വഴിയിൽ കാട്ടാനകളെ കണ്ട് ഓടി രക്ഷപെടുവാൻ ശ്രമിക്കവേ തൊഴിലാളി വനിതയ്ക്ക് പരുക്കേറ്റു; സംഭവം നടന്നത് മുണ്ടക്കയം മതമ്പയിൽ.
മുണ്ടക്കയം ഈസ്റ്റ് : പെരുവന്താനം പഞ്ചായത്തിലെ ചെന്നാപ്പാറ – മതമ്പ റോഡിലായിരുന്നു രാവിലെ 11 മണിയോടെ സംഭവം നടന്നത്. എസ്‌റ്റേറ്റിൽ ചെന്നാപ്പാറ ബി ഡിവിഷനിലെ ജോലി കഴിഞ്ഞ് ആറ് കിലോമീറ്റർ അകലെയുള്ള മതമ്പയിലെ വീട്ടിലേക്ക് നടന്നു പോകുന്നതിനിടെയാണ് ടിആർ ആൻഡ്‌ടി എസ്‌റ്റേറ്റിലെ തൊഴിലാളികളായ മഠത്തികുറ്റിയിൽ അനിയന്റെയും ഭാര്യ രാജിയുടെയും നേരെ
കാട്ടാനക്കൂട്ടം നേരെ പാഞ്ഞടുത്തത്. മൂന്ന് ആനകൾ ഉണ്ടായിരുന്നതായി ഇവർ പറയുന്നു. രക്ഷപ്പെടാനായി ഓടുന്നതിനിടെ രാജിക്ക് റോഡിൽ വീണു പരുക്കേറ്റു. ആനകൾ ദിശ മാറി പോയതിനാൽ വൻ ദുരന്തം ഒഴിവായി.
തുടർന്ന് എസ്‌റ്റേറ്റ് അധികൃതരും വനം വകുപ്പിന്റെ റാപ്പിഡ് റെസ്പോൺസ് ടീമും സ്ഥലത്തെത്തി ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കു കയായിരുന്നു. രജിയുടെ ഇടതു കയ്യിലും കാലിലും പൊട്ടലുണ്ട്.
2018 മുതൽ കാട്ടാന ശല്യം തുടരുന്ന എസ്‌റ്റേറ്റിൻ്റെ വനം അതിർത്തി പ്രദേശങ്ങളിൽ കഴിഞ്ഞ അഞ്ച് മാസമായി കാട്ടാനശല്യത്തിന് ശമനം ഉണ്ടായിരുന്നു. വിണ്ടും ആനകൾ എത്തിയതോടെ പ്രദേശവാസികൾ ഭീതിയിലായി. 2025 ഫെബ്രുവരി 10ന് ചെന്നാപ്പാറ കൊമ്പൻപാറയിൽ സോഫിയ എന്ന വീട്ടമ്മയും ജൂലൈ 29ന് തമ്പലക്കാട് കുറ്റിക്കാട്ട് പുരുഷോത്തമൻ മതമ്പയിലും കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ഇന്നലെ ആനക്കൂട്ടത്തെ കണ്ടത് കൊമ്പൻപാറ മലയുടെ താഴെയുള്ള റോഡിന് സമീപമാണ്. ഈ പ്രദേശത്ത് വനം അതിർത്തിയിൽ സോളർ വേലികൾ ഇല്ലാത്തതാണ് ആനകൾ ഇറങ്ങാൻ കാരണം.
