എരുമേ കൊച്ചുതോട്ടിലെ വെള്ളപ്പാച്ചിൽ പാറമടയിലെ തടയണ തകർന്നതിനാൽ; റവന്യൂ ഉദ്യോഗസ്ഥർ പരിശോധനയ്ക്കെത്തി
ചെമ്പകപ്പാറ പാറമട പ്രദേശത്ത് ഡെപ്യൂട്ടി കളക്ടർ മുഹമ്മദ് ഷാഫി പരിശോധനയ്‌ക്കെത്തിയപ്പോൾ. വില്ലേജ് ഓഫീസർ ഹാരിസ് സമീപം
എരുമേലി: ജനവാസകേന്ദ്രമായ ചരളയിൽ കൊച്ചുതോട്ടിലുണ്ടായ മലവെള്ളപ്പാച്ചിലിന് കാരണം ചെമ്പകപ്പാറ പാറമടയിലെ തടയണ തകർന്നത്. കൊടിത്തോട്ടം പ്രദേശത്ത് ഉരുൾപ്പൊട്ടിയെന്നായിരുന്നു അഭ്യൂഹം. ശനിയാഴ്ച അനുഭവപ്പെട്ട കനത്ത മഴയിലാണ് പാറമട പ്രദേശത്തുനിന്ന് കൊച്ചുതോടുവഴി മലവെള്ളപ്രവാഹം ഉണ്ടായത്.
പാറമട ഉൾപ്പെടുന്ന മലയുടെ അടിവാരമായ ചരളയിൽ 30-ഓളം കുടുംബങ്ങൾ താമസിക്കുന്നുണ്ട്. കല്ലും മണ്ണുമുൾപ്പെടെ ഖനനത്തിന് ശേഷമുള്ള അവശിഷ്ടങ്ങൾ മടയിൽകൂടിക്കിടക്കുകയാണ്. പ്രദേശത്തുനിന്നു താഴ്‌വരയിലേക്കുള്ള വെള്ളമൊഴുക്ക് തടയാൻ തടയണകൾ ഉണ്ടെങ്കിലും, കഴിഞ്ഞ ദിവസത്തെ മഴയിൽ തടയണയുടെ ഒരുഭാഗം തകർന്നതാണ് ജനവാസ മേഖലയിലേക്ക് വെള്ളം കുത്തിയൊഴുകാൻ കാരണമായത്. കല്ലും മണ്ണും നിറഞ്ഞ് തോടിന്റെ സ്വാഭാവികത നഷ്ടപ്പെട്ടു. ഇനിയും മഴ കനത്താൽ ഒഴുകിയെത്തുന്ന വെള്ളം ഉൾക്കൊള്ളാനാവാത്ത നിലയിലാണ് പ്രദേശത്തെ തോടും ഓടകളും. താഴ്‌വാരത്തെ വീട്ടുകാരും ആശങ്കയിലാണ്.
പാറമടയുടെ പ്രവർത്തനം നിയമാനുസൃതമല്ലെന്നും ഗ്രാമവാസികൾക്ക് ഭീഷണിയാണെന്നും നാട്ടുകാർ പറയുന്നു. പാറമട വിരുദ്ധ സമിതിയുടെ നേതൃത്വത്തിൽ ഹൈക്കോടതിയിൽ നൽകിയ ഹർജിയുടെ അടിസ്ഥാനത്തിൽ പരിസ്ഥിതി ആഘാത സമിതി സ്ഥലം സന്ദർശിച്ച് തെളിവെടുക്കുകയും സമിതിയുടെ റിപ്പോർട്ടിൻമേൽ പാറമടയുടെ പ്രവർത്തനം താത്കാലികമായി നിർത്തിയിരിക്കുകയുമാണ്.
പാറമട നിർത്തലാക്കണമെന്നും മടയുടെ പ്രദേശത്ത് കുന്നുകൂടിക്കിടക്കുന്ന കല്ലും മണ്ണും ഉൾപ്പെടെയുള്ള അവശിഷ്ടങ്ങൾ നീക്കം ചെയ്യണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
മലവെള്ളപ്പാച്ചിലുണ്ടായ ചരള പ്രദേശത്തും പാറമടയിലും ഡെപ്യൂട്ടി കളക്ടർ മുഹമ്മദ് ഷാഫി പരിശോധന നടത്തി. തഹസിൽദാർ ബിനു സെബാസ്റ്റ്യൻ, വില്ലേജ് ഓഫീസർ ഹാരിസ് തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.