ഡിസൈൻ അനുമതി ഇന്നും ലഭിച്ചില്ല ; ബൈപാസ് പില്ലർ കോൺക്രീറ്റിംഗ് നാളെയും നടക്കില്ല.. ജനത്തിന്റെ ദുരിതയാത്ര ഇനിയും നീളും ..
കാഞ്ഞിരപ്പള്ളി ബൈപ്പാസിന്റെ, ഏറ്റവും പ്രധാനപ്പെട്ട നിർമ്മാണങ്ങളിൽ ഒന്നായ, കാഞ്ഞിരപ്പള്ളി മണിമല റോഡിലെ പില്ലർ നിർമ്മാണം വീണ്ടും മുടങ്ങി . പില്ലറിന്റെ ഫൗണ്ടേഷൻ കോൺക്രീറ്റിംഗ് രണ്ടാം ഘട്ടത്തിന് ഐ.ഐ.ടിയുടെ ഔദ്യോഗിക ഡിസൈൻ അനുമതി ലഭിക്കാത്തതിനെ തുടർന്ന് മാറ്റിവച്ചു. അനുമതി ഇന്ന് ലഭിക്കും എന്ന് കരുതിയെങ്കിലും വൈകുന്നേരം വരെ ലഭിച്ചില്ലെന്ന് കോൺട്രാക്ടർ പറഞ്ഞു . തിങ്കളാഴ്ച മുതൽ കോൺക്രീറ്റിംഗ് നടത്തുന്നതിന് പണിക്കാരും, യന്ത്രങ്ങളടക്കം സ്ഥലത്തെത്തിച്ച്, കോൺട്രാക്ടർ അനുമതിക്കായി കാത്തിരിക്കുയാണ്
ജൂലൈ ആദ്യവാരം തന്നെ കോൺക്രീറ്റ് ചെയ്യുന്നതിനുള്ള കമ്പികെട്ട് അടക്കമുള്ള പ്രവർത്തനങ്ങൾ പൂർത്തിയായിരുന്നു. പുതിയ ഡിസൈന് ബുധനാഴ്ച വാക്കാലുള്ള അനുമതി ലഭിച്ചെങ്കിലും ഔദ്യോഗിക അനുമതി ലഭിക്കാത്തതിനെ തുടർന്നാണ് കോൺക്രീറ്റിംഗ് തുടങ്ങുവാൻ സാധിക്കാത്തത്.
ബുധനാഴ്ച കാഞ്ഞിരപ്പള്ളി എം.എൽ.എ പ്രൊഫ. റോണി കെ. ബേബി സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. അടിയന്തിരമായി പ്രശ്ന പരിഹാരം ഉണ്ടാക്കണമെന്ന് ബൈപ്പാസിന്റെ കോൺസൾറ്റന്റിനോട് നിർദേശിക്കുകയും ചെയ്തിരുന്നു .
പില്ലർ നിർമ്മണം നടക്കുന്നതിന്റെ ഭാഗമായി കാഞ്ഞിരപ്പള്ളി-മണിമല റോഡ് അടച്ചിട്ടിരിക്കുന്നത് പ്രദേശവാസികൾക്കും യാത്രക്കാർക്കും വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിച്ചിരിക്കുന്നത്. യാത്രക്കാർ കുന്നുംഭാഗത്ത് നിന്ന് ടിബി റോഡ് വഴിയും , ദേശീയപാതയിൽ എകെജെഎം സ്‌കൂളിന്റെ ഭാഗത്ത് നിന്ന് ടിബി റോഡിൽ പ്രവേശിച്ചുമാണ് മണ്ണാറക്കയത്ത് എത്തുന്നത്. ബസുകളടക്കം ചുറ്റിക്കറങ്ങിപ്പോകേണ്ടതിനാൽ യാത്ര ബുദ്ധിമുട്ടിലാണ്. റോഡുകളാകട്ടെ തകർന്ന നിലയിലാണ് . എകെജെഎം സ്‌കൂളിന്റെ ഭാഗത്ത് നിന്ന് ടിബി റോഡിലേക്ക് പ്രവേശിക്കുന്ന റോഡിന്റെ ഇരുവശത്തേയും ടാറിങ് ഇളകി, കുഴികൾ രൂപപ്പെട്ടിരിക്കുകയാണ്. ഇരുചക്ര വാഹന യാത്രക്കാർ അപകടത്തിൽ പെടുവാൻ സാധ്യത വളരെ കൂടുതലാണ്. ആ റോഡിന്റെ ഇരുവശവും അടിയന്തിരമായി കോൺക്രീറ്റ് ചെയ്ത് സുരക്ഷിതമാക്കേണ്ടതുണ്ട് .
നിലവിൽ വാഹന ഗതാഗത്തിനായി അടച്ചിട്ടിരിക്കുന്ന റോഡ് തുറന്ന് കൊടുക്കുവാൻ സാധിക്കാത്ത അവസ്ഥയിലാണ്. പില്ലറിന്റെ ഫൗണ്ടേഷനു വേണ്ടി ആഴത്തിലുള്ള കുഴിയാണ് കുഴിച്ചിട്ടുള്ളത് . പില്ലർ നിർമ്മണം തറനിരപ്പിൽ എങ്കിലും എത്തിച്ച ശേഷം , സുരക്ഷതമായി കുഴി മൂടിയതിന് ശേഷമേ , വാഹന യാത്രക്കാർക്കായി വഴി തുറന്നു കൊടുക്കുന്നതിത് സാധിക്കൂ. അല്ലെങ്കിൽ ഈ പെരുമഴക്കാലത്ത് അപകടം വരുത്തിയേക്കാം. അതിനാൽ ജനങളുടെ ദുരിതം മനസ്സിലാക്കി , എത്രയും പെട്ടെന്ന് പില്ലർ പണി പൂർത്തീകരിക്കുവാൻ ജനപ്രതിനിധികളും , കോൺട്രാക്ടറും ആത്മാർത്ഥമായി പരിശ്രമിക്കേണ്ടത് വളരെ പ്രധാനമാണ് .

