എൻ. ഹരി : ബി.ജെ.പി. സംസ്ഥാന മധ്യമേഖലാ പ്രസിഡന്റ്

കോട്ടയം ജില്ലയിൽ ബി.ജെ.പി.യുടെ നിരവധി സമര പോരാട്ടങ്ങൾക്ക് നേതൃത്വം കൊടുത്ത ബിജെപി സംസ്ഥാന സമിതി അംഗമായ എൻ. ഹരിയെ ബി.ജെ.പി. സംസ്ഥാന മധ്യമേഖലാ പ്രസിഡന്റായി നിയമിച്ചു. മൂന്ന്‌ ജില്ലകളുടെ ചുമതലയാണ് 44-കാരനായ ഹരിയെ പാർട്ടി ഏല്പിച്ചിരിക്കുന്നത്.

എ.ബി.വി.പി.യിലൂടെയാണ് ഹരി സംഘടനാ പ്രവർത്തനം ആരംഭിക്കുന്നത്. യുവമോർച്ച പള്ളിക്കത്തോട് പഞ്ചായത്ത് കൺവീനർ, യുവമോർച്ച പുതുപ്പള്ളി നിയോജകമണ്ഡലം ജനറൽ സെക്രട്ടറി, യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി, പ്രസിഡന്റ്‌, സംസ്ഥാന സെക്രട്ടറി, ബി.ജെ.പി. ജില്ലാ ജനറൽ സെക്രട്ടറി, ജില്ലാ അധ്യക്ഷൻ എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്. നിലവിൽ സംസ്ഥാനസമിതിയംഗമാണ്. നാലുതവണ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചു. പഴയ വാഴൂർ നിയോജകമണ്ഡലം [ഇന്നത്തെ കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം ], പാലാ നിയോജക മണ്ഡലം, പാല ഉപതെരഞ്ഞെടുപ്പ്, പുതുപ്പള്ളി നിയോജക മണ്ഡലം എന്നിവിടങ്ങളിൽ ബിജെപി സ്ഥാനാർഥിയായി ഹരി ജനവിധി തേടി.

ഇപ്പോൾ ബി.ജെ.പി. ഭരിക്കുന്ന പള്ളിക്കത്തോട് പഞ്ചായത്തിൽ 10 വർഷം (2000-‘10) ബി.ജെ.പി. അംഗമായിരുന്നു. പള്ളിക്കത്തോട്ടിലെ ആദ്യ ബി.ജെ.പി.അംഗവും എൻ.ഹരിയാണ്.

പള്ളിക്കത്തോട് തെക്കേപ്പറമ്പിൽ പി.കെ.നാരായണൻ നായരുടയും സി.ആർ .സരസമ്മയുടെയും മകനാണ്. ഭാര്യ: സന്ധ്യാ ഹരി. മക്കൾ : അമൃത, സംവൃത.

error: Content is protected !!