പ്രവർത്തനം ലാഭകരം; എന്നിട്ടും…എരുമേലി കെ.എസ്.ആർ.ടി.സി. സെൻ്റർ ദുരിതക്കയത്തിൽ.
എരുമേലി : ശബരിമല ദർശനത്തിനുപോകുന്ന ലക്ഷോപലക്ഷം അയ്യപ്പഭക്തരും നാട്ടുകാരും ആശ്രയിക്കുന്ന എരുമേലിയിലെ കെ.എസ്.ആർ.ടി.സി. ഓപ്പറേറ്റിങ് സെൻ്റർ ലാഭകരമാണെങ്കിലും അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കാനോ, സെന്ററിനെ ഡിപ്പോയാക്കി ഉയർത്താനോ നാളിതുവരെയും നടപടിയില്ല. ഭൂമിയുടെ ഉടമസ്ഥതയിലെ തർക്കം, സെന്ററിലെ കെട്ടിടങ്ങളുടെ അപകടാവസ്ഥ, സെന്ററിൽ ബസ് നിർത്തുന്നയിടത്തെ തകർച്ച തുടങ്ങി ഒട്ടേറെ പ്രശ്നങ്ങളാണ് ഇവിടെയുള്ളത്.
കെട്ടിടത്തിന് ഫിറ്റ്നസ് ഇല്ലെന്ന് പഞ്ചായത്തും പൊതുമരാമത്ത് വകുപ്പ് എൻജിനിയർമാരും രണ്ടുവർഷം മുൻപ് പരിശോധിച്ച് സ്ഥിരീകരിച്ചിരുന്നു. കെട്ടിടം അപകടാവസ്ഥയിലായതിനാൽ ടിക്കറ്റ് ആൻഡ് കാഷ് വിഭാഗത്തിലുള്ള ജീവനക്കാർക്കായി സെന്ററിന്റെ എതിർവശത്തുള്ള ദേവസ്വം കെട്ടിടത്തിൽ സൗകര്യം ക്രമീകരിച്ചാണ് നിലവിൽ പ്രവർത്തനം.
പൊതുശൗചാലയ കെട്ടിടവും അപകടാവസ്ഥയിലാണ്. സ്ത്രീകൾക്കും പുരുഷൻമാർക്കുമായി വെവ്വേറെയുള്ള രണ്ട് ശൗചാലയങ്ങളിൽ ഒന്ന് അടച്ചിരിക്കുകയാണ്. രണ്ടും അപകടാവസ്ഥയിലാണെങ്കിലും യാത്രക്കാർക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിക്കാനാണ് ഒരുഭാഗം തുറന്നിരിക്കുന്നത്.
സെന്ററിൽ ബസ് പാർക്ക് ചെയ്യുന്നതും യാത്രക്കാർ നടക്കുന്നതുമായ പ്രതലം തകർന്ന് കുഴികൾ നിറഞ്ഞനിലയിലാണ്. ഇനി നാലുമാസമേയുള്ളൂ ശബരിമല തീർഥാടനകാലം തുടങ്ങാൻ. മണ്ഡല മകരവിളക്ക് കാലത്ത് മൂന്നിരട്ടി lയിലേറെ വരുമാനം സെൻ്റർ നേടുന്നുണ്ട്. കഴിഞ്ഞ മണ്ഡല- മകരവിളക്ക് കാലത്ത് പമ്പ സർവീസിലൂടെ ലഭിച്ചത് മൂന്നരക്കോടിയിൽപരം രൂപയായിരുന്നു.
പ്രശ്നങ്ങളിലൂടെ…
സെന്റർ പ്രവർത്തിക്കുന്ന ഭൂമിയുടെ ഉടമസ്ഥത അവകാശപ്പെട്ട് സ്വകാര്യവ്യക്തി പാലാ ജില്ലാ കോടതിയിൽ നൽകിയ ഹർജിയിൽ കോടതി വ്യക്തിക്കനുകൂലമായി വിധിച്ചിരുന്നു. ഇതിനെതിരേ കെ.എസ്.ആർ.ടി.സി. നൽകിയ അപ്പീൽ സെപ്റ്റംബർ മാസം പരിഗണിക്കാനിരിക്കുകയാണ്. വിധിക്കെതിരേ കേസിൽ കക്ഷിചേരാൻ അപേക്ഷ നൽകിയിരിക്കുകയാണ് ഗ്രാമപ്പ ഞ്ചായത്ത് മുൻ പ്രസിഡൻ്റ് ടി.എസ്. കൃഷ്ണകുമാർ.
നിയമോപദേശം അനുസരിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് അമ്പിളി സജീവൻ പറഞ്ഞു. ദേവസ്വം ബോർഡ് പാട്ടത്തിന് കൊടുത്ത ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് വ്യക്തിക്ക് അനുകൂലമായി കോടതിയുടെ വിധിയുണ്ടായിട്ട് നാളേറെയായെങ്കിലും കെ.എസ്. ആർ.ടി.സി. നൽകിയ അപ്പീലിൽ കക്ഷി ചേരാൻ ദേവസ്വവും പഞ്ചായത്തും അലംഭാവം കാട്ടുകയായിരുന്നെന്നും ആക്ഷേപം ഉണ്ട്.
ചരിത്രം
തിരുവിതാംകൂർ ദേവസ്വം ബോർഡിൽനിന്ന് 60 സെൻ്റ് സ്ഥലം പാട്ടവ്യവസ്ഥയിൽ എടുത്ത് 1998-ലാണ് സെ lന്റർ തുടങ്ങിയത്. ജനകീയാസൂത്രണ പദ്ധതിയിൽ സംസ്ഥാനത്തെ ആദ്യ സെന്റർ. ഗാരേജ്, ഓഫീസ്, ടിക്കറ്റ് ആൻഡ് കാഷ് റൂം, കാത്തിരിപ്പ് കേന്ദ്രം, ശൗചാലയങ്ങൾ തുടങ്ങി സെൻ്ററിന്റെ പ്രവർത്തനത്തിനാവശ്യമായ സൗകര്യങ്ങൾ ഒരുക്കിയത് പഞ്ചായത്ത്. പ്രവർത്തനം തുടങ്ങി ഏതാനും വർഷത്തിനിടെ സെന്റർ നിർത്തലാക്കാൻ ശ്രമം തുടങ്ങി. അന്ന് നാടൊരുമിച്ച് സമരം നടത്തി സെന്ററിനെ പിടിച്ചുനിർത്തി. പി ന്നീട് ഗാരേജ് നിർത്തലാക്കി ഓപ്പറേറ്റിങ് സെന്റർ മാത്രമാക്കാനും ശ്രമം നടന്നപ്പോൾ നാട്ടുകാർ മാത്രമല്ല ജീവനക്കാരും പ്രതിഷേധിച്ചിരുന്നു.
പ്രളയം വില്ലനായി
2021-ഒക്ടോബർ മാസം. എരുമേലി ടൗണിനെ മുക്കിയ പ്രളയദിനം. വലിയ തോട് കരകവിഞ്ഞ് കെ.എസ്.ആർ.ടി. സി. സെന്ററിനെ മുക്കി. കെട്ടിടത്തിന്റെ അടിത്തറവരെ ഇളകി. ജീവനക്കാർക്ക് സുരക്ഷയോടെ ജോലിചെയ്യാൻ പറ്റാത്ത സാഹചര്യം. ഓഫീസിലിരുന്ന് ജോലിചെയ്യാൻ ജീവനക്കാർക്ക് പറ്റാതായതോടെ, ദേവസ്വം കെട്ടിടത്തിൽ പകരം സംവിധാനമൊരുക്കി. സെൻ്ററിൻ്റെ ഒരു വശത്ത് വ്യക്തിയുടെ പറമ്പിൻ്റെ കൽക്കെട്ട് ഇടിഞ്ഞുകിടക്കുകയാണ്.
