്യത്തിനായി പുതിയ മൊബൈൽ ഫോൺ നൽകി. എസ്.എസ്.എൽ.സി. പരീക്ഷയിൽ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് കാഷ് അവാർഡും സമ്മാനിച്ചു.

പ്രീ-പ്രൈമറി ക്ലാസിലെ വിദ്യാർത്ഥികൾക്കായി സ്‌കൂളിലെ അദ്ധ്യാപകർ വാങ്ങിയ ഓണക്കോടികളുടെ വിതരണം പൂർവവിദ്യാർത്ഥിയും ഗ്രാമപ്പഞ്ചായത്തംഗവുമായ നാസർ പനച്ചി നിർവഹിച്ചു. വിദ്യാർത്ഥികൾക്കുള്ള സ്മാർട്ട്‌ ഫോണുകൾ പൂർവവിദ്യാർത്ഥി കൂട്ടായ്മ പ്രതിനിധി കെ.എസ്.രാജൻ രക്ഷിതാക്കൾക്ക് കൈമാറി. നിത്യചൈതന്യയതിയുടെ ജീവിതം സംബന്ധിച്ച് പൂർവവിദ്യാർത്ഥിയായ എരുമേലി സന്തോഷ് ചുണ്ടില്ലാമറ്റം എഴുതിയ ‘നിത്യചൈതന്യം’ പുസ്തകം സ്‌കൂൾ അധികൃതർ പൂർവവിദ്യാർത്ഥികൾക്ക് സമ്മാനിച്ചു.

പൂർവവിദ്യാർത്ഥികളായ എ.കെ.വിക്രമൻ ആചാരി, ടി.എൻ.ഹരിദാസ്, ശബരീദാസ്, പുഷ്പലത, പി.ജി.ഷക്കീല, ടി.എ.ഷാജഹാൻ, കെ.പി.നിസാർ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു കൂട്ടായ്മ. പ്രഥമാധ്യാപിക ആർ.ശ്രീകുമാരി, അദ്ധ്യാപകരായ ഉമാ പ്രഹ്ളാദൻ, ജ്യോതി കെ.പിള്ള, പ്രിയാകുമാരി, അജിത, ഗീത കെ.പിള്ള, ശ്രീലക്ഷ്മി, ശ്രീജ, സജിത, ജയശ്രീ, ക്ലാർക്ക് രാജേഷ് കൊട്ടാരപ്പറമ്പിൽ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

error: Content is protected !!