സ്‌കൂൾ തുറന്നിട്ടും പാഠപുസ്തകം കിട്ടാതെ വിദ്യാർത്ഥികൾ
കാഞ്ഞിരപ്പള്ളി: ജില്ലയിൽ പുസ്തക വിതരണം 90 ശതമാനം പൂർത്തിയായെന്ന് വിദ്യാഭ്യാസ വകുപ്പ് അവകാശപ്പെടുമ്പോഴും പുസ്തകം ലഭിക്കാതെ സ്‌കൂളുകൾ. ഒന്നു മുതൽ എട്ട് വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്കുള്ള പുസ്തകങ്ങൾ എത്തിയെങ്കിലും ഒൻപത്, പത്ത് ക്ലാസുകളിലെ പുസ്തകങ്ങളാണ് എത്താനുള്ളത്.
പല സ്‌കൂളുകളിലും മലയാളം, ഹിന്ദി, ഇംഗ്ലീഷ് എന്നീ വിഷയങ്ങളുടെ പുസ്തകങ്ങൾ മാത്രമാണ് എത്തിയത്. പല സ്‌കൂളുകളിൽ മുൻവർഷത്തെ വിദ്യാർഥികളിൽനിന്ന് പുസ്തകം ശേഖരിച്ച് വിദ്യാർഥികൾക്ക് നൽകുന്നുണ്ട്. കഴിഞ്ഞ വർഷങ്ങളിൽ സ്‌കൂൾ തുറക്കുന്നതിന് മുൻപ് തന്നെ പുസ്തക വിതരണം പൂർത്തിയാക്കുമായിരുന്നു. എന്നാൽ സ്‌കൂൾ തുറന്നിട്ടും ആവശ്യത്തിന് പുസ്തകങ്ങൾ സ്‌കൂളുകളിൽ എത്താത്തതിൽ ആശങ്കയിലാണ് അധ്യാപകരും രക്ഷിതാക്കളും.
ജില്ലയിൽ 917 സ്‌കൂളുകൾക്ക് 11,51,224 പുസ്തകങ്ങളാണ് ആവശ്യമായുള്ളത്. സർക്കാർ, എയ്ഡഡ് സ്‌കൂളുകളിൽ വിദ്യാഭ്യാസവകുപ്പ് നേരിട്ടാണ് പുസ്തകങ്ങൾ എത്തിക്കുന്നത്. അൺഎയ്ഡഡ് സ്‌കൂളുകൾ നേരിട്ടെത്തിയുമാണ് പുസ്തകങ്ങൾ വാങ്ങേണ്ടത്.
ആവശ്യമായ പുസ്തകങ്ങൾ സ്‌കൂളുകളിൽ എത്തിക്കുന്നതിനുള്ള നടപടി സ്വീകരിച്ചതായി വിദ്യാഭ്യാസ വകുപ്പ് അധികൃതർ പറഞ്ഞു.
ചില സ്‌കൂളുകളിൽ മാത്രമാണ് പുസ്തകം എത്താനുള്ളത്. പ്രശ്‌നം രണ്ട് ദിവസത്തിനുള്ളിൽ പരിഹരിക്കും. ചില സ്‌കൂളുകളിൽ കൂടുതൽ പുസ്തകങ്ങൾ ലഭിച്ചിട്ടുണ്ട്. ഇത് മറ്റ് സ്‌കൂളുകളിലേക്ക് എത്തിച്ച് പുസ്തകക്ഷാമത്തിന് പരിഹാരം കാണും. രണ്ടാഴ്ചയ്ക്കുള്ളിൽ പുസ്തക വിതരണം പൂർത്തിയാക്കുമെന്ന് വിദ്യാഭ്യാസവകുപ്പ് അധികൃതർ അറിയിച്ചു.
