ഇളങ്ങുളം എസ്.എൻ.ഡി.പി.കവലയിലെ കാത്തിരിപ്പുകേന്ദ്രം അപകടാവസ്ഥയിൽ.
ഇളങ്ങുളം: പൊൻകുന്നം-പാലാ റോഡിലെ ഇളങ്ങുളം എസ്.എൻ.ഡി.പി.കവലയിലെ കാത്തിരിപ്പുകേന്ദ്രം മുകളിൽ ചാഞ്ഞുനിൽക്കുന്ന മരങ്ങൾ മൂലം അപകടഭീതിയിൽ.
മൂന്നുവർഷം മുൻപ് മരം വീണ് തകർന്ന കാത്തിരിപ്പുകേന്ദ്രം ഏതാനും മാസം മുൻപാണ് എസ്.എൻ.ഡി.പി.യോഗം 44-ാം നമ്പർ ഇളങ്ങുളം ശാഖ പുനർനിർമിച്ചത്. വർഷങ്ങളായി കാത്തിരിപ്പുകേന്ദ്രത്തിനായി ജനപ്രതിനിധികളോടും പൊതുമരാമത്ത് വകുപ്പിനോടും അപേക്ഷിച്ചിട്ടും പുനർനിർമിച്ചില്ല.
മഴക്കാലത്ത് ഇവിടെ യാത്രക്കാർക്ക് കയറി നിൽക്കാൻ കടത്തിണ്ണപോലുമില്ല. ഈ ദുരിതം കണ്ടുമടുത്തതിനാലാണ് തറ മാത്രമുണ്ടായിരുന്ന സ്ഥലത്ത് യോഗം പ്രവർത്തകർ മുന്നിട്ടിറങ്ങി നാൽപ്പതിനായിരം രൂപയോളം ചെലവഴിച്ച് കാത്തിരിപ്പുകേന്ദ്രം പുനർനിർമിച്ചത്.
കാത്തിരിപ്പുകേന്ദ്രം പുനർനിർമിച്ച് ഏതാനും ദിവസങ്ങൾക്കകം മറ്റൊരിടത്തെ ട്രാൻസ്ഫോർമർ ഇതിനടുത്തേക്ക് മാറ്റി സ്ഥാപിച്ചു. അതിനാൽ ഇനിയൊരു മരം വീണാൽ കൂടുതൽ അപകടമുണ്ടാകുമെന്ന ഭയപ്പാടിലാണ് പ്രദേശവാസികൾ. സമീപത്തെ ട്യൂഷൻ സെന്ററിലേക്ക് അവധിദിവസങ്ങളിൽ എത്തുന്ന നിരവധി കുട്ടികൾ ബസ് കാത്തുനിൽക്കുമ്പോൾ മഴ നനയാതിരിക്കാൻ ആശ്രയിക്കുന്നത് ഈ കാത്തിരിപ്പുകേന്ദ്രത്തെയാണ്.
മഴയും കാറ്റുമുള്ളപ്പോൾ ഇതിന് പിന്നിലെ പറമ്പിലെ മരങ്ങൾ ഉലഞ്ഞ് മുകളിലേക്ക് എത്തുന്നുണ്ട്. വർഷങ്ങളായി ആൾത്താമസമില്ലാത്ത പറമ്പിൽ റോഡരികിൽ വലിയ പാഴ് മരങ്ങളാണ് നിൽക്കുന്നത്. പറമ്പ് മുഴുവൻ കാടുപിടിച്ച അവസ്ഥയിലുമാണ്. തർക്കത്തിൽപ്പെട്ട സ്ഥലമായതിനാൽ ഇക്കാര്യം ശ്രദ്ധിക്കാനാരുമില്ല. അതിനാൽ ഹൈക്കോടതി ഉത്തരവ് പാലിച്ച് പഞ്ചായത്ത് മുൻകൈയെടുത്ത് കാത്തിരിപ്പുകേന്ദ്രത്തിന് മുകളിലേക്കുള്ള മരങ്ങൾ മുറിച്ചുനീക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പറമ്പിന്റെ ഒരരികിലൂടെ നിരവധി ആൾക്കാർ ഉപയോഗിക്കുന്ന പഞ്ചായത്ത് റോഡാണ്. കാടുമൂടിയ പറമ്പിൽ പാമ്പിന്റെ ശല്യമേറിയെന്നും രാത്രി റോഡിലൂടെ നടക്കാൻ ഭയമാണെന്നും പ്രദേശത്ത് താമസിക്കുന്നവർ പരാതിപ്പെട്ടു.

