KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കനകപ്പലം സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പഴയപള്ളിയുടെ ശതാബ്ദി ആഘോഷ സമാപനം

എരുമേലി: കനകപ്പലം സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പഴയപള്ളിയുടെ ശതാബ്ദി ആഘോഷങ്ങളുടെ സമാപന സമ്മേളനം പരിശുദ്ധ കാതോലിക്ക ബാവാ മോറന്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ത്രിതീയന്‍ ഉദ്ഘാടനം ചെയ്തു. വിശ്വാസി സമൂഹത്തിന്റെ നൂറു വര്‍ഷത്തെ കഠിനാധ്വാനം കൊണ്ട് ഉന്നതിയിലെത്തി നില്‍ക്കുന്ന പഴയപള്ളി മാതൃകയാണെന്നും ഇതിനായി പ്രയത്‌നിച്ച എല്ലാവരെയും അദേഹം അഭിനന്ദിച്ചു. ദരിദ്രരില്ലാത്ത കനകപ്പലം പ്രദേശം വിഭാവനം ചെയ്തു കൊണ്ട് പ്രവര്‍ത്തിക്കാന്‍ അദേഹം ആഹ്വാനം ചെയ്തു. പാവപ്പെട്ടയാളുകള്‍ക്ക് കൈത്താങ്ങുകയായിരിക്കണം ഈ ഇടവകയുടെ ആത്മീയ സമ്പത്ത് എന്ന് അദേഹം പറഞ്ഞു.

ശതാബ്ദിയോടനുബന്ധിച്ച് നവീകരിച്ച പള്ളിയുടെ ശതാബ്ദി സ്മാരക ശിലയും, ശതാബ്ദി സ്മാരക കവാടവും സമര്‍പ്പിച്ചു. നിലയ്ക്കല്‍ ഭദ്രാസന മെത്രാപ്പോലീത്ത ഡോ. ജോഷ്വ മാര്‍ നിക്കോദിമോസ് അധ്യക്ഷത വഹിച്ചു. അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം. എല്‍. എ. ശതാബ്ദി സഹായവിതരണം ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കണ്‍വീനര്‍ ബിജു ജോണ്‍ ചാലക്കുഴി ചരിത്ര അവതരണം നടത്തി. പള്ളിയുടെ പുരോഗതിയ്ക്ക് നല്‍കി വരുന്ന പിന്തുണയ്ക്ക് എരുമേലി കോപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റായി 30 വര്‍ഷം പൂര്‍ത്തീകരിച്ച സഖറിയ ഡോമിനിക് ചെമ്പകത്തുങ്കലിനെ സമ്മേളനത്തില്‍ കാതോലിക്ക ബാവ ഉപഹാരം നല്‍കി ആദരിച്ചു. മുതിര്‍ന്ന വികാരിമാര്‍ക്കും ഇടവകയിലെ മുതിര്‍ന്ന ആളുകള്‍ക്കും മെത്രാപ്പോലീത്ത ഡോ. ജോഷ്വ മാര്‍ നിക്കോദിമോസ് ആദരവ് നല്‍കി. ബ്ലോക്ക് പഞ്ചായത്തംഗം ടി. എസ്. കൃഷ്ണകുമാര്‍, വാര്‍ഡംഗം സുനില്‍ ചെറിയാന്‍, ഇടവകയുടെ മുന്‍ വികാരിമാര്‍ ഫാ. ജോണ്‍ സാമുവേല്‍, ട്രസ്റ്റി കുര്യന്‍ പോള്‍ ചാലക്കുഴി, ജനറല്‍ കണ്‍വീനര്‍ ബിനോ ജോണ്‍ ചാലക്കുഴി, പബ്ലിസിറ്റി കണ്‍വീനര്‍ സി. പി. മാത്തന്‍, റോബിൻ സി.വർഗീസ് എന്നിവർ പ്രസംഗിച്ചു.

      1921 ജനുവരിയില്‍ പുത്തന്‍വീട്ടില്‍ യാക്കോബ് കശീശ മാതാവിന്റെ നാമത്തില്‍ ആദ്യ കുര്‍ബാന അര്‍പ്പിച്ച് തുടക്കം കുറിച്ചതാണ് ദേവാലയം. 24-12-1921 ല്‍ തിരുവിതാംകൂര്‍ മഹാരാജാവ് മൂലം തിരുനാള്‍ രാമവര്‍മ്മയുടെ ആഞ്ജപ്രകാരമാണ് പള്ളി സ്ഥാപിതമായത്. വര്‍ഷങ്ങളുടെ പഴക്കമുള്ള കുരിശും, ദേവാലയത്തിനുള്ളിലെ തൂക്കുവിളക്കും, 70 വര്‍ഷം മുന്‍പ് എരുമേലി പാട്ടാളില്‍ തോമസ് ഈപ്പന്‍ ഒറ്റക്കല്ലില്‍ നിര്‍മിച്ചു നല്‍കിയ മാമോദീസ തൊട്ടിയും, 1921 ലെ ഇടവക രജിസ്റ്റര്‍, അക്കാലത്തെ പടിയോല എന്നിവ ചരിത്രത്തിന്റെ തിരുശേഷിപ്പുകളായി ദേവാലയത്തില്‍ സംരക്ഷിക്കുന്നു. പള്ളിയുടെ മുന്‍പിലായി ചെമ്പുപൂശിയ അഷ്ടമംഗല്യ തറയില്‍ സ്ഥാപിച്ചിരിക്കുന്ന കല്‍കുരിശും പൗരാണികത വിളിച്ചോതുന്നു. റഷ്യയില്‍ നിന്നുമെത്തിയവര്‍ ഗ്ലാസില്‍ ആലേഖനം ചെയ്തിരിക്കുന്ന യേശുവിന്റെ രൂപങ്ങളും പ്രാചീനതയുടെ തെളിവാണ്.
error: Content is protected !!