ആഫ്രിക്കൻ ഒച്ചുകളുടെ ശല്യത്തിൽ പൊറുതിമുട്ടി നിസഹായരായ കർഷകർ.

വാഴൂർ : മഴക്കാലം തുടങ്ങിയാൽ പിന്നെ ആഫ്രിക്കൻ ഒച്ചുകളുടെ ശല്യത്തിൽ പൊറുതിമുട്ടി നിസഹായരാവുകയാണ് പ്രദേശവാസികൾ .
രാത്രിയിൽ കൂട്ടമായി എത്തി കൃഷികൾ മുഴുവൻ തിന്നുനശിപ്പിക്കുന്ന ആഫ്രിക്കൻ ഒച്ചുകളെ തുരത്താനുള്ള വഴികൾ തേടുകയാണ് വാഴൂർ ശാസ്താങ്കൽകാവ് നിവാസികൾ. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഈ പ്രദേശത്ത് രാത്രികാലങ്ങളിൽ അക്കാറ്റിന ഫുലിക്ക എന്ന ശാസ്ത്ര നാമമുള്ള ആഫ്രിക്കൻ ഒച്ചുകളുടെ ശല്യം രൂക്ഷമായി മാറിയിരിക്കുകയാണ്. വാഴൂർ പഞ്ചായത്തിലെ തീർഥപാദപുരം, ശാസ്താങ്കൽക്കാവ്, ചാമംപതാൽ പ്രദേശങ്ങളിലാണ് ശല്യം വലിയതോതിൽ വർധിച്ചിരിക്കുന്നത്. അന്തരീക്ഷവായു ശ്വസിച്ചു കരയിൽ ജീവിക്കുന്ന വലുപ്പം കൂടിയ ഒച്ച് കിഴക്കൻ ആഫ്രിക്കൻ സ്വദേശിയാണ്.
കഴിഞ്ഞ രണ്ടു വർഷമായി ആഫ്രിക്കൻ ഒച്ചിന്റെ ശല്യം അസഹനീയമായിരിക്കുകയാണ് എന്ന് കർഷകർ പറയുന്നു. പച്ചക്കറി കൃഷികളെല്ലാം ഒറ്റ രാത്രികൊണ്ടു തിന്നുനശിപ്പിക്കുന്നതു അവിടെ പതിവാണ്. കൃഷിയിടങ്ങളിൽ അതിരാവിലെ എത്തുമ്പോൾ നിരവധി ആഫ്രിക്കൻ ഒച്ചുകൾ ഓരോ ചെടിയിലും തൂങ്ങിക്കിടക്കുന്നത് പതിവ് കാഴ്ചയാണ്. രാത്രിയിൽ കൂട്ടത്തോടെ പുറത്തെത്തുന്ന ഒച്ചുകൾ പച്ചിലകൾ മുഴുവൻ തിന്നുനശിപ്പിക്കുന്ന സ്ഥിതിയാണ് എന്ന് കൃഷിക്കാർ പരാതിപ്പെടുന്നു.
തുടർച്ചയായി മഴ പെയ്യുന്ന ദിവസങ്ങളിൽ ഇവയുടെ ശല്യം കൂടുതലാണ്. ഉപ്പ്, തുരിശു വെള്ളം, ബാറ്ററി വെള്ളം എന്നിവ ഉപയോഗിച്ചാണ് പ്രദേശവാസികൾ പ്രതിരോധം തീർക്കുന്നത് കൃഷിവകുപ്പും പഞ്ചായത്തും ഇടപെട്ട് കർഷകർക്ക് ആവശ്യ മായ സഹായം നല്‌കി ഒച്ചുകളെ നശിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികൾ ഒറ്റകെട്ടായി ആവശ്യപ്പെടുന്നത്.
തങ്ങളുടെ പറമ്പിലെയും മതിലുകളിലെയും ഒച്ചുകളെ നശിപ്പിക്കാൻ ദിവസേന കിലോക്കണക്കിന് ഉപ്പും തുരിശുമാണു കർഷകർ ചെലവിടുന്നത്. നശിപ്പിക്കുന്നതിന്റെ ഇരട്ടിയായിട്ടാണ് ഓരോ രാത്രിയിലും ജനവാസമേഖലയിലേക്ക് ഇഴഞ്ഞെത്തുന്നത്. കഴിഞ്ഞ രണ്ടു വർഷമായി ഒച്ചുകൾ കർഷകരു ടെയും പ്രദേശവാസികളുടെയും ജീവിതം വഴിമുട്ടിക്കുകയാണ്. മഴക്കാലത്താണ് ഒച്ചുശല്യം കൂടുന്നത്. പകൽ മണ്ണിൽ ഒളിച്ചിരിക്കും. രാത്രി കുട്ടത്തോടെ വീട്ടുമുറ്റത്തേക്കും വഴികളിലേക്കും പറമ്പുകളിലേക്കുമെല്ലാം ഇഴഞ്ഞുകയറും.
