അമൽജ്യോതി കോളജിൽ എ.ഐ കോൺക്ലേവ്.
കാഞ്ഞിരപ്പള്ളി: അമൽജ്യോതി എൻജിനിയറിംഗ് കോളജ് സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന എ.ഐ. കോൺക്ലേവ് 2026ന് തുടക്കമായി. നിർമിത ബുദ്ധിയുടെ വളർച്ചയും സ്വാധീനവും ചർച്ച ചെയ്യുന്ന കോൺക്ലേവ് കെ. ഫ്രാൻസിസ് ജോർജ് എം പി ഉദ്ഘാടനം ചെയ്തു. ആർട്ടി ഫിഷ്യൽ ഇന്റലിജൻസിന്റെ സാധ്യതകളും ഉത്തരവാദിത്വങ്ങളും സമൂഹത്തിന്റെ ഭാവിയിലേക്കുള്ള സ്വാധീനവും വളർച്ചയുമാണ് സൂചിപ്പിക്കുന്നതെന്നും എഐയുടെ ഉപയോഗം സംബന്ധിച്ച ഒരു നിയമസംഹിത തയാറാക്കാൻ കേന്ദ്രസർക്കാർ മുൻകൈയെടുക്കണമെന്നും എംപി പറഞ്ഞു. മനുഷ്യരുടെ കഴിവുകൾ വർധിപ്പിക്കുന്നതിനും സമൂഹത്തിലെ യഥാർഥ പ്രശ്നങ്ങൾക്ക് സാങ്കേതികവിദ്യയിലൂടെ പരിഹാരം കണ്ടത്തുന്നതിനും എഐക്ക് കഴിയുമെന്നും എഐയുടെ അനന്ത സാധ്യതകൾ പ്രയോജപ്പെടുത്താൻ വിദ്യാർഥി സമൂഹം തയ്യാറാകണമെന്നും എംപി നിർദേശിച്ചു.
കോളജ് ഗവേണിംഗ് ബോഡി ചെയർമാൻ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ ആരോഗ്യ കാർഷിക മേഖലയിൽ എഐയുടെ അനന്തമായ സാധ്യതകളാണുള്ളതെന്നും ഓരോ 24 മണിക്കൂർ കഴിയുമ്പോഴും എഐ മേഖലയിൽ പുതിയ അപ്ഡേഷനുകൾ വന്നുകൊണ്ടിരിക്കുകയാണെന്നും ഈ സാധ്യതകൾ ഉൾക്കൊള്ളാനാകാതെ ഇനി മുന്നോട്ടു പോകാൻ കഴിയില്ലെന്നും ഫാ. ബോബി അലക്സ് പറഞ്ഞു. എം.ജെ. സെബാസ്റ്റ്യൻ എംഎൽഎ മുഖ്യപ്രഭാഷണം നടത്തി. ഡയറക്ടർ ഓഫ് അഡ്മിനിസ്ട്രേഷൻ ഫാ.ഡോ. റോയി ഏബ്രഹാം പഴയപറമ്പിൽ, പ്രിൻസിപ്പൽ ഡോ. ലില്ലിക്കുട്ടി ജേക്കബ്, അക്കാദമിക് ഡീൻ ഫാ. ഡോ. റൂബിൻ തോട്ടു പുറത്ത്, ഫാക്കൽറ്റി കോ-ഓർഡിനേറ്റർ ബിനുമോൻ ജോസഫ്, കേബിൾ ഓപ്പറേറ്റേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് പ്രവീൺ മോഹൻ എന്നിവർ പ്രസംഗിച്ചു .
രണ്ട് ദിവസങ്ങളിലായി നടക്കുന്ന എഐ കോൺക്ലേവിൽ ഹാക്കത്തൺ, എക്സ്പേർട്ട് വർക്ക്ഷോപ്പുകൾ, പാനൽ ഡിസ്കഷൻ, എഐ ഇന്നൊവേഷൻ ഷോകോസ് തുടങ്ങിയ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. ഇന്നു വൈകുന്നേരം അഞ്ചിന് നടക്കുന്ന സമാപന സമ്മേളനം കോട്ടയം കളക്ടർ ചേതൻ കുമാർ മീണ ഉദ്ഘാടനം നിർവഹിച്ച് ഹാക്കത്തൺ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യും.
