ഇരട്ട സഹോദരങ്ങളായ ആന്റോയും അജോയും ഒരേദിവസം തിരുപ്പട്ടം സ്വീകരിച്ച് പുരോഹിതരായി .. അഭിമാന നിമിഷത്തിൽ കാഞ്ഞിരപ്പള്ളി രൂപത ..
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപതയ്ക്ക് അഭിമാന നിമിഷം .. . ജനനം മുതൽ ഒരുമിച്ചായിരുന്ന ഇരട്ട ഡീക്കന്മാരായ ആന്റോയും അജോയും പൗരോഹിത്യപദവിയിലേക്ക് ഉയർത്തപ്പെട്ട ഇന്നത്തെ ദിവസം അവരുടെ ജന്മനാടായ മുണ്ടക്കയം വണ്ടൻപതാൽ ഗ്രാമത്തിനും സന്തോഷ ദിവസമായിരുന്നു. വണ്ടൻപതാൽ പേഴുംകാട്ടിൽ ആൻഡ്രൂസ് – സെലീന ദമ്പതികളുടെ അഞ്ച് മക്കളിൽ ഇരട്ടകളാണ് ആന്റോയും അജോയും. വണ്ടൻപതാൽ സെന്റ് പോൾ ദേവാലയത്തിൽ ബുധനാഴ്ച രാവിലെ 9.15ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കലിന്റെ കൈവയ്പ്പ് ശുശ്രൂഷ വഴി പട്ടം സ്വീകരിച്ചു.
മുണ്ടക്കയം സെന്റ് ആന്റണീസ് സ്കൂളിൽ പത്താം ക്ലാസ് പഠനം പൂർത്തിയാക്കിയ ഇരുവരും തുടർന്ന് പൊടിമറ്റം മേരിമാതാ സെമിനാരിയിൽ ഏഴ് വർഷം ഒരുമിച്ചായിരുന്നു. പെരുവന്താനം സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ, പ്ലസ് ടു, കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജിൽ ബി കോം പഠനവും പൂർത്തിയാക്കി. തുടർന്ന് ആന്റോ വടവാതൂർ സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരിയിൽ തത്വശാസ്ത്രവും ദൈവശാസ്ത്രവും അജോ ആലുവ സെന്റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരിയിൽ തത്വശാസ്ത്രവും പൂന പേപ്പൽ സെമിനാരിയിൽ ദൈവശാസ്ത്രവും പൂർത്തിയാക്കി. സഹോദരങ്ങൾ: അനു (പാലാ), ആൽബിൻ (എംസിഎ വിദ്യാർഥി അമൽജ്യോതി കോളജ്, കാഞ്ഞിരപ്പള്ളി), അതുല്യാ (സുവോളജി വിദ്യാർഥി അൽഫോൻസാ കോളജ്, പാലാ).