ശബരിമല തീർഥാടനം: നിരീക്ഷണത്തിന് ജില്ലാ പോലീസ് മേധാവിയെത്തി
എരുമേലി: ശബരിമല തീർഥാടനം തുടങ്ങാൻ ഒന്നമാസം മാത്രം ശേഷിക്കെ, എരുമേലിയിൽ സ്ഥിതിഗതികൾ നിരീക്ഷിക്കാൻ ജില്ലാ പോലീസ് മേധാവി ഡി.ശില്പ എരുമേലിയിലെത്തി. ചൊവ്വാഴ്ച വൈകീട്ട് 4.30-ഓടെയാണ് എത്തിയത്.
എരുമേലി ധർമശാസ്താ ക്ഷേത്രം, പേട്ട ശാസ്താക്ഷേത്രം, വാവരുപള്ളി, കണമല, കാനനപാതയിലെ കാളകെട്ടി എന്നിവിടങ്ങൾ സന്ദർശിച്ചു.
കനത്ത മഴയായതിനാൽ പരമ്പരാഗത പാതയിലെ കോയിക്കക്കാവ് പ്രദേശത്ത് സന്ദർശനം നടത്താനായില്ല. കോവിഡ് രോഗ പശ്ചാത്തലത്തിൽ തീർഥാടകരുടെ തിരക്ക് ഗണ്യമായി കുറഞ്ഞെങ്കിലും, വരുന്ന ഭക്തർക്ക് ആവശ്യമായ സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായാണ് സന്ദർശനം.
പ്രധാനമായും റോഡിന്റെ സ്ഥിതി, അപകട മേഖലകൾ, ഭക്തർ കൂടുതലെത്തുന്ന ഇടങ്ങൾ തുടങ്ങിയ കാര്യങ്ങൾ മനസ്സിലാക്കാനും അതനുസരിച്ച് തീർഥാടനകാലത്ത് പോലീസിനെ നിയോഗിക്കാനുമാണ് നേരിട്ട് സന്ദർശനം നടത്തിയതെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു.
കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി. ബാബുക്കുട്ടൻ, സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി. സജിമോൻ, എരുമേലി എസ്.എച്ച്.ഒ. എം.മനോജ് എന്നിവരും ജില്ലാ പോലീസ് മേധാവിയെ അനുഗമിച്ചു.