ജെസ്നയുടെ തിരോധാനം: തുറന്നുപറയാൻ കഴിയാത്ത പലകാര്യങ്ങളുമുണ്ടെന്ന് എസ്പി
: കാഞ്ഞിരപ്പള്ളി എസ്ഡി കോളജിലെ രണ്ടാംവർഷ വിദ്യാർഥിനി ആയിരുന്ന ജെസ്ന മരിയ ജയിംസിന്റെ തിരോധാനം സംബന്ധിച്ച അന്വേഷണത്തിൽ വ്യക്തമായ ഉത്തരമുണ്ടെന്ന് പത്തനംതിട്ട എസ്പി കെ.ജി.സൈമണ്‍. തുറന്നുപറയാൻ കഴിയാത്ത പലകാര്യങ്ങളുമുണ്ടെന്നും വൈകാതെ തീരുമാനമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. കോവിഡ് വ്യാപനം അന്വേഷണത്തിൽ മങ്ങലേൽപ്പിച്ചെന്നും ശുഭപ്രതീക്ഷയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2018 മാർച്ച് 22-നാണ് കൊല്ലമുള സന്തോഷ് കവല കുന്നത്തുവീട്ടിൽ ജെസ്നയെ കാണാതാകുന്നത്. കേസ് അന്വേഷണത്തിനു പ്രത്യേക പോലീസ് സംഘത്തെ നിയമിച്ചെങ്കിലും ജെസ്നയെക്കുറിച്ച് ഒരു വിവരവും കണ്ടെത്താനായില്ല. പിന്നീട് അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറി.
മുണ്ടക്കയം പുഞ്ചവയലിലുള്ള ബന്ധുവിന്റെ വീട്ടിലേക്കു പോകാനായാണ് ജെസ്ന വീട്ടിൽനിന്ന് ഇറങ്ങിയത്. എരുമേലി വരെ സ്വകാര്യ ബസിൽ എത്തിയതായി മൊഴിയുണ്ട്. പിന്നീടു ജെസ്നയെ ആരും കണ്ടിട്ടില്ല.
മാർച്ച് അവസാനം ജെസ്നയെ സംബന്ധിച്ച് ചില വിവരങ്ങൾ പൊലീസിനു ലഭിച്ചെങ്കിലും കോവിഡ് വ്യാപനമായതിനാൽ അന്വേഷണത്തിൽ തടസങ്ങൾ നേരിട്ടിരുന്നു. ജെസ്ന ജീവനോടെയുണ്ടെന്ന വിവരമാണ് അനൗദ്യോഗികമായി പോലീസ് ഉദ്യോഗസ്ഥരിൽനിന്ന് ലഭിക്കുന്നത്. ജെസ്ന തമിഴ്നാട്ടിലേക്കാണു പോയതെന്നാണു വിവരം.
കേസന്വേഷണത്തിനായി രണ്ടുലക്ഷം ടെലിഫോണ്‍ മൊബൈൽ നന്പരുകൾ ശേഖരിച്ചു. 4,000 നന്പരുകൾ സൂക്ഷ്മ പരിശോധനയ്ക്കു വിധേയമാക്കി. ജെസ്നയ്ക്കായി പോലീസ് കുടകിലും ബംഗളുരുവിലുമെല്ലാം അന്വേഷണം നടത്തി. ജെസ്നയെയും സുഹൃത്തിനെയും ബംഗളുരുവിലെ ഒരു സ്ഥാപനത്തിൽ കണ്ടതായി ഗേറ്റ് കീപ്പറായ മലയാളി വിവരം നൽകിയെങ്കിലും ജെസ്നയല്ലെന്നു പിന്നീട് വ്യക്തമായി.
ബംഗളുരു എയർപോർട്ടിലും മെട്രോയിലും ജെസ്നയെ കണ്ടതായി സന്ദേശങ്ങൾ ലഭിച്ചതനുസരിച്ച് പോലീസ് സംഘം പലതവണ ബംഗളുരുവിലെത്തി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. അവയൊന്നും ജെസ്നയുടേതായിരുന്നില്ല. സംഭവ ദിവസം 16 തവണ ജെസ്നയെ ഫോണിൽ വിളിച്ച ആണ് സുഹൃത്തിനെ പലതവണ ചോദ്യം ചെയ്തെങ്കിലും തെളിവുകൾ ലഭിച്ചില്ലെന്നു പോലീസ് പറയുന്നു.