വണ്ടൻപതാൽ അസംബനിയിൽ ഉരുൾപൊട്ടിയ ഭാഗം കണ്ടെത്താനായില്ല റോഡും കലുങ്കുകളും നശിച്ചു
മഴവെള്ളപ്പാച്ചിലിൽ ഒലിച്ചെത്തിയ കല്ലും ചെളിയും സന്നദ്ധപ്രവർത്തകർ നീക്കംചെയ്യുന്നു
മഴവെള്ളപ്പാച്ചിലിൽ വണ്ടൻപതാലിൽ റോഡ് തകർന്നനിലയിൽ
മുണ്ടക്കയം: വണ്ടൻപതാൽ അസംബനി ഭാഗത്ത് നാശംവിതച്ചത് ഉരുൾപൊട്ടലിലല്ല മഴവെള്ളപ്പാച്ചിലെന്ന് സംശയം. ശനിയാഴ്ച ഉച്ചയ്ക്കുശേഷം ഉണ്ടായ കനത്ത മഴയെത്തുടർന്ന് അസംബനി മല്ലപ്പള്ളി കോളനി ഭാഗത്തൂടെയാണ് വെള്ളം ഒഴുകിയെത്തിയത്. കൂപ്പ് ഭാഗത്തുണ്ടായ ഉരുൾപൊട്ടലാണ് പ്രദേശത്ത് കനത്ത വെള്ളമൊഴുക്കിന് കാരണമെന്ന് ആദ്യം ജനപ്രതിനിധികൾ അടക്കമുള്ളവർ പറഞ്ഞിരുന്നത്. എന്നാൽ, ഉരുൾപൊട്ടിയ പ്രദേശം കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. കൂപ്പുഭാഗങ്ങളിൽ പരിശോധന നടത്തിയെന്നും ഉരുൾപൊട്ടലിന്റെ ലക്ഷണങ്ങൾ കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നും എരുമേലി ഫോറസ്റ്റ് റേഞ്ച് ഓഫീസർ എം.വി.ജയകുമാർ പറയുന്നു.
തേക്ക് കൂപ്പിലുള്ള മലയുടെ മുകളിൽനിന്ന് മലവെള്ളം താഴേക്ക് ഒന്നിച്ച് ഒഴുകിയെത്തിയതാകാം ദുരന്തകാരണമെന്ന് സംശയിക്കുന്നു. കനത്ത മഴയാണ് പ്രദേശത്തുണ്ടായതും. എട്ട്, ഒൻപത് വാർഡുകളിലെ നിരവധി വീടുകളിൽ വെള്ളം കയറുകയും. വീടുകൾക്കു നാശനഷ്ടം സംഭവിക്കുകയും ചെയ്തു. വണ്ടൻപതാൽ അസംബനി നടപ്പാലവും തകർന്നു. കോൺക്രീറ്റ് ചെയ്ത പഞ്ചായത്ത് റോഡുകളും ഇടവഴികളും വെള്ളമൊഴുക്കിൽ നശിച്ചു. കല്ലും മണ്ണും ഒഴുകിയെത്തി കലുങ്കുകളടക്കം അടഞ്ഞ നിലയിലാണ്.
അപ്രതീക്ഷിതമായി വെള്ളം എത്തിയതോടെ ആളുകൾ ഭീതിയിലായി. പ്രദേശത്ത് ആദ്യമായിട്ടാണ് വലിയ വെള്ളപ്പൊക്കമുണ്ടാകുന്നതെന്ന് പ്രദേശവാസികൾ പറയുന്നു. ഇനിയും മഴതുടർന്നാൽ ദുരന്തം ആവർത്തിക്കുമോയെന്ന ഭീതിയിലാണ് പ്രദേശവാസികളെന്ന് ഗ്രാമപ്പഞ്ചായത്തംഗങ്ങളായ ഫൈസൽ മോൻ, സിനിമോൾ തടത്തിൽ എന്നിവർ പറയുന്നു. വെള്ളംകയറി ഒഴുകിയ പ്രദേശങ്ങളിൽ രാഷ്ട്രീയ, സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തിവരുകയാണ്.