ഗവർണർ കൂട്ടിക്കൽ സന്ദർശനം റദ്ദാക്കി ; പ്രകൃതി ദുരന്ത നഷ്ടപരിഹാരത്തിന് പൂഞ്ഞാർ എംഎൽഎ ഗവർണറെ സന്ദർശിച്ച് നിവേദനം നൽകി

മുണ്ടക്കയം : പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ കൂട്ടിക്കൽ ഉൾപ്പെടെ വിവിധ പ്രദേശങ്ങളിലാകെ സംഭവിച്ച പ്രകൃതി ദുരന്ത നഷ്ടപരിഹാരത്തിന് കേന്ദ്ര സഹായം അഭ്യർത്ഥിച്ച് ബഹു. സംസ്ഥാന ഗവർണർ ശ്രീ. ആരിഫ് മുഹമ്മദ് ഖാന് പൂഞ്ഞാർ എംഎൽഎ അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ നിവേദനം നൽകി.

ശനിയാഴ്ച ഗവർണർ കൂട്ടിക്കൽ, മുണ്ടക്കയം പ്രദേശങ്ങൾ സന്ദർശിക്കുന്നതിന് നിശ്ചയിച്ചിരുന്നു എങ്കിലും, കഴിഞ്ഞ ദിവസം, ഉരുൾ പൊട്ടലുകളും മറ്റും വീണ്ടും ഉണ്ടായതിനാൽ സുരക്ഷാ കാരണങ്ങളാൽ സന്ദർശനം റദ്ദാക്കുകയായിരുന്നു. ഈ സന്ദർഭത്തിൽ അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ അദ്ദേഹത്തെ നേരിൽ കണ്ട് നിയോജകമണ്ഡലത്തിൽ സംഭവിച്ച പ്രകൃതി ദുരന്തം സംബന്ധിച്ച കാര്യങ്ങൾ വിശദമായി ധരിപ്പിക്കുകയും അടിയന്തര കേന്ദ്രസഹായത്തിന് ഇടപെടൽ നടത്തണമെന്ന് അഭ്യർത്ഥിച്ച് നിവേദനം നൽകുകയും ചെയ്തു. ആൾനാശവും, വീടും വീട്ടുപകരണങ്ങളും പൂർണ്ണമായും ഭാഗികമായും നശിച്ചതും, ഉപജീവനമാർഗങ്ങൾ നഷ്ടപ്പെട്ടതും, കച്ചവട സ്ഥാപനങ്ങൾ നശിച്ചതും, റോഡുകളും പാലങ്ങളും തകർന്നതും, ചില പ്രദേശങ്ങൾ ഒറ്റപ്പെട്ടുകിടക്കുന്നതും, വാർത്താവിനിമയ ബന്ധങ്ങൾ തകർന്നതും, വൈദ്യുതി, ജലവിതരണ ബന്ധങ്ങൾ തകരാറിലായ തും കൃഷിനാശവും ഉൾപ്പെടെ പ്രകൃതി ദുരന്ത ത്തിന്റെ എല്ലാ ദുരിത സാഹചര്യങ്ങളും അദ്ദേഹത്തോട് വിശദീകരിച്ചു. ദുരന്തം സംബന്ധിച്ച് കേന്ദ്ര സഹായം ലഭ്യമാക്കുന്നതിന് ഇടപെടുമെന്നും, കേന്ദ്ര ദുരന്ത നിവാരണ അതോരിറ്റി പ്രതിനിധികളോട് സ്ഥലം സന്ദർശിക്കുന്നതിന് നിർദ്ദേശിക്കുമെന്നും അദ്ദേഹം അറിയിച്ചു.

error: Content is protected !!