എരുമേലിയിൽ ലഹരിവിരുദ്ധ ശിൽപ്പശാല ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു.
എരുമേലി : മദ്യം അടക്കം മയക്ക് മരുന്ന് ഉപയോഗിച്ചാല്‍ ജീവിതം തന്നെ ഇല്ലാതാകുമെന്ന് സംസ്ഥാന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. സംസ്ഥാന സര്‍ക്കാരിന്റെ ഓപ്പറേഷന് തൂഫാന് പദ്ധതിയുടെ ഭാഗമായി തിങ്കളാഴ്ച എരുമേലി ശ്രീനിപുരത്ത് സംഘടിപ്പിച്ച ലഹരി വിരുദ്ധ ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .
ജീവിതമാണ് ലഹരി.. നമ്മുടെ കുട്ടികളെ ലഹരി ഉപയോഗിക്കാന്‍ അനുവദിക്കരുത്. ലഹരി ഉപയോഗിക്കുന്നതിലൂടെ തലച്ചോറ് നശിച്ച്, ശരീരം ക്ഷയിച്ച് ചെറുപ്രായത്തില്‍ തന്നെ കുട്ടികള്‍ നമ്മെ വിട്ടുപിരിയാന്‍ കാരണമാവുമെന്ന് അദ്ദേഹം പറഞ്ഞു. സമൂഹത്തെ ബാധിക്കുന്ന ഏറ്റവും വലിയ പ്രശ്നം ലഹരിയാണ്. മദ്യം അടക്കം ലഹരി ഉപയോഗിച്ച് വാഹനം ഓടിക്കുന്നതിലൂടെ അപകടങ്ങള്‍ ഉണ്ടാകുന്നത് പതിവായിരിക്കുന്നു. രാത്രികാലങ്ങളില്‍ മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ പിടികൂടണമെന്ന തന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയില്‍ നാലുദിവസംകൊണ്ട് 15,000ത്തിലധികം പേരെയാണ് പിടികൂടിയതെന്നും അദ്ദേഹം പറഞ്ഞു. ലോകത്ത് ഒരിടത്തും മദ്യം ഉപയോഗിച്ച് വാഹനം ഓടിക്കാന്‍ നിയമമില്ല. എന്നാല്‍ ഇവിടെ അതും നടക്കുന്നു. മദ്യപിച്ച ആൾ വാഹനം ഓടിക്കുമ്പോള്‍ വാഹനം ഓടിക്കുന്നയാളും അപകടത്തില്‍ പെടുന്നയാളും മരണത്തിന് കാരണമാകുകയാണ്. ജീവിതത്തില്‍ ഒരിക്കലും ലഹരി ഉപയോഗിക്കില്ല എന്നതാണ് നമ്മുടെ പ്രതിജ്ഞയെന്ന് പറഞ്ഞ അദ്ദേഹം സംസ്ഥാന സര്‍ക്കാരിന്റെ തൂഫാന് പദ്ധതിയുടെ ഭാഗമായ പ്രതിജ്ഞ ചൊല്ലി കൊടുത്താണ് പ്രസംഗം അവസാനിപ്പിച്ചത്.
പൂഞ്ഞാര്‍ എംഎല്‍എ അഡ്വ. എൻ ജെ സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. കോട്ടയം ജില്ലാ ലീഗല്‍ സര്‍വീസസ് അതോററ്റി, കാഞ്ഞിരപ്പള്ളി താലൂക്ക് സര്‍വീസസ് കമ്മറ്റി, കാഞ്ഞിരപ്പള്ളി ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് സംയുക്താഭിമുഖ്യത്തിലാണ് ശില്പശാല സംഘടിപ്പിച്ചത്. ഡോക്യുമെന്ററി പ്രദര്‍ശനവും, ബോധവല്‍ക്കരണ ക്ലാസുകളും, പ്രൊഫഷണല്‍ കൗണ്‍സിലിംഗും, സാംസ്കാരിക പരിപാടികളും നടന്നു. പോലീസ്, എക്സൈസ്, വനം വകുപ്പ് അടക്കം വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ പങ്കാളിത്തവും പരിപാടിയില്‍ ഉണ്ടായിരുന്നു. ശില്പശാലയില് ശ്രീനപുരം നിവാസികളുടെ നാടന്‍ കലാപരിപാടികളും കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക് ലോ കോളേജ് വിദ്യാര്‍ഥികളുടെ വിവിധ പരിപാടികളും നടന്നു.
ജില്ലാ ലീഗല്‍ സര്‍വീസസ് കമ്മറ്റി സെക്രട്ടറി അത്തിക് റഹ്മാന്, കാഞ്ഞിരപ്പള്ളി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് നിയത പ്രസാദ് , ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി എ ഷമീര്‍ , ജില്ലാ പഞ്ചായത്ത് അംഗം ആശാ ജോയ് , എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സജീവന്, കാഞ്ഞിരപ്പള്ളി ബാര്‍ അസോസിയേഷന് പ്രസിഡന്റ് അഡ്വ.റെനി ജോസഫ് , ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ.സൂര്യകല, lപാനല്‍ വിഭാഗം അഡ്വക്കേറ്റുമാരായ അഡ്വ.ഡി .മുരളീധരന് , അഡ്വ.ജോസ് സിറിയക്, അഡ്വ.ബിന്ദു എം തോമസ് അഡ്വ. അര്‍ച്ചന ആര്.പിള്ള, ലീഗല്‍ സര്‍വീസസ് കമ്മറ്റി സെക്രട്ടറി സാജു ജെ സെബാസ്റ്റ്യന്‍ , പാരാ ലീഗല്‍ ലീഗല്‍ വോളണ്ടിയര്‍ സോജാ ബേബി എന്നിവര്‍ പങ്കെടുത്തു.
