KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

വെള്ളാവൂർ ബാങ്കിൽ ചരിത്രത്തിലാദ്യമായി യു.ഡി.എഫിന് ഭരണനഷ്ടം കോൺഗ്രസ് വിമതരും കേരള കോൺഗ്രസിലെ നാലുപേരും ഒന്നിച്ചു 

മണിമല: വെള്ളാവൂർ സെൻട്രൽ സർവീസ് സഹകരണ ബാങ്ക് ഭരണം യു.ഡി.എഫിന്‌ നഷ്ടമായി. ഭരണസമിതിക്കെതിരേ എൽ.ഡി.എഫ്. നൽകിയ അവിശ്വാസപ്രമേയം പാസായതോടെ പ്രസിഡന്റായിരുന്ന കോൺഗ്രസിലെ കെ.എസ്.വിജയൻപിള്ള പുറത്തായി. രണ്ട് കോൺഗ്രസ് അംഗങ്ങൾ മറുകണ്ടം ചാടി കേരള കോൺഗ്രസിലെ നാലംഗങ്ങളുമായി ചേർന്നാണ് അവിശ്വാസം പാസാക്കിയത്.

പതിനൊന്നംഗ ഭരണസമിതിയിൽ കോൺഗ്രസ്-ആറ്, കേരള കോൺഗ്രസ്-അഞ്ച് എന്നിങ്ങനെയായിരുന്നു കക്ഷിനില. കേരള കോൺഗ്രസ് (എം) എൽ.ഡി.എഫിൽ ചേർന്നെങ്കിലും അവരുടെ അംഗമായിരുന്ന മാത്തുക്കുട്ടി ജോസഫ് യു.ഡി.എഫിനൊപ്പം നിന്നു. 

ബാക്കിയുള്ള നാല് കേരള കോൺഗ്രസ് (എം) അംഗങ്ങളും കോൺഗ്രസ് അംഗങ്ങളായിരുന്ന പി.എം.ഷിബുലാലും സി. എൻ.ഗോപിക്കുട്ടനും ഉൾപ്പെടെ ആറ് പേരാണ് അവിശ്വാസത്തിന് നോട്ടീസ് നൽകിയിരുന്നത്. വെള്ളിയാഴ്ച നടന്ന അവിശ്വാസപ്രമേയചർച്ചയിൽനിന്ന്‌ പ്രസിഡന്റ് കെ. എസ്.വിജയൻപിള്ള, വിനീത ഹരിലാൽ, ജെയിംസ് അരിക്കുഴി, പി.ജി.രവീന്ദ്രൻ, മാത്തുക്കുട്ടി ജോസഫ് എന്നിവർ വിട്ടുനിന്നു. തുടർന്ന് അസി. രജിസ്ട്രാർ ജിബു ജോസഫിന്റെ അധ്യക്ഷതയിൽ നടന്ന ചർച്ചയിൽ ആറ് അംഗങ്ങൾ അവിശ്വാസത്തെ പിന്തുണച്ചു. ബാങ്ക് പ്രവർത്തനമാരംഭിച്ചതുമുതൽ ഭരണം നടത്തിയിരുന്ന യു.ഡി.എഫിന് ഇതാദ്യമായാണ് ഭരണം നഷ്ടമാകുന്നത്.

error: Content is protected !!