കാഞ്ഞിരപ്പള്ളി – മണിമല കുളത്തൂര്‍മൂഴി കര്‍ഷക സൗഹൃദ ലിങ്ക് റോഡ് റോഡ് നിർമ്മാണം വൈകുന്നതിൽ ജനകീയ പ്രതിഷേധം ശക്തമായി.
ചിറക്കടവ് : കാഞ്ഞിരപ്പള്ളി – മണിമല കുളത്തൂര്‍മൂഴി കര്‍ഷക സൗഹൃദ ലിങ്ക് റോഡ് നിർമ്മാണം തെരഞ്ഞെടുപ്പിന് മുമ്പ് ധൃതഗതിയിൽ ടാറിങ് പൊളിച്ച് , കലുങ്കുകളും പൊളിച്ചിട്ട് ജനങ്ങൾക്ക് സഞ്ചരിക്കാൻ ആവാത്ത അവസ്ഥയിൽ ആക്കിയതിനു ശേഷം നിർമ്മാണ പ്രവൃർത്തികൾ മന്ദഗതിയിലായ അവസ്ഥയിലാണ്. റോഡ് പൊളിച്ചിട്ട് ആറുമാസം ആയിട്ടും , നിർമ്മാണ പ്രവർത്തനങ്ങൾ മന്ദഗതിയിലായതിൽ, ശക്തമായ പ്രതിഷേധവുമായി ഇന്ത്യൻ നാഷണൽ കോൺഗ്രസ് ചിറക്കടവ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് സേവ്യർ മൂലകുന്നിന്റെ നേതൃത്വത്തിൽ നാട്ടുകാർ സംഘടിച്ച് പ്രതിഷേധ സമരം നടത്തി.
മണ്ണനാനിയിലെ പാലം പൊളിച്ചതിനെ തുടർന്ന് ഇതുവഴി വാഹന ഗതാഗതം പൂർണമായും നിലച്ചു. വാളക്കയം കാരയ്ക്ക്കാമറ്റം മേഖലകളിലുള്ള ആയിരക്കണക്കിന് ജനങ്ങൾ യാത്ര ചെയ്യാനാവാതെ ഏറെ ദുരിതത്തിലാണ് . മണ്ണനാനിയിലെ പാലം വേനൽക്കാലത്ത് പൊളിച്ചു പണിയേണ്ടതിന് പകരം മഴയായപ്പോഴേക്കും പൊളിച്ചിട്ടു. ഇത് മൂലം നിർമ്മണം നിലച്ച അവസ്ഥയിലാണ്. ഇതുവഴി ഉണ്ടായിരുന്ന ബസ്സുകൾ നിലച്ചതോടെ സാധാരണക്കാരും പാവങ്ങളും ആയ യാത്രക്കാർ ഏറെ വിഷമിക്കുകയാണ്. നടന്നുപോലും പോകാൻ ആവാത്ത അവസ്ഥയിലാണ്.
കാഞ്ഞിരപ്പള്ളി മണിമല കുളത്തൂര്‍മൂഴി കര്‍ഷക സൗഹൃദ ലിങ്ക് റോഡിന് 85.81 കോടി രൂപയുടെ ടെണ്ടർ ബെഗോറ കമ്പനിയാണ് എടുത്തിരിക്കുന്നത്.കാഞ്ഞിരപ്പള്ളി മുതല്‍ മണ്ണനാനി വരെയുള്ള 6.8 കിലോമീറ്റര്‍ ഭാഗം യാത്ര ചെയ്യാൻ ആവാത്ത അവസ്ഥയിൽ തകർന്നുകിടക്കുകയാണ്. മണിമല മുതല്‍ കുളത്തൂര്‍മൂഴി വരെയുള്ള 11.5 കിലോമീറ്റര്‍ ഭാഗവും ചേര്‍ന്നുള്ള 18.362 കിലോമീറ്ററാണ് നവീകരണം നടക്കേണ്ടത്. പ്രസ്തുത ഭാഗത്തിന് മധ്യത്തിലായി വരുന്ന മണ്ണനാനി മുതല്‍ മണിമല വരെയുള്ള ഭാഗം പുനലൂര്‍ മൂവാറ്റുപുഴ റോഡിന്റെ ഭാഗമായി നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു. നിലവിലെ റോഡിന്റെ വീതി 8 മീറ്റര്‍ എന്നത് 10 മീറ്റര്‍ വീതിയാക്കി വര്‍ദ്ധിപ്പിച്ചാണ് നിർമ്മിക്കുന്നത്.
