KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കടൽ മീനുകൾക്ക് താൽകാലിക വിട, നാടൻ മീനുകൾക്ക് സ്വാഗതം.

കാഞ്ഞിരപ്പള്ളി :മത്തിയും അയലയും തൽക്കാലം ചട്ടിയിൽനിന്ന് ഔട്ട്. അവിടെ പുല്ലനും മഞ്ഞക്കൂരിയും കളം പിടിക്കുന്നു.
. നാടൻ മുകളുപൊടിയിട്ട് ഉപ്പും പുളിയും ചേർത്ത വാളക്കറിയൊക്കെയാണ് ഇപ്പോൾ തീൻമേശയിലെ താരം. ഒരു സമയത്ത് മാറ്റിനിർത്തപ്പെട്ട നാടൻ മീനുകൾക്ക് മാർക്കറ്റിൽ വൻ ഡിമാൻഡാണ്. ട്രോളിങ് ആയതോടെ കടൽമീനുകളുടെ വരവ് കുറഞ്ഞതും വരുന്ന മീനുകൾ വലിയ വിലയുമായതിനാൽ നാടൻ മീനുകളാണ് കൂടുതലും ആളുകൾ വാങ്ങുന്നത്. മഴക്കാലം തുടങ്ങുമ്പോഴുള്ള ആറ്റുതീരവും പാതയോരങ്ങളിലും നാടൻമീനുകളുടെ ചാകരയാണ്. കോരിച്ചൊരിയുന്ന മഴയത്തും കുടയും ചൂടി, ടോർച്ച് വെളിച്ചത്തിൽ മീൻപിടിക്കാൻ തോടുകൾക്ക് ഇരുവശവും ആളുകൾ ധാരാളമാണ്. മഴക്കാല ആരംഭത്തിൽ പുഴകളിൽനിന്നും ചെറുതോടുകളിൽനിന്നും നാടൻ മീനുകൾ ധാരാളം ലഭിച്ചുതുടങ്ങി. നാടൻ മീനുകൾക്ക് ആവശ്യക്കാരേറെയുമാണ്. കല്ലട, വരാൽ, കാരി, മഞ്ഞക്കൂരി, പുല്ലൻ, കൊഴുവ, മുരശ്, കുറുവ, വയമ്പ്, വാള, കണമ്പ്, കണ്ണി, പരൽ, പ്രാഞ്ഞിൽ, ആരാൻ തുടങ്ങിയ മീനുകളാണ് വ്യാപകമായി വിൽക്കുന്നത്. നാടൻ മീനുകളുടെ ശരാശരി വില കിലോഗ്രാമിന് കല്ലട- 180, മഞ്ഞട്ടൂരി 300, വരാൽ 350, കാരി- 300, പുല്ലൻ 80, കൊഴുവ- 180, കുറുവ- 160, വയമ്പ് -100, വാള-വലുത് 350, പരൽ – 150 എന്നിങ്ങനെയാണ്. എന്നാൽ മത്തിക്ക് 320 രൂപയാണ്. ചെറുകിട വ്യാപാരത്തിൽ 400 രൂപയാകും. അയലയ്ക്ക് 450 രൂപയും കിളിമീനിന് 450 രൂപയാണ്. കടൽ മീനുകളുടെ വില കൂടുതലായതിനാൽ ഫിഷ് ഹബ്ബുകളിലും നാടൻ മീനുകളാണ് കൂടുതൽ.

error: Content is protected !!