കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ; പൂഞ്ഞാർ മണ്ഡലതല ഉദ്ഘാടനം എരുമേലിയിൽ എംഎൽഎ നിർവഹിച്ചു.
എരുമേലി : UDF സർക്കാരിന്റെ ഇന്ദിരാ ഗ്യാരന്റി പദ്ധതിയുടെ ഭാഗമായ KSRTC ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉറപ്പാക്കുന്ന ‘പ്രിയദർശിനി’പദ്ധതിയുടെ പൂഞ്ഞാർ മണ്ഡലംതല ഉദ്ഘാടനം എരുമേലിയിൽ പൂഞ്ഞാർ എംഎൽഎ അഡ്വ സെബാസ്റ്റ്യൻ എം ജെ നിർവഹിച്ചു.സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണത്തിനും സാമൂഹിക മുന്നേറ്റത്തിനും കൂടുതൽ കരുത്തേകുന്ന ഈ പദ്ധതി ആയിരക്കണക്കിന് കുടുംബങ്ങൾക്ക് ആശ്വാസകരമാകും എന്ന് അദ്ദേഹം പറഞ്ഞു .
ഉദ്ഘാടന ഓട്ടത്തിൽ എംഎൽഎ യും പഞ്ചായത്ത് വനിതാ ജനപ്രതിനിധികളും ആദ്യ യാത്രക്കാരായുണ്ടായിരുന്നു. സെന്ററിൽ നിന്ന് ബസിൽ കയറിയ ഇവർ പ്രൈവറ്റ് ബസ് സ്റ്റാൻഡ് ചുറ്റി എരുമേലി പേട്ടക്കവലയിൽ എത്തിയപ്പോൾ ബസിൽ നിന്നിറങ്ങി യാത്രക്കാർക്ക് ആശംസകൾ നേർന്നു.
ആദ്യ സർവീസിൽ വനിതാ കണ്ടക്ടർ ആണ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്നത്. എരുമേലി സെന്ററിൽ ആകെയുള്ള 13 ഓർഡിനറി സർവീസുകളും തിങ്കളാഴ്ച നടത്തിയെന്ന് സ്റ്റേഷൻ ചാർജ് ഓഫിസർ പറഞ്ഞു. ഉദ്ഘാടന യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സജിവൻ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻ്റ് സാറാമ്മ എബ്രഹാം, ജില്ലാ പഞ്ചായത്തംഗം ആശ ജോയ്, ബ്ലോക്ക് പഞ്ചായത്തംഗം സൂര്യകല,
കെപിസിസി ജനറൽ സെക്രട്ടറി പി. എ. സലീം, ഡിസിസി ജനറൽ സെക്രട്ടറിമാരായ റോയ് കപ്പലുമാക്കൽ, പ്രകാശ് പുളിക്കൻ, മണ്ഡലം പ്രസിഡന്റ് റെജി അമ്പാറ, നാസർ പനച്ചി, ടി വി ജോസഫ് , ഫസിം ചുടുകാട്ടിൽ, ഉലഹന്നാൻ, ജോസി ചിറ്റടി, അനസ് പുത്തൻവീട്ടിൽ എന്നിവർ ഉദ്ഘാടന യോഗത്തിൽ പങ്കെടുത്തു.