തളിരിലകളും തണ്ടുകളും പൂർണമായി കാർന്നു തിന്നുന്നതോടെ ചെടികൾ ദിവസങ്ങൾ ക്കുള്ളിൽ നശിക്കും. ഒച്ചുകൾ അഞ്ചു മുതൽ ആറു തവണവരെ മുട്ട ഇടും. ഓരോ പ്രാവശ്യവും 200 മുട്ടകൾ വിരിയാറുണ്ട്. ജൈവാധിനിവേശത്തിന് നല്ല ഉദാഹരണങ്ങളാണ് ഇവ. മണ്ണിനടിയിൽ 10-15 സെൻ്റിമീറ്റർ താഴ്ചയിൽ കുഴിയുണ്ടാക്കി മൂന്ന് വർഷം വരെ സുഷുപ്തിയിലാണ്ടിരിക്കും.
മണർകാട് പഞ്ചായത്തി ന്റെ വിവിധ പ്രദേശങ്ങൾ, പള്ളിക്കത്തോട്, വാഴൂർ പഞ്ചായത്തുകൾ എന്നിവിടങ്ങളിൽ ഒച്ചു ശല്യം രൂക്ഷമായിരിക്കുകയാണ്. വീടിന്റെ ഭിത്തികൾ, മുറ്റം, അടുക്കള, കിണറിന്റെ പരിസരം എന്നിവിടങ്ങളിൽ കാണപ്പെടുന്നഒച്ച് വീടീനുള്ളിലേക്കും കയറുന്നതായി ജനങ്ങൾ പറയുന്നു.
വാഴത്തോട്ടങ്ങൾ, പുന്തോട്ടങ്ങൾ എന്നിവിടങ്ങളിലാകെ ഒച്ചുകൾ നിറഞ്ഞതിനാൽ പലർക്കും വീടിന് പുറത്തിറങ്ങാൻ പോലും ബുദ്ധിമുട്ടാണ്. 300 ഗ്രാം വരെ ഭാരമുള്ള ആ ഫ്രിക്കൻ ഒച്ചുകളെ കണ്ടെത്തിയതായി നാട്ടുകാർ പറയുന്നു. മുറികൾക്കുള്ളിൽ ചുമരിലും പാത്രങ്ങളിലുമെല്ലാം ഇവ വന്നിരിക്കുന്നതും ദുരിതം സൃഷ്ടിക്കുന്നു. ഭക്ഷണ പാത്രങ്ങളിലേക്ക് വരെ ഒച്ചിന്റെ ശല്യം നീളുന്നതായി ജനങ്ങൾ പറയുന്നു. ഉപ്പ്, ബ്ലീച്ചിങ് പൗഡർ, തുരിശുലായനി, ബാറ്ററി വെള്ളം എന്നിവ ഉപയോഗിച്ചാണ് ഒച്ചിനെ തുരത്തുന്നത്. ഓരോ ദിവസവും ഒച്ചുശല്യം കൂടുതലാകുകയാണെന്ന് പ്രദേശവാസികൾ പറയുന്നു. ഇവ അഴുകുന്ന ദുർഗന്ധവും പ്രതിസന്ധിയാകുന്നെന്നു പ്രദേശവാസികൾ പറയുന്നു. മഴയുടെ തോതും അന്തരീക്ഷത്തിലെ ഈർപ്പവു മാണ് ആഫ്രിക്കൻ ഒച്ചുകൾ വ്യാപിക്കാൻ കാരണം. കൃഷിവകുപ്പും പഞ്ചായത്ത് അധികൃതരും സംയുക്തമായി ഒച്ചുകളുടെ ശല്യത്തിനു ശാശ്വതപരിഹാരമുണ്ടാക്കണമെന്ന ആവശ്യമുയർന്നിരിക്കുകയാണ്.
