KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

നാടൻ പഴങ്ങളും, പച്ചക്കറികളും മൂല്യവർധിത ഉത്പന്നങ്ങളാക്കിമാറ്റി സംഗീത ഫ്രൂട്ട് പ്രോസസിങ് യൂണിറ്റ് മാതൃകയാകുന്നു

കാഞ്ഞിരപ്പള്ളി: നാടൻ പഴം, പച്ചക്കറി എന്നിവ മൂല്യവർധിത ഉത്പന്നങ്ങളാക്കിമാറ്റാൻ സംരംഭവുമായി കുടുംബശ്രീ പ്രവർത്തകർ. തമ്പലക്കാട് നാലാം മൈലിലാണ് അക്ഷയ കുടുംബശ്രീയിലെ പ്രവർത്തകർചേർന്ന് സംഗീത ഫ്രൂട്ട് പ്രോസസിങ് യൂണിറ്റ് ആരംഭിച്ചിരിക്കുന്നത്. പ്രദേശിക കർഷകരിൽനിന്ന് 450 കിലോ കൈതച്ചക്ക കഴിഞ്ഞ ദിവസം ഏറ്റെടുത്തിരുന്നു.

കർഷകരുടെ ഉത്പന്നങ്ങൾക്ക് മികച്ച വില നൽകി നേരിട്ട് ഏറ്റെടുത്താണ് മൂല്യവർധിത ഉത്പന്നങ്ങളാക്കി മാറ്റുന്നത്. വിപണിയില്ലാതെ ബുദ്ധിമുട്ടുന്ന കർഷകർക്ക് ഉത്പന്നങ്ങൾ വിറ്റഴിക്കുന്നതിനും കുടുംബശ്രീ പ്രവർത്തകർക്ക് മികച്ച തൊഴിൽ ഉറപ്പാക്കുന്നതിനുംകൂടി ലക്ഷ്യമിട്ടാണ് സംരംഭം ആരംഭിച്ചിരിക്കുന്നത്. കാഞ്ഞിരപ്പള്ളി ഗ്രാമപ്പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ കീഴിലാണ് യുണിറ്റ്.

കുമരകം കൃഷിവിജ്ഞാന ഭവനും കോട്ടയം കുടുംബശ്രീയും ചേർന്നാണ് യൂണിറ്റിലെ അംഗങ്ങൾക്ക് പരിശീലനവും, സാങ്കേതിക സഹായവും നൽകിയത്. തിരുവല്ല ഒലീവ് തിയോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടാണ് രണ്ടുലക്ഷം രൂപ വിലവരുന്ന ഉപകരണങ്ങൾ വാങ്ങി നൽകിയത്. മുൻപഞ്ചായത്തംഗം ജാൻസി ജോർജിന്റെ നേതൃത്വത്തിൽ ലിറ്റി ജോമോൻ, രഞ്ജു ബാബു, അഞ്ജു എബ്രഹാം എന്നിവരാണ് നേതൃത്വം നൽകുന്നത്.

കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.തങ്കപ്പൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിതാ രതീഷ് അധ്യക്ഷത വഹിച്ചു.

ജോളി മടുക്കക്കുഴി, വിമല ജോസഫ്, ബേബി വട്ടയ്ക്കാട്ട്, രാജു ജോർജ് തേക്കുംതോട്ടം, അമ്പിളി ഉണ്ണിക്കൃഷ്ണൻ, അഭിലാഷ് ദിവാകർ, അനൂപ് ചന്ദ്രൻ, സരസമ്മ എന്നിവർ പങ്കെടുത്തു.

error: Content is protected !!