കാഞ്ഞിരപ്പള്ളി മിനി സിവിൽ സ്റ്റേഷൻ പരിസരം വൃത്തിഹീനം.
കാഞ്ഞിരപ്പള്ളി താലൂക്കിൻ്റെ ഭരണസിരാകേന്ദ്രമായ മിനി സിവിൽ സ്റ്റേഷനിൽ മാലിന്യം അലക്ഷ്യമായി കൂട്ടിയിട്ടിരിക്കുന്നു. ഫ്ലെക്സ് ബോർഡുകളും ഇലക്ട്രോണിക് മാലിന്യവുമാണ് പലയിടങ്ങളിലായി കൂട്ടിയിട്ടിരിക്കുന്നത്.
കാഞ്ഞിരപ്പള്ളി താലൂക്കിലെ വിവിധ സർക്കാർ ഓഫീസുകൾ പ്രവർത്തിക്കുന്നയിടത്താണ് വിവിധ സർവീസ് സംഘടനകളുടെ ഫ്ലെക്സ് ബോർഡുകളടക്കം തള്ളിയിരിക്കുന്നത്. പോലീസ് സ്റ്റേഷന് പിൻഭാഗത്തെ വാതിലിലൂടെ മിനി സിവിൽ സ്റ്റേഷനിലേക്ക് പ്രവേശിക്കുന്നയിടത്താണ് ഫ്ലെക്‌സ് ബോർഡുകളും മാലിന്യവും ഇട്ടിരിക്കുന്നത്. വില്ലേജ് ഓഫീസടക്കമുള്ളവ പ്രവർത്തിക്കുന്നതിനോട് ചേർന്നാണ് ഇത്. വർഷങ്ങൾക്ക് മുൻപ് തുടങ്ങിയ റെയിൽ വേ റിസർവേഷൻ ടിക്കറ്റ് സെൻ്റർ പ്രവർത്തിച്ചുകൊണ്ടിരുന്ന സ്ഥലത്ത് മാലിന്യം കൂട്ടിയിട്ടിട്ടുണ്ട്. മാലിന്യം തള്ളുന്നവർക്കെതിരേ നടപടിയെടുക്കേണ്ട ഉദ്യോഗസ്ഥർ ഇരിക്കുന്ന സ്ഥലത്തുതന്നെയാണ് മാലിന്യം കിടക്കുന്നത്.
പൊൻകുന്നം മിനി സിവിൽ സ്റ്റേഷന്റെ പരിസരമാകെ ചെളിവെള്ളം കെട്ടിക്കിടക്കുന്നു. മുറ്റത്ത് പാകിയിരുന്ന ഇൻ്റർലോക്ക് കട്ടകൾ ഇളകിയതാണ് വെള്ളം കെട്ടി നിൽക്കുന്നതിന് കാരണം. സബ് ട്രഷറി, എക്സൈസ്, മോട്ടോർ വാഹനവകുപ്പ്, രജിസ്ട്രേഷൻ ഓഫീസ് തുടങ്ങിയ ഓഫീസുകൾ പ്രവർത്തിക്കുന്ന മിനി സിവിൽ സ്റ്റേഷനിൽ ദിവസേന നൂറ് കണക്കിന് ആളുകൾ വിവിധ ആവശ്യങ്ങൾക്കായി എത്തുന്നുണ്ട്. ചെളിവെള്ളം കെട്ടിക്കിടക്കുന്ന തിനാൽ ആളുകൾക്ക് നടന്നുപോകാൻപോലും കഴിയില്ല. ജീവനക്കാരും സർക്കാർ ഓഫീസുകളിൽ എത്തുന്നവരും ജീവനക്കാരും ചെളിവെള്ളത്തിൽ ചവിട്ടി വേണം സിവിൽ സ്റ്റേഷനിലേക്ക് കയറാൻ. ടൈലിൽ ചവിട്ടുമ്പോൾതന്നെ വെള്ളം വസ്ത്രങ്ങളിൽ തെറിക്കും. വാഹനങ്ങൾ പോകുമ്പോൾ പരിസരത്ത് നിൽക്കുന്നവരുടെ ദേഹത്ത് മുഴുവൻ വെള്ളം തെറിക്കും എന്നതാണ് അവസ്ഥ.
