ആഫ്രിക്കൻ ഒച്ചുകളുടെ ശല്യത്തിൽ പൊറുതിമുട്ടി നിസഹായരായ കർഷകർ.
വാഴൂർ : മഴക്കാലം തുടങ്ങിയാൽ ആഫ്രിക്കൻ ഒച്ചുകളുടെ ശല്യത്തിൽ പൊറുതിമുട്ടി നിസഹായരാവുകയാണ് പ്രദേശവാസികൾ .
രാത്രിയിൽ കൂട്ടമായി എത്തി കൃഷികൾ മുഴുവൻ തിന്നുനശിപ്പിക്കുന്ന ആഫ്രിക്കൻ ഒച്ചുകളെ തുരത്താനുള്ള വഴികൾ തേടുകയാണ് വാഴൂർ ശാസ്താങ്കൽകാവ് നിവാസികൾ. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഈ പ്രദേശത്ത് രാത്രികാലങ്ങളിൽ അക്കാറ്റിന ഫുലിക്ക എന്ന ശാസ്ത്ര നാമമുള്ള ആഫ്രിക്കൻ ഒച്ചുകളുടെ ശല്യം രൂക്ഷമായി മാറിയിരിക്കുകയാണ്. വാഴൂർ പഞ്ചായത്തിലെ തീർഥപാദപുരം, ശാസ്താങ്കൽക്കാവ്, ചാമംപതാൽ പ്രദേശങ്ങളിലാണ് ശല്യം വലിയതോതിൽ വർധിച്ചിരിക്കുന്നത്. അന്തരീക്ഷവായു ശ്വസിച്ചു കരയിൽ ജീവിക്കുന്ന വലുപ്പം കൂടിയ ഒച്ച് കിഴക്കൻ ആഫ്രിക്കൻ സ്വദേശിയാണ്.
കഴിഞ്ഞ രണ്ടു വർഷമായി ആഫ്രിക്കൻ ഒച്ചിന്റെ ശല്യം അസഹനീയമായിരിക്കുകയാണ് എന്ന് കർഷകർ പറയുന്നു. പച്ചക്കറി കൃഷികളെല്ലാം ഒറ്റ രാത്രികൊണ്ടു തിന്നുനശിപ്പിക്കുന്നതു അവിടെ പതിവാണ്. കൃഷിയിടങ്ങളിൽ അതിരാവിലെ എത്തുമ്പോൾ നിരവധി ആഫ്രിക്കൻ ഒച്ചുകൾ ഓരോ ചെടിയിലും തൂങ്ങിക്കിടക്കുന്നത് പതിവ് കാഴ്ചയാണ്. രാത്രിയിൽ കൂട്ടത്തോടെ പുറത്തെത്തുന്ന ഒച്ചുകൾ പച്ചിലകൾ മുഴുവൻ തിന്നുനശിപ്പിക്കുന്ന സ്ഥിതിയാണ് എന്ന് കൃഷിക്കാർ പരാതിപ്പെടുന്നു.
തുടർച്ചയായി മഴ പെയ്യുന്ന ദിവസങ്ങളിൽ ഇവയുടെ ശല്യം കൂടുതലാണ്. ഉപ്പ്, തുരിശു വെള്ളം, ബാറ്ററി വെള്ളം എന്നിവ ഉപയോഗിച്ചാണ് പ്രദേശവാസികൾ പ്രതിരോധം തീർക്കുന്നത് കൃഷിവകുപ്പും പഞ്ചായത്തും ഇടപെട്ട് കർഷകർക്ക് ആവശ്യ മായ സഹായം നല്‌കി ഒച്ചുകളെ നശിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികൾ ഒറ്റകെട്ടായി ആവശ്യപ്പെടുന്നത്.
തങ്ങളുടെ പറമ്പിലെയും മതിലുകളിലെയും ഒച്ചുകളെ നശിപ്പിക്കാൻ ദിവസേന കിലോക്കണക്കിന് ഉപ്പും തുരിശുമാണു കർഷകർ ചെലവിടുന്നത്. നശിപ്പിക്കുന്നതിന്റെ ഇരട്ടിയായിട്ടാണ് ഓരോ രാത്രിയിലും ജനവാസമേഖലയിലേക്ക് ഇഴഞ്ഞെത്തുന്നത്. കഴിഞ്ഞ രണ്ടു വർഷമായി ഒച്ചുകൾ കർഷകരു ടെയും പ്രദേശവാസികളുടെയും ജീവിതം വഴിമുട്ടിക്കുകയാണ്. മഴക്കാലത്താണ് ഒച്ചുശല്യം കൂടുന്നത്. പകൽ മണ്ണിൽ ഒളിച്ചിരിക്കും. രാത്രി കുട്ടത്തോടെ വീട്ടുമുറ്റത്തേക്കും വഴികളിലേക്കും പറമ്പുകളിലേക്കുമെല്ലാം ഇഴഞ്ഞുകയറും.
