ഉരുളികുന്നത്ത് പനിബാധിതരേറി.
ഉരുളികുന്നം: എലിക്കുളം പഞ്ചായത്തിലെ ഒന്ന്, രണ്ട് വാർഡുകൾ ഉൾപ്പെടുന്ന ഉരുളികുന്നം മേഖലയിൽ പനിബാധിതരുടെ എണ്ണമേറി. എല്ലാവീട്ടിലും പനിബാധിതരുണ്ട്. അടുത്തിടെ ആറുപേർക്ക് മഞ്ഞപ്പിത്തബാധ കണ്ടെത്തിയിരുന്നു.
ഇതേ തുടർന്ന് പൈക സാമൂഹികാരോഗ്യകേന്ദ്രത്തിന്റെ നേതൃത്വത്തിൽ ബോധവത്ക്കരണവും പ്രതിരോധപ്രവർത്തനങ്ങളും ഊർജിതമാക്കിയതിനാൽ കൂടുതൽ പേർക്ക് മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്തിട്ടില്ല. മഞ്ഞപ്പിത്ത നിയന്ത്രണത്തിന് കുടിവെള്ള ക്ലോറിനേഷൻ ഉൾപ്പെടെയുള്ള മുന്നൊരുക്കങ്ങൾ ആരോഗ്യപ്രവർത്തകർ ചെയ്തിരുന്നു.
എന്നാൽ ദിവസവും പനി ബാധിതരുടെ എണ്ണം കൂടുകയാണ്. തലവേദന, ചുമ, ശ്വാസംമുട്ടൽ, ഛർദി ഇങ്ങനെ വിവിധ ബുദ്ധിമുട്ടുകൾ കുട്ടികളുൾപ്പെടെയുള്ള പനിബാധിതർ അനുഭവിക്കുന്നുണ്ട്.
പനി, മഞ്ഞപ്പിത്തം തുടങ്ങി പകർച്ചവ്യാധികൾ ഗുരുതരമാകാനിടയുള്ളതിനാൽ സ്വയം ചികിത്സ അരുതെന്ന് ആരോഗ്യപ്രവർത്തകർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പൈക സാമൂഹികാരോഗ്യകേന്ദ്രത്തിലാണ് ഏറെ പേരും ചികിത്സ തേടുന്നത്. പനി കൂടിയതോടെ 300 പേർ വരെ പ്രതിദിനം ചികിത്സ തേടിയെത്തുന്നുണ്ട്.
