പാലത്തിന്റെ പണികൾ ആരംഭിച്ചില്ല; ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദർശിച്ചു
കാഞ്ഞിരപ്പള്ളി: പ്രളയത്തില്‍ തകര്‍ന്ന കാഞ്ഞിരപ്പള്ളി – എരുമേലി റോഡിലെ ഇരുപത്താറാം മൈലിലെ പാലം പൊതുമരാമത്ത് ബ്രിഡ്ജസ് വിഭാഗം ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു. തുക അനുവദിച്ച ശേഷവും അറ്റകുറ്റപ്പണി ആരംഭിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് പൊതുമരാമത്ത് ബ്രിഡ്ജസ് വിഭാഗം എക്സിക്യൂട്ടീവ് എൻജിനിയറുടെ നേതൃത്വത്തിലുള്ള സംഘം പരിശോധയ്ക്കെത്തിയത്.
അറ്റകുറ്റപ്പണിക്കായി കഴിഞ്ഞദിവങ്ങളില്‍ വെള്ളം പമ്പ് ചെയ്ത് കളയാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. വെള്ളം പൂര്‍ണമായും വറ്റിച്ചെങ്കില്‍ മാത്രമെ അടിത്തറ അടക്കമുള്ള പാലത്തിന്റെ തൂണുകള്‍ ബലപ്പെടുത്തുവാന്‍ കഴിയു. നിലവില്‍ താഴേക്ക് ഒഴുക്കില്ലാത്തതിനാലും പാലത്തിന് സമീപത്തായി ചെക്ക് ഡാം നിലനില്‍ക്കുന്നതിനാലും വെള്ളം പൂര്‍ണമായും വറ്റിക്കാൻ പറ്റാത്ത സ്ഥിതിയാണ്.
അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനായി 19.60 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ട്. നിലവിലെ പാലം ഗതാഗത യോഗ്യമാക്കിയ ശേഷം പുതിയ പാലം നിര്‍മിക്കാനാണ് തീരുമാനം. ഒരു വശത്ത് കൂടി ഗതാഗതം അനുവധിച്ചാകും പാലം നിര്‍മിക്കുക. പുതിയപാലം നിര്‍മിക്കുന്നതിനായി 2.73 കോടി രൂപയുടെ എസ്റ്റിമേറ്റ് പൊതുമരാമത്ത് വകുപ്പ് തയാറാക്കി നല്‍കിയിരുന്നു.
കാഞ്ഞിരപ്പള്ളി, പാറത്തോട് പഞ്ചായത്തുകളുടെ അതിര്‍ത്തിയില്‍ പടപ്പാടി തോടിന് കുറുകെയാണ് പാലം സ്ഥിതിചെയ്യുന്നത്. മണ്ഡലകാലത്ത് തീർഥാടകര്‍ പ്രധാനമായും ആശ്രയിക്കുന്ന പാത കൂടിയാണിത്. പാലത്തിലൂടെയുള്ള ഗതാഗതം നിരോധിക്കുന്നത് ഇത് ആദ്യമല്ല. 2017ല്‍ പാലത്തിന്റെ കരിങ്കല്‍ തൂണുകള്‍ തകര്‍ന്ന് ബലക്ഷയം ഉണ്ടായതോടെ പാലം പുനര്‍നിര്‍മിക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. ഇതെ തുടര്‍ന്ന് അന്നത്തെ പൊതുമരാമത്ത് മന്ത്രി ജി. സുധാകരന് പുതിയ പാലം നിര്‍മിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും ഇത് വരെ നിര്‍മാണത്തിലേക്ക് എത്തിയില്ല.
സെബാസ്റ്റ്യന്‍കുളത്തുങ്കല്‍ എംഎല്‍എ, പാറത്തോട് പഞ്ചായത്ത് പ്രസിഡന്റ് ജോണിക്കുട്ടി മഠത്തിനകം, വൈസ് പ്രസിഡന്റ് സിന്ധു മോഹന്‍, പൊതുമരാമത്ത് ബ്രിഡ്ജസ് വിഭാഗം എക്സിക്യൂട്ടീവ് എൻജിനിയര്‍ സിസിലി ജോസഫ്, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയര്‍ ഏലിയാമ്മ ജോസഫ് എന്നിവരാണ് സന്ദര്‍ശനം നടത്തിയത്.