തളിരിലകളും തണ്ടുകളും പൂർണമായി കാർന്നു തിന്നുന്നതോടെ ചെടികൾ ദിവസങ്ങൾ ക്കുള്ളിൽ നശിക്കും. ഒച്ചുകൾ അഞ്ചു മുതൽ ആറു തവണവരെ മുട്ട ഇടും. ഓരോ പ്രാവശ്യവും 200 മുട്ടകൾ വിരിയാറുണ്ട്. ജൈവാധിനിവേശത്തിന് നല്ല ഉദാഹരണങ്ങളാണ് ഇവ. മണ്ണിനടിയിൽ 10-15 സെൻ്റിമീറ്റർ താഴ്ചയിൽ കുഴിയുണ്ടാക്കി മൂന്ന് വർഷം വരെ സുഷുപ്തിയിലാണ്ടിരിക്കും.
ഉപ്പുപൊടിയും തുരിശും ഉപയോഗിച്ചാണ് കർഷകർ ഇവയെ തുരത്തുന്നത്. കൃഷിവകുപ്പും പഞ്ചായത്ത് അധികൃതരും സംയുക്തമായി ഒച്ചുകളുടെ ശല്യത്തിനു ശാശ്വതപരിഹാരമു ണ്ടാക്കണമെന്ന ആവശ്യമുയർന്നിരിക്കുകയാണ്.
ഒച്ചുകൾ മാലിന്യത്തിൽനിന്ന്
വർഷങ്ങൾക്കു മുമ്പ് 18-ാം മൈൽ സെന്റ് ജോർജ് യുപി സ്കൂൾ പരിസരത്ത് ലോറിയിൽ എത്തിച്ചു മാലിന്യങ്ങൾ തള്ളിയ സ്ഥലത്തു നിന്നുമാണ് ആ(ഫ്രിക്കൻ ഒച്ചുകളുടെ ഉത്ഭവമെന്നാണു പ്രദേശവാസികൾ പറയുന്നത്. ഫർണിച്ചറുകൾ ഉൾപ്പെടെ നിർമിക്കുന്നതിനായി വിദേശത്തുനിന്നും കപ്പലുകളിൽ എത്തിച്ച തടികൾ ലോറികളിൽ കയറ്റി ഇവിടെ എത്തിച്ചു തരം തിരിച്ചാണു മില്ലുകളിലേക്കു കൊണ്ടുപോയിരുന്നത്. ഇത്തരത്തിൽ തടികൾ എത്തിച്ചിരുന്ന ലോറികളിൽനിന്നു പുറത്തേക്കു തള്ളിയ മാലിന്യത്തിൽനിന്നുമാണ് ഇവ നാട്ടിലെത്തിയ തെന്നാണു പ്രദേശവാസികളുടെ കണ്ടെത്തൽ. ഇവിടെ ഒരു തോടുണ്ട്. ആ തോട്ടിലുടെ ഒഴുകിയാണ് ഇവ ശാസ്താങ്കൽകാവിലും പരിസരത്തും വ്യാപിച്ചതെന്നും നാട്ടുകാർ പറയുന്നു.
300 ഗ്രാം വരെ തൂക്കം
ശാസ്താങ്കൽക്കാവ് പ്രദേശത്ത് കൈവിരൽ വലുപ്പമുള്ള ഒച്ചുമുതൽ 300 ഗ്രാംവരെ തൂക്ക മുള്ള ഒച്ചുകളെ വരെ കണ്ടെത്തിയിട്ടുണ്ട്. ഒച്ചുകളുടെ സ്രവങ്ങളിൽ കാണുന്ന നാടവിരകൾ മനുഷ്യന് ആരോഗ്യപ്രശ്ങ്ങൾ ഉണ്ടാക്കാൻ സാധ്യത കൂടുതലാണ്. കൈകൊണ്ട് ഇവയെ സ്പർശിക്കുന്നതും അപകടമാണ്. ഒച്ചു ചത്തുപോയാലും വെള്ളത്തിൽ 10 ദിവസത്തോളം ജീവിക്കാനുള്ള ശേഷിയുള്ളവയാണ് ഈ നാടവിരകൾ. അതിനാൽ ഒച്ചു കാണപ്പെടുന്ന പ്രദേശത്തെ ജലസ്രോതസുകളിലെ വെള്ളം കുടിക്കുന്നതും അപകടമാണ്.
