ശബരി റെയിൽപാത: സ്ഥലം ഏറ്റെടുക്കൽ നടപടികളിൽ മെല്ലെപ്പോക്ക്.
എരുമേലി : റെയിൽവേ ഭൂപടത്തിൽ ഇടം പിടിക്കാത്ത കോട്ടയം ജില്ലയുടെ മലയോര മേഖലയുടെ റെയിൽ സ്വപ്നങ്ങൾ വീണ്ടും ഇഴയുന്നു. മൂന്നു പതിറ്റാണ്ടിനു ശേഷം പുതുജീവൻ ലഭിച്ച അങ്കമാലി-ശബരി റെയിൽപാതയുടെ തുടർ നടപടികൾ ഇഴയുന്നതാണ് മലയോര മേഖലയ്ക്ക് തിരിച്ചടിയായത്. പദ്ധതി നടത്തിപ്പിന്റെ പാതി തുകയായ 1900 കോടി അനുവദിക്കാൻ സംസ്ഥാന സർക്കാർ തയാറായതോടെയാണ് കഴിഞ്ഞ സർക്കാരിന്റെ അവസാന കാലത്ത് പദ്ധതി പുനരാരംഭിച്ചത്.
പിന്നീട് സ്ഥലമേറ്റെടുക്കൽ നടപടികളടക്കം വേഗത്തിലാക്കുമെന്ന പ്രഖ്യാപനവുമുണ്ടായി. എന്നാൽ സ്ഥലം ഏറ്റെടുക്കുന്നതിനായുള്ള പ്രാഥമിക വിജ്ഞാപനം കഴിഞ്ഞ മാർച്ച് 14ന് സംസ്ഥാന റവന്യു വകുപ്പ് പുറപ്പെടുവിച്ചിരുന്നു. ഇതിനു ശേഷം മൂന്നു മാസം പിന്നിടുമ്പോഴും സ്ഥലം ഏറ്റെടുക്കുന്നതിനുള്ള പൊന്നുംവില ഓഫീസുകൾ ആരംഭിക്കാത്തതാണ്
ഇപ്പോൾ വിവാദമായിരിക്കുന്നത്. ഇതു പദ്ധതിയെ പിന്നോട്ടടിക്കുമെന്നാണ് റെയിൽവേ ആക്ഷൻ കൗൺസിൽ ഭാരവാഹികൾ പറയുന്നത്.
കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലെ കാർഷിക -വ്യവസായ – വാണിജ്യ- ടൂറിസം മേഖലയുടെ വികസനത്തിനും ശബരിമല തീർഥാടകരുടെ യാത്രാ സൗകര്യത്തിനും ഏറെ ഗുണകരമായ ശബരി റെയിൽപാതയുടെ നിർമാണത്തിന് കഴിഞ്ഞ ബജറ്റിൽ ഫണ്ട് വകയിരുത്താത്തതും പദ്ധതി നിർമാണം സംബന്ധിച്ച് പരാമർശം നടത്താത്തതും പദ്ധതി വീണ്ടും ഇഴുയന്നതിന്റെ സൂചനയാണെന്നാണ് ആക്ഷൻ കൗൺസിൽ കുറ്റപ്പെടുത്തുന്നത്.
ശബരി റെയിൽ പാത നിർമിക്കാൻ സ്ഥലം ഏറ്റെടുക്കാൻ കല്ലിട്ട് തിരിച്ചിട്ട് 25 വർഷം കഴിഞ്ഞു. കല്ലിട്ട് തിരിച്ച സ്ഥലങ്ങൾ വിൽക്കാനോ ഈടുവച്ചു വായ്പ എടുക്കാനോ ഉടമകൾക്ക് കഴിയുന്നില്ല. അങ്കമാലി മുതൽ കാലടി വരെയുള്ള പാതയുടെയും കാലടി റെയിൽവേ സ്റ്റേഷന്റെയും പെരിയാറിന് കുറുകെയുള്ള പാലത്തിൻ്റെയും നിർമാണം മാത്രമാണ് പൂർത്തീകരിച്ചിട്ടുള്ളത്.
ആക്‌ഷൻ കൗൺസിലുകളുടെ ഫെഡറേഷൻ നിരന്തരമായി നടത്തിയ പ്രവർത്തനങ്ങളുടെയും സമരങ്ങളുടെയും ഫലമായിട്ടാണ് പദ്ധതി ചെലവിന്റെ പകുതി തുക വഹിക്കാൻ സംസ്ഥാന സർക്കാർ സന്നദ്ധമായത്. കിഫ്ബിയിൽ നിന്ന് 1900 കോടി രൂപ അനുവദിക്കുകയും സ്ഥലമെടുപ്പ് വിജ്ഞാപനം പു റപ്പെടുവിക്കുകയും ചെയ്തിരുന്നു.
പെരുമ്പാവൂർ, മൂവാറ്റുപുഴ, പാലാ എന്നിവിടങ്ങളിൽ പുതിയ സ്ഥലം എടുപ്പ് ഓഫീസുകൾ ആരംഭിക്കുന്നതിനുള്ള നടപടികൾ നിയമസഭാ തെരഞ്ഞെടുപ്പ് വിജ്ഞാപനത്തെ തുടർന്ന് സ്തംഭനത്തിലായിരുന്നു. പെരുമാറ്റച്ചട്ടം മാറ്റി പുതിയ സർക്കാർ വന്നതിന് ശേഷവും മാറ്റം വന്നിട്ടില്ല. പുതുക്കിയ സംസ്ഥാന ബജറ്റിൽ ശബരി റെയിൽവേക്കായി ഫണ്ട് അനുവദിക്കാത്തതും പദ്ധതി സംബന്ധിച്ച് പരാമർശം നടത്താത്തതും പദ്ധതിക്കായി കല്ലിട്ട് തിരിച്ച സ്ഥലങ്ങളുടെ ഉടമകളിലും പദ്ധതി നിർമാണത്തിനായി കാത്തിരിക്കുന്ന പൊതുജനങ്ങളിലും നിരാശയ്ക്കും പ്രതിഷേധത്തിനും കാരണമായിട്ടുണ്ട്.
ശബരി റെയിൽപാതയ്ക്ക് ഭൂമി ഏറ്റെടുക്കാൻ മാർച്ച് 14ന് സംസ്ഥാന സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. പദ്ധതി നിർമാണത്തിന് സ്ഥലമേറ്റെടുക്കാൻ സ്ഥലമെടുപ്പ് സ്പെഷൽ തഹസിൽദാർ ഓഫീസുകൾ ആരംഭിക്കാനും ഉദ്യോഗസ്ഥരെ നിയമിക്കാനുമായി 2025 ഒക്ടോ ബർ 30ന് ആരംഭിച്ച ഫയൽ പ്രോസസിംഗ് ഇപ്പോൾ നിലച്ചിരിക്കുകയാണ്.
സർക്കാർ നയം വ്യക്തമല്ലാത്തതിനാൽ സ്ഥലം ഏറ്റെടുപ്പ് ഓഫീസുകൾ ആരംഭിക്കാനുള്ള ഫയൽ നീക്കം നിർത്തിവച്ചിരിക്കുകയാണെന്നാണ് റവന്യു വകുപ്പ് അധികൃതർ പറയുന്നത്. സ്ഥലം ഏറ്റെടുപ്പ് ഓഫീസുകൾ ഉടൻ ആരംഭിക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ആക്‌ഷൻ കൗൺസിൽ മുഖ്യമന്ത്രി, റവന്യു മന്ത്രി, എംഎൽഎമാർ എന്നിവർക്കു നിവേദനം നൽകി.
