എരുമേലിയിലെ നിർദ്ദിഷ്ട എരുമേലി ഗ്രീൻഫീൽഡ് വിമാനത്താവളം ആറന്മുളയ്ക്ക് മാറ്റുവാൻ ചരടുവലികൾ ; കവചമൊരുക്കി കാഞ്ഞിരപ്പള്ളി എം.എൽ.എ. പ്രൊഫ റോണി കെ. ബേബി

എരുമേലി : ഒരു പതിറ്റാണ്ടിലേറെ കാലമായി എരുമേലി പ്രതീക്ഷയോടെ കാത്തിരിക്കുന്ന നിർദ്ദിഷ്ട എരുമേലി ഗ്രീൻഫീൽഡ് വിമാനത്താവളം , അവിടെ നിന്നും മാറ്റി ആറന്മുളയിലേക്ക് കൊണ്ടുപോകുവാൻ ചിലർ ചരടുവലികൾ നടത്തുന്നുവെന്ന വാർത്ത പ്രദേശവാസികൾ ഞെട്ടലോടെയാണ് കേട്ടത് . എന്നാൽ നിർദ്ദിഷ്ട ശബരിമല ഗ്രീൻ ഫീൽഡ് വിമാനത്താവളം ചെറുവള്ളി എസ്റ്റേറ്റിൽ തന്നെ സ്ഥാപിക്കണം എന്നാവശ്യപ്പെട്ട് കാഞ്ഞിരപ്പള്ളി എം.എൽ.എ. പ്രൊഫ റോണി കെ ബേബി മുഖ്യമന്ത്രിക്ക് കത്ത് നൽകി . അടുത്ത ദിവസങ്ങളിൽ മുഖ്യമന്ത്രിയെ നേരിൽ കണ്ട് ചർച്ചകൾ നടത്തുമെന്നും, നിർദ്ദിഷ്ട ശബരിമല എയർപോർട്ട് എരുമേലിയിൽ തന്നെ നിലനിർത്തുവാൻ പരമാവധി ശ്രമിക്കുമെന്ന് എൽ.എൽ.എ പറഞ്ഞു.
ആറന്മുളയിൽ വർഷങ്ങൾക്ക് മുൻപ് എയർപോർട്ടിനായി ചർച്ചകൾ നടത്തുകയും, പിന്നീട് 2014 -ൽ പ്രൊജക്റ്റ് ഉപേക്ഷിക്കുകയും ചെയ്ത സ്ഥലത്തിന്റെ ഭൂ ഉടമ എബ്രഹാം കലമണ്ണിൽ ആറന്മുള വിമാനത്താവള പദ്ധതിക്കായി ദില്ലിയിൽ നിന്നുള്ള വിദഗ്ധ സംഘത്തെ എത്തിച്ച് കഴിഞ്ഞ ദിവസം വീണ്ടും ഡ്രോൺ സർവ്വേ നടത്തിയതോടെയാണ് വിവാദവും കനത്തത്. രണ്ടാംഘട്ട സർവേക്കായി കമ്പനി വീണ്ടും എത്തുമെന്നും നിലവിൽ പദ്ധതി മേഖലയിൽ തന്റെ 400 ഏക്കർ ഭൂമിയുണ്ടെന്നും അദ്ദേഹം വിവരിച്ചു. ഇനി ആയിരം ഏക്കർ കൂടി കണ്ടെത്തണം. ആരെയും കുടിയൊഴിപ്പിക്കാതെയും ആറന്മുള ക്ഷേത്രത്തെ ബാധിക്കാതെയുമാകണം പദ്ധതി യാഥാർത്ഥ്യമാക്കം. ഇക്കാര്യങ്ങൾ സർക്കാരിനെ ബോധ്യപ്പെടുത്താനാണ് സർവ്വേ നടത്തിയത് എന്നും എബ്രഹാം കലമണ്ണിൽ വിവരിച്ചു.
2004 ലാണ് എബ്രഹാം കലമണ്ണിൽ വിമാനത്താവള പദ്ധതിയുടെ പ്രാരംഭ നടപടികൾ തുടങ്ങിയത്. വി എസ് സർക്കാരിന്റെ കാലത്ത് തത്വത്തിൽ അനുമതി ലഭിച്ചു. 2011 ൽ ഉമ്മൻചാണ്ടി സർക്കാർ വന്നതോടെ പ്രദേശം വ്യവസായ മേഖലയായി പ്രഖ്യാപിച്ചു. പിന്നീട് ആറന്മുളയിൽ ഉണ്ടായത് വലിയ ജനകീയ പ്രക്ഷോഭമായിരുന്നു. 2014 മെയ് മാസത്തിൽ ഹരിത ട്രിബ്യൂണൽ പദ്ധതിക്കുള്ള പാരിസ്ഥിതിക അനുമതി റദ്ദാക്കി. സുപ്രീംകോടതി ഹരിത ട്രിബ്യൂണലിന്‍റെ നിലപാട് ശരിവെച്ചതോടെ നടപടികൾ എല്ലാം മുടങ്ങി. ഭൂ ഉടമ എബ്രഹാം കലമണലിന്റെ കയ്യിലുള്ള ഭൂമിയടക്കം മിച്ച ഭൂമിയായും പ്രഖ്യാപിച്ചു. ഇതിന് എതിരായ കേസുകൾ ഹൈക്കോടതിയിൽ നടക്കുന്നു. ഈ മാസം 16 ന് കേസ് പരിഗണിക്കുന്നുമുണ്ട്. സർക്കാർ അംഗീകൃത ഏജൻസി എത്തിച്ച വീണ്ടും പാരിസ്ഥിതിക സർവ്വേ നടത്താനുള്ള നീക്കം റവന്യൂ വകുപ്പിലെ ചില ഉദ്യോഗസ്ഥരുടെ പിന്തുണയിൽ അണിയറയിൽ നടക്കുന്നുണ്ടെന്നാണ് അറിവ്. അതേസമയം പദ്ധതി മേഖലയിലെ ഭൂമിയുമായി ബന്ധപ്പെട്ട നിയമപ്രശ്നങ്ങൾ പരിഹരിക്കുക എളുപ്പമല്ല. പരിസ്ഥിതി സംഘടനകൾ ഉൾപ്പെടെ ശക്തമായി എതിർക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
നിർദ്ദിഷ്ട ശബരിമല ഗ്രീൻ ഫീൽഡ് വിമാനത്താവളം ചെറുവള്ളി എസ്റ്റേറ്റിൽ തന്നെ സ്ഥാപിക്കണം എന്നാവശ്യപ്പെട്ട് കാഞ്ഞിരപ്പള്ളി എം.എൽ.എ. പ്രൊഫ റോണി കെ ബേബി മുഖ്യമന്ത്രിക്ക് കത്ത് നൽകി. അടുത്ത ദിവസങ്ങളിൽ മുഖ്യമന്ത്രിയെ നേരിൽ കണ്ട് , ചർച്ചകൾ നടത്തുമെന്നും അദ്ദേഹം പറഞ്ഞു .