പ്രധാനമായും മെനിഞ്ചൈറ്റിസ് രോഗമാണ് ഇതുമൂലമുണ്ടാകുന്നത്. കുട്ടികളിലാണ് അധി
കവും ഈ രോഗം കണ്ടെത്തി യിട്ടുള്ളത്. ഒച്ച് വീട്ടിലോ പരിസരത്തോ ഉണ്ടെങ്കിൽ കൈകൾ വൃത്തിയായി കഴുകണം, വെള്ളം നന്നായി തിളപ്പിച്ചു കുടിക്കുക. ഭക്ഷണപദാർഥങ്ങൾ നന്നായി കഴുകി പാകം ചെയ്തു കഴിക്കണം.
വളർച്ചയും സ്വഭാവവും
പ്രജനന ഹെർമഫ്രോഡൈറ്റുകളാണ് ഇവ. അതായത് സ്ത്രീ പുരുഷ പ്രത്യുത്പാദന അവയവങ്ങൾ രണ്ടുപേർക്കുമുണ്ട്. എങ്കിലും പ്രജനനത്തിന് ഇവ ഇണചേരും. അതുകൊണ്ടു തന്നെ ഓരോ പ്രജനനകാലത്തുമുണ്ടാകുന്ന കുഞ്ഞുങ്ങളുടെ എണ്ണം വളരെക്കൂടുതലാണ്.
കോൺക്രീറ്റും ഭക്ഷണം
ആഫ്രിക്കൾ ഒച്ചിന്റെ ഭക്ഷണം ഇതിന്റെ ഭീകരത വ്യക്തമാക്കും. ചെടികൾ മുതൽ കോൺക്രീറ്റ് കെട്ടിടങ്ങൾ വരെ ഇവയ്ക്ക് ഭക്ഷണമാണ്.
ഏകദേശം 500 ഇനങ്ങളിൽ പെട്ട ചെടികളെ ഇത് ഭക്ഷണമാക്കും. കട്ടിയുള്ള പുറന്തോടിനാവശ്യമായ കാത്സ്യം ശേഖരിക്കാനായി കെട്ടിടങ്ങളുടെയും വീടുകളുടെയും ഭിത്തികളിലേക്കും എത്തും. പതിയെ കെട്ടിടങ്ങളുടെ ഭിത്തിയിൽനിന്നു കാത്സ്യം തിന്നുതീർക്കും. ഇത് കെട്ടിടങ്ങൾക്ക് ബലക്കുറവുണ്ടാക്കും. പഴയ കെട്ടിടങ്ങളോ ഉറപ്പു കുറഞ്ഞ മതിലോ ഒക്കെയാണെങ്കിൽ അവ തകർന്നു പോയേക്കാം.
എങ്ങനെ തുരത്തും
വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. ഒച്ചുകളെ ആഹാരമാക്കുന്ന ജീവികൾ കുറവാണ്. ചെറിയ ഒച്ചുകളെ താറാവ്, ഉപ്പൻ എന്നിവ ആഹാരമാ ക്കും. കാട്ടുപന്നികളും ഇവയെ ആഹാരമാക്കും. ഒച്ചിനുള്ള പ്രതിവിധി ഉപ്പും തുരിശുവെള്ളവുമാണ്. ഒന്നോ രണ്ടോ എണ്ണമൊക്കെയാണെങ്കിൽ ഉപ്പിട്ട് കൊല്ലാം.
എന്നാൽ ധാരാളമുള്ളപ്പോൾ ഉപ്പ് പ്രായോഗികമല്ല. ഉപ്പിട്ടും തുരിശു വെള്ളം തളിച്ചും കൊല്ലുന്ന ഒച്ചുകൾ ചീഞ്ഞ് മറ്റ് ആരോഗ്യ-പാരിസ്ഥിതിക പ്രശ്‌നങ്ങൾ ഉണ്ടാക്കാം.
അതുണ്ടാകാതിരിക്കാൻ ഇവയെ കുഴിച്ചുമുടണം. കീടനാശിനികൾ ലഭ്യമാണെങ്കിലും അവ പ്രയോഗിച്ചാൽ വീട്ടിലെ വളർത്തു മൃഗങ്ങൾ ചാകാനും ജലാശയത്തിലും മറ്റും കലരാനുമുള്ള സാധ്യതയുണ്ട്.